ജില്ല ജനറൽ ആശുപത്രി കടലാസിൽ തന്നെ; അഞ്ചാം തവണയും 100 രൂപ മാത്രം
text_fieldsമഞ്ചേരി: ജില്ലക്ക് ജനറൽ ആശുപത്രി വേണമെന്ന ആവശ്യത്തോട് ഇത്തവണത്തെ ബജറ്റിലും ചിറ്റമ്മനയം. അഞ്ചാം തവണയും ടോക്കൺ തുകയായി 100 രൂപ മാത്രമാണ് അനുവദിച്ചത്. ജനസംഖ്യാനുപാതം നോക്കിയാൽ മലപ്പുറത്തിന് രണ്ടോ മൂന്നോ ജനറൽ ആശുപത്രി വേണം. എന്നാൽ, 50 വർഷം പൂർത്തിയാക്കിയ ജില്ലക്ക് സ്വന്തമായൊരു ജനറൽ ആശുപത്രി പോലുമില്ല.
നിലവിലെ ജനറൽ ആശുപത്രി മെഡിക്കൽ കോളജാക്കി ഉയർത്തിയതോടെയാണ് ഏക ജനറൽ ആശുപത്രി നഷ്ടമായത്. അന്ന് പ്രഖ്യാപിച്ച ജനറൽ ആശുപത്രി വർഷങ്ങൾ പിന്നിട്ടിട്ടും കടലാസിൽ തന്നെയാണ്. 2014ൽ യു.ഡി.എഫ് സർക്കാർ ആശുപത്രിക്കായി ബജറ്റിൽ 10 കോടി നീക്കിവെച്ചിരുന്നു.
എന്നാൽ, പിന്നീടുള്ള ബജറ്റിൽ ടോക്കൺ തുക മാത്രമാണ് ലഭിച്ചത്. ചെരണിയിൽ ടി.ബി ആശുപത്രി നിൽക്കുന്ന മൂന്ന് ഏക്കർ സ്ഥലത്ത് ജനറൽ ആശുപത്രി സ്ഥാപിക്കണമെന്നാണ് എം.എൽ.എ അടക്കം ആവശ്യപ്പെടുന്നത്. നിയമസഭയിൽ ചോദ്യം ഉന്നയിച്ചിരുന്നെങ്കിലും മെഡിക്കൽ കോളജിൽനിന്ന് അഞ്ച് കിലോമീറ്റർ താഴെയും അതോടൊപ്പം മെഡിക്കൽ കോളജിൽ ലഭ്യമാകുന്നത് ജനറൽ ആശുപത്രിയേക്കാൾ മികച്ച സേവനമാണെന്നുള്ളതിനാൽ പുതുതായി ആശുപത്രി ആരംഭിക്കേണ്ടതില്ലെന്നായിരുന്നു ആരോഗ്യമന്ത്രിയുടെ മറുപടി. അതേസമയം, മറ്റുജില്ലകളിൽ മെഡിക്കൽ കോളജിന് അടുത്തുതന്നെ ജനറൽ ആശുപത്രിയും പ്രവർത്തിക്കുന്നുണ്ട്.
കരിപ്പൂരിന് ഇത്തവണയും അവഗണന
കരിപ്പൂർ: സംസ്ഥാനത്ത് പൊതുമേഖലയിൽ അവശേഷിക്കുന്ന ഏക വിമാനത്താവളമായ കോഴിക്കോടിന് സംസ്ഥാന ബജറ്റിൽ ഇക്കുറിയും അവഗണന. കരിപ്പൂർ വിമാനത്താവള വികസനത്തിനും അനുബന്ധ പ്രവർത്തനങ്ങൾക്കും എൽ.ഡി.എഫ് സർക്കാറിെൻറ അവസാന ബജറ്റിലും കാര്യമായി ഒന്നും കിട്ടിയില്ല. വിമാനത്താവള വളർച്ചക്ക് സഹായകരമാകുന്ന മറ്റ് വികസന പ്രവർത്തനങ്ങൾക്കും ഫണ്ട് അനുവദിച്ചില്ല.
കരിപ്പൂരിെൻറ വികസനത്തിനായി ഭൂമി ഏറ്റെടുക്കലിന് ഇൗ ബജറ്റിലും തുക വകയിരുത്തിയില്ല. സർക്കാർ ആദ്യബജറ്റിൽ പ്രഖ്യാപിച്ചതാണ് എയർപോർട്ട് ജങ്ഷനിൽ മേൽപാലം. എന്നാൽ, നടപടികൾ കടലാസിലൊതുങ്ങി. കാർ പാർക്കിങ്ങിനും പുതിയ ടെർമിനൽ നിർമാണത്തിനും ഭൂമി ഏറ്റെടുക്കുന്നതിന് തുക വകയിരുത്തിയില്ല.
സംസ്ഥാനത്തെ മറ്റ് െഎ.ടി പാർക്കുകൾക്ക് 36 കോടിയും 22 കോടിയും അനുവദിച്ചപ്പോൾ പ്രാരംഭഘട്ടത്തിലുള്ള കോഴിക്കോട് സൈബർ പാർക്കിന് 12 കോടി മാത്രമാണ് അനുവദിച്ചത്.
കോഴിക്കോട് സൈബർ പാർക്കിലേക്ക് കൂടുതൽ കമ്പനികൾ എത്തുന്നത് കരിപ്പൂരിൽ ആഭ്യന്തര സർവിസുകൾ വർധിപ്പിക്കാൻ സഹായകരമാകും.അഴീക്കൽ തുറമുഖ വികസനത്തിന് വൻതുക വകയിരുത്തിയപ്പോൾ കരിപ്പൂരിനോട് ചേർന്നുള്ള ബേപ്പൂർ തുറമുഖ വികസനം സാഗർമാല പദ്ധതിയിൽ ഉൾപ്പെടുത്തുകയാണ് ചെയ്തത്.
Latest Video:
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.