ഒട്ടും ‘ഫിറ്റല്ല’ ജില്ല പബ്ലിക് ഹെൽത്ത് ലാബ് ‘ചികിത്സ വൈകരുത്’
text_fieldsമലപ്പുറം: സിവിൽ സ്റ്റേഷനിലെ ജില്ല പബ്ലിക് ഹെൽത്ത് ലാബിൽ പരിശോധനകൾക്ക് തിരിച്ചടിയായി കെട്ടിടത്തിന്റെ അപകടാവസ്ഥ പൊട്ടിപ്പൊളിഞ്ഞ മേൽക്കൂരയിൽനിന്ന് ഏത് സമയവും അപകടം താഴ്ന്നിറങ്ങാവുന്ന സാഹചര്യത്തിൽ നെഞ്ചിടിച്ചാണ് ജീവനക്കാർ ജോലി ചെയ്യുന്നത്. ദിനേന നൂറു കണക്കിനാളുകൾ ആശ്രയിക്കുന്ന പബ്ലിക് ലാബിൽ മേൽക്കൂര തകർന്നതും മെഷീനുകൾ പണി മുടക്കിയതും പരിശോധന കേന്ദ്രത്തിലെ പ്രവർത്തനങ്ങൾ പാടെ താളം തെറ്റിച്ചിരിക്കുകയാണ്. മൈക്രോ ബയോളജി റൂമിൽ കഴിഞ്ഞ ദിവസം ജീവനക്കാരി ജോലി ചെയ്യുന്ന സമയത്ത് മേൽക്കൂരയിൽനിന്ന് ഓടും ദ്രവിച്ച പട്ടികയും അടർന്നുവീണിരുന്നു. തലനാരിഴക്കാണ് ഇവർ രക്ഷപ്പെട്ടത്. ഇതോടെ ഏറെ ഭയപ്പെട്ടാണ് ജീവനക്കാർ ജോലി ചെയ്യുന്നത്.
കെട്ടിടം അപകടാവസ്ഥയിലായതോടെ പ്രധാന ടെസ്റ്റുകളടക്കം ഒരാഴ്ചയിലേറെയായി മുടങ്ങിയിരിക്കുകയാണ്. മേൽക്കൂര തകർന്നു വീണതിനാൽ ലാബിലെ ഷുഗർ, കൊളസ്ട്രോൾ, കൾച്ചറൽ ടെസ്റ്റുകൾ, എൽ.എഫ്.ടി, ആർ.എഫ്.ടി തുടങ്ങിയ പരിശോധനകൾ ഒരറിയിപ്പ് ഉണ്ടാവുന്നത് വരെ ഉണ്ടായിരിക്കില്ലെന്ന് ലാബിന് മുമ്പിൽ അറിയിപ്പായി നോട്ടീസും പതിച്ചിട്ടുണ്ട്. ഇത് കാണുന്നതോടെ കുറഞ്ഞ ചെലവിൽ പരിശോധനകൾക്ക് എത്തുന്ന സാധാരണക്കാർ നിരാശയോടെ മടങ്ങുകയാണ്. അഞ്ച് വർഷം മുമ്പേ പുതിയ ഷീറ്റിട്ട് മേൽക്കൂര നവീകരിച്ചപ്പോൾ അതിനു താഴെ ദ്രവിച്ച ഓടും പട്ടികയും മാറ്റാഞ്ഞതാണ് അപകടത്തിന് വഴിയൊരുക്കിയത്. കെട്ടിടത്തിന്റെ പല ഭാഗത്തും മഴയിൽ വെള്ളം ചോർന്നൊലിക്കുന്ന പ്രശ്നവുമുണ്ട്. ഇതേ കെട്ടിടത്തിനോട് ചേർന്ന് പ്രവർത്തിക്കുന്ന ജി.എസ്.ടി വകുപ്പിന്റെ ഓഫിസിലും സമാന പ്രശ്നങ്ങളുണ്ട്. ശോച്യാവസ്ഥ മുന്നിൽ കണ്ട് പബ്ലിക് ലാബ് മറ്റു സ്ഥലങ്ങളിലേക്ക് മാറ്റാനുള്ള ശ്രമങ്ങൾ നടന്നിരുന്നുവെങ്കിലും അവസാനം സിവിൽ സ്റ്റേഷനിൽതന്നെ നിലനിർത്താനാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം. പബ്ലിക് ഹെൽത്ത് ലാബ്, ഇന്റഗ്രേറ്റഡ് പബ്ലിക് ഹെൽത്ത് ലാബ് ആക്കി ഉയർത്താൻ സർക്കാർ 1.25 കോടി രൂപ അനുവദിച്ചിട്ടുണ്ടെങ്കിലും തുടർ നപടി വൈകുകയാണ്. നവീകരണം വൈകുന്നതിനാൽ ലാബ് പ്രവർത്തനങ്ങളും ജീവനക്കാരുടെ സുരക്ഷയും പ്രയാസത്തിലാവുകയാണ്.
പബ്ലിക് ലാബിലെ ശോച്യാവസ്ഥയും ടെസ്റ്റുകൾ മുടങ്ങിയതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും പരിഹരിക്കുന്നതിനുള്ള നപടികളും നവീകരണ പ്രവർത്തികളും ഉടനെ ആരംഭിക്കുമെന്നും ജില്ല മെഡിക്കൽ ഓഫിസർ ആർ. രേണുക ‘മാധ്യമ’ത്തോട് പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.