ജില്ല പഞ്ചായത്ത് അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
text_fieldsമലപ്പുറം: പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജില്ല പഞ്ചായത്ത് അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. 32 ഡിവിഷനുകളിൽനിന്ന് വിജയിച്ച അംഗങ്ങളാണ് തിങ്കളാഴ്ച രാവിലെ പത്തിന് സത്യവാചകം ചൊല്ലി ചുമതല ഏറ്റെടുത്തത്.ആതവനാട് നിന്ന് വിജയിച്ച ഏറ്റവും മുതിർന്ന അംഗമായ ഹംസ മാസ്റ്ററാണ് ആദ്യം സത്യവാചകം ചൊല്ലിയത്.
ജില്ല പഞ്ചായത്തിെൻറ വരണാധികാരി കൂടിയായ കലക്ടർ കെ. ഗോപാലകൃഷ്ണൻ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ല പഞ്ചായത്ത് സെക്രട്ടറിയായ എൻ.എ. അബ്ദുൽ റഷീദാണ് ആദ്യ അംഗത്തെ ക്ഷണിച്ചത്. തുടർന്ന് ഹംസ മാസ്റ്റർ മറ്റംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. ഡിവിഷൻ അടിസ്ഥാനത്തിലായിരുന്നു തുടർന്നുള്ള സത്യപ്രതിജ്ഞ. വഴിക്കടവിൽനിന്നുള്ള ഷരോണ റോയിയാണ് രണ്ടാമത് സത്യവാചകം െചാല്ലിയത്.
ചുങ്കത്തറയിൽനിന്ന് വിജയിച്ച എൻ.എ. കരീമാണ് ഏറ്റവും ഒടുവിൽ ചുമതല ഏറ്റെടുത്തത്. ജില്ല പഞ്ചായത്തിൽ 27 സീറ്റ് യു.ഡി.എഫിനും അഞ്ച് സീറ്റ് എൽ.ഡി.എഫിനുമാണ് ലഭിച്ചത്. എൽ.ഡി.എഫ് അംഗങ്ങൾ ദൃഢപ്രതിജ്ഞ െചയ്തപ്പോൾ യു.ഡി.എഫ് അംഗങ്ങൾ ദൈവനാമത്തിലായിരുന്നു സത്യപ്രതിജ്ഞ.
ഇതിന് ശേഷം മുതിർന്ന അംഗമായ ഹംസ മാസ്റ്ററുടെ അധ്യക്ഷതയിൽ പുതിയ ഭരണസമിതിയുടെ ആദ്യയോഗവും ചേർന്നു. കലക്ടർ കെ. ഗോപാലകൃഷ്ണൻ, എ.ഡി.എം എൻ.എം. മെഹറലി, സെക്രട്ടറി എൻ.എ. അബ്ദുൽ റഷീദ്, മുൻ ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. സത്യപ്രതിജ്ഞ ചടങ്ങിൽ മുസ്ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി യു.എ. ലത്തീഫ്, ഉമ്മർ അറക്കൽ, വി. സുധാകരൻ, സലീം കുരുവമ്പലം തുടങ്ങിയവർ സംബന്ധിച്ചു.
ജില്ല പഞ്ചായത്ത് 32 അംഗങ്ങളിൽ 26ഉം പുതുമുഖങ്ങൾ
മലപ്പുറം: പുതുതായി ചുമതലയേറ്റ ജില്ല പഞ്ചായത്ത് ഭരണസമിതിയിൽ 32 അംഗങ്ങളിൽ 26 പേരും പുതുമുഖങ്ങൾ. നിലവിൽ അംഗങ്ങളായ ആറുപേർ ഒഴികെ ബാക്കിയുള്ളവരെല്ലാം ആദ്യമായാണ് ജില്ല പഞ്ചായത്തിൽ. േബ്ലാക്ക് പഞ്ചായത്ത് പ്രസിഡൻറ്, വൈസ് പ്രസിഡൻറ് സ്ഥാനങ്ങൾ വഹിച്ച രണ്ടുപേരും ഗ്രാമപഞ്ചായത്ത് പ്രസിഡൻറായിരുന്ന അഞ്ചുപേരും സ്ഥിരംസമിതി അധ്യക്ഷരായിരുന്ന മൂന്നുപേരും ഗ്രാമപഞ്ചായത്ത് അംഗങ്ങളായിരുന്ന രണ്ടുപേരുമാണ് പുതിയ ഭരണസമിതിയിലുള്ളത്.
തദ്ദേശ സ്ഥാപനങ്ങളിലേക്ക് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട 13 പേരുമുണ്ട്. മുൻ പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണൻ, പി.വി. മനാഫ്, ഇസ്മായിൽ മൂത്തേടം, സറീന ഹസീബ്, എം.കെ. റഫീഖ, ആലിപ്പറ്റ ജമീല എന്നിവരാണ് കാലാവധി അവസാനിച്ച ഭരണസമിതിയിലുണ്ടായിരുന്നവർ. ഇവരെല്ലാം യു.ഡി.എഫ് അംഗങ്ങളാണ്. പൂക്കോട്ടൂരിൽനിന്ന് വിജയിച്ച പി.വി. മനാഫ് മൂന്നാംതവണയാണ് ജില്ല പഞ്ചായത്ത് അംഗമാകുന്നത്. ബാക്കിയുള്ളവർ രണ്ടാംതവണയും. ഇടതുപക്ഷത്തുനിന്ന് വിജയിച്ച അഞ്ചുപേരും ആദ്യമായാണ് ജില്ല പഞ്ചായത്തിൽ എത്തുന്നത്.
മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറായിരുന്ന സലീന ടീച്ചർ (ഒതുക്കുങ്ങൽ), എടപ്പാൾ ബ്ലോക്ക് മുൻ വൈസ് പ്രസിഡൻറ് പി.പി. മോഹൻദാസ് (എടപ്പാൾ) എന്നിവരും പുതിയ ഭരണസമിതിയിലുണ്ട്. ഹംസ മാസ്റ്റർ, ആലിപ്പറ്റ ജമീല, റൈഹാന കുറുമാടൻ, ഫൈസൽ എടശ്ശേരി, ശ്രീദേവി പ്രാക്കുന്ന് എന്നിവർ നേരത്തെ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സ്ഥാനം വഹിച്ചിരുന്നു. എം.പി. സബാഹ്, ഷരീഫ ടീച്ചർ, നസീബ അസീസ് എന്നിവർ സ്ഥിരംസമിതി അധ്യക്ഷരും സുഭദ്ര ശിവദാസൻ, ആരിഫ നാസർ തുടങ്ങിയവർ നേരത്തെ ഗ്രാമപഞ്ചായത്ത് അംഗങ്ങളായിരുന്നവരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.