ജില്ല വികസന സമിതി യോഗം; മാധ്യമപ്രവർത്തകർക്ക് നിയന്ത്രണമേർപ്പെടുത്തി അധികൃതർ
text_fieldsമലപ്പുറം: ജില്ലയിലെ വികസന കാര്യങ്ങൾ ചർച്ച ചെയ്യുന്ന ജില്ല വികസന സമിതി യോഗത്തിൽനിന്ന് മാധ്യമ പ്രവർത്തകർക്ക് നിയന്ത്രണമേർപ്പെടുത്തി അധികൃതർ.
ശനിയാഴ്ച രാവിലെ 10.30ന് ജില്ല ആസൂത്രണ സമിതി കോണ്‍ഫറന്‍സ് ഹാളില്‍ ചേർന്ന യോഗത്തിൽ നിന്ന് പങ്കെടുക്കുന്നതിനാണ് അധികൃതർ വിലക്ക് ഏർപ്പെടുത്തിയത്. ജനപ്രതിനിധികളും ജില്ല തല ഉദ്യോഗസ്ഥരും ഉള്ള യോഗത്തിൽ പങ്കെടുക്കുന്നതിനാണ് നിയന്ത്രണം. പൊതുജനങ്ങൾ അറിയേണ്ട നിരവധി വികസന പ്രശ്നങ്ങളും യോഗ അജണ്ടകളും എം.എൽ.എമാർ അടക്കം ഉന്നയിക്കുന്ന ആവശ്യങ്ങളുമടക്കം ചർച്ച ചെയ്യുന്നതാണ് യോഗം.
ഇതിൽ ജില്ലയിൽ വിദ്യാർഥികൾക്ക് പ്ലസ് വണിന് സീറ്റ് ലഭിക്കാത്ത വിഷയം അടക്കം ചർച്ചക്ക് വന്നിരുന്നു. ജില്ലയിൽ പ്ലസ് വൺ സീറ്റ് പ്രതിസന്ധി രൂക്ഷമായി തുടരുകയാണ്. പ്ലസ് വണിന് മുഖ്യഅലോട്മെന്റിന് 82,446 പേരാണ് അപേക്ഷ നൽകിയത്. ഇതുപ്രകാരം 32,432 പേരാണ് പുറത്തുള്ളത്.
ഒഴിഞ്ഞുകിടക്കുന്ന സീറ്റുകളിലേക്ക് ഇവരെ പരിഗണിച്ചാൽ 23,516 പേർ പ്രവേശനം ലഭിക്കാതെ പുറത്താണ്. സർക്കാർ വാദപ്രകാരം സ്പോർട്സ്, കമ്യൂണിറ്റി, മാനേജ്മെന്റ് കോട്ടകളിലെല്ലാം കൂടി 9,215 ഒഴിവുണ്ടെന്നാണ് പറയുന്നത്.
ഇതുപ്രകാരം 23,217 പേർക്ക് അലോട്മെന്റ് ലഭിക്കില്ലെന്നു കണക്കുകൾ തന്നെ വ്യക്തമാക്കുന്നുണ്ട്.
ഇക്കാര്യത്തിൽ അധികൃതർക്ക് എന്താണ് പറയാനുള്ളതെന്ന് അറിയാനാണ് മാധ്യമ പ്രവർത്തകർ സ്ഥലത്തെത്തിയത്. യോഗം ആരംഭിക്കുന്നതിന് മുന്നോടിയായി ഹാളിലേക്ക് കയറിയ മാധ്യമപ്രവർത്തകരെ ആസൂത്രണ സമിതി ഓഫിസിലെ ജീവനക്കാരെത്തി പുറത്താക്കുകയായിരുന്നു. മുകളിൽനിന്ന് കിട്ടിയ നിർദേശപ്രകാരമാണ് യോഗത്തിൽനിന്ന് ഒഴിവാക്കുന്നതെന്ന് ജീവനക്കാർ പറഞ്ഞു.
നേരത്തെ ഈ യോഗങ്ങളിൽ മാധ്യമങ്ങൾക്ക് പ്രവേശനമുണ്ടായിരുന്നു. എന്നാൽ അധികൃതർക്കെതിരെയുള്ള വിവാദ വിഷയങ്ങൾ ചർച്ചക്ക് വരുമ്പോഴാണ് മാധ്യമങ്ങളെ വിലക്കുന്നത്. നേരത്തെ പുളിക്കൽ റസാഖ് പയമ്പ്രോട്ടിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട യോഗത്തിലായിരുന്നു അധികൃതരുടെ വിലക്ക്. നിയന്ത്രണം വന്നതോടെ ജനങ്ങൾ അറിയേണ്ട പല വിഷയങ്ങളും പുറംലോകം കാണാതെ പോകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.