വിദൂര വിദ്യാഭ്യാസ പ്രശ്നം: കാലിക്കറ്റിൽ നാളെ സെമിനാർ
text_fieldsതേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയിലെ സോളിഡാരിറ്റി ഓഫ് യൂനിവേഴ്സിറ്റി എംപ്ലോയീസിന്റെ നേതൃത്വത്തിൽ ‘വിദൂര വിദ്യാഭ്യാസത്തിന്റെ അന്യവത്കരണം: മലബാറിലെ ഉന്നത വിദ്യാഭ്യാസമേഖല നേരിടുന്ന പ്രശ്നങ്ങളും പ്രതിവിധികളും’ വിഷയത്തിൽ ശനിയാഴ്ച സെമിനാർ നടത്തും. സർവകലാശാല സെമിനാർ കോംപ്ലക്സിൽ രാവിലെ 10.30ന് ടി.വി. ഇബ്രാഹിം എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഡോ. വി.പി. അബ്ദുൽ ഹമീദ്, ഡോ. പി. റഷീദ് അഹമ്മദ്, സേവ് ഡിസ്റ്റൻസ് എജുക്കേഷൻ ഫോറം ചെയർമാൻ എ. പ്രഭാകരൻ, വിദ്യാർഥി സംഘടന പ്രതിനിധികളായ ഇ. അഫ്സൽ, അലോഷ്യസ് സേവ്യർ, പി.കെ. നവാസ്, യദുകൃഷ്ണൻ, നഈം ഗഫൂർ, സെനറ്റ് അംഗം വി.എസ്. നിഖിൽ, കെ.എഫ്. മനോജ്, പി.വി. ഷാഹിന, പി.ടി. മുഹമ്മദ് ഷുഐബ്, ടി.എം. നിഷാന്ത് എന്നിവർ പങ്കെടുക്കും.
മലബാർ മേഖലയിൽ പ്രത്യേകിച്ച്, കൂടുതൽ വിദ്യാർഥികൾ ഉപരിപഠനത്തിന് ആശ്രയിക്കുന്ന കാലിക്കറ്റ് ഉൾപ്പെടെയുള്ള സർവകലാശാലകളിലെ വിദൂര വിദ്യാഭ്യാസ വിഭാഗത്തെ ഇല്ലാതാക്കാൻ ശ്രമിക്കുന്നത് സ്വകാര്യ സർവകലാശാലകളെ സഹായിക്കാനാണെന്ന് സംശയിക്കുന്നതായി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഓപൺ സർവകലാശാലയുടെ പേരിൽ മറ്റ് സംസ്ഥാനങ്ങളിലൊന്നും റെഗുലർ സർവകലാശാലകളിലെ വിദൂര വിദ്യാഭ്യാസ വിഭാഗങ്ങളിൽ കോഴ്സുകൾ നടത്തുന്നത് സർക്കാറുകൾ തടയുന്നില്ല. നിയമഭേദഗതി വരുത്തി താൽപര്യമുള്ള സർവകലാശാലകളിൽ ഇഷ്ടപ്പെട്ട വിഷയങ്ങളിൽ പഠിക്കാൻ വിദ്യാർഥികൾക്ക് സർക്കാർ അവസരമൊരുക്കണമെന്ന് ഭാരവാഹികൾ അഭ്യർഥിച്ചു.
വാർത്തസമ്മേളനത്തിൽ സോളിഡാരിറ്റി ഓഫ് യൂനിവേഴ്സിറ്റി എംപ്ലോയീസ് പ്രസിഡന്റ് ടി. മുഹമ്മദ് സാജിദ്, ജനറൽ സെക്രട്ടറി ടി.വി. സമീൽ, വൈസ് പ്രസിഡന്റ് ബഷീർ കൈനാടൻ, ജോയന്റ് സെക്രട്ടറി ആദം മാലിക്, മുഹമ്മദ് സലീം എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.