ജില്ല സ്കൂൾ പ്രവേശനോത്സവം; ഇത്തവണ മലപ്പുറത്ത് നടത്തിയേക്കും
text_fieldsമലപ്പുറം: ജില്ല സ്കൂൾ പ്രവേശനോത്സവം ഇത്തവണ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ നടത്താൻ വിദ്യാഭ്യാസ വകുപ്പ് ഏകദേശ ധാരണ. കോട്ടപ്പടി ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലാകും സംഘടിപ്പിക്കുക. ഇത് സംബന്ധിച്ച് ജില്ല വിദ്യാഭ്യാസ വകുപ്പ് പ്രാഥമിക തീരുമാനമെടുത്തിട്ടുണ്ട്. സ്കൂൾ അധികൃതരുമായും ബന്ധപ്പെട്ടവരുമായും ചർച്ച നടത്തി അന്തിമ തീരുമാനമെടുക്കും. തുടർന്ന് സ്കൂളിൽ ഒരുക്കങ്ങൾ നടത്തും. ജില്ലയിൽ എല്ലാ വിദ്യാലയങ്ങളിലും ജൂൺ മൂന്നിന് പ്രവേശനോത്സവും അനുബന്ധ പരിപാടികളും നടക്കും.
പ്രവേശനോത്സവം ഗംഭീരമാക്കാൻ നടപടികൾ സ്വീകരിക്കാൻ സ്കൂൾ അധികൃതർക്ക് ഡി.ഡി.ഇ നിർദേശം നൽകിയിട്ടുണ്ട്. നിലവിൽ ജില്ലയിൽ ഒന്ന് മുതൽ 10 വരെ ക്ലാസ്സുകളിലെ അധ്യാപകർക്ക് അവധിക്കാല പരിശീലനം നടക്കുകയാണ്. രണ്ട് ഘട്ടങ്ങളിലായി മേയ് 14ന് ആരംഭിച്ച അധ്യാപക പരിശീലനം 24ന് അവസാനിക്കും. ഇതിനുശേഷം അധ്യാപകരെല്ലാം സ്കൂൾ പ്രവേശനവുമായി ബന്ധപ്പട്ട പ്രവർത്തനങ്ങളിലേക്ക് കടക്കും. മേയ് അവസാനത്തോടെ പ്രവേശന നടപടികൾ പൂർത്തിയാക്കാനാണ് അധികൃതരുടെ ശ്രമം. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടമുള്ളതിനാൽ വിദ്യാഭ്യാസ വകുപ്പിനാണ് മുഴുവൻ ചുമതലയും.
പെരുമാറ്റ ചട്ടമുണ്ടെങ്കിലും പരിപാടിയിലേക്ക് ജനപ്രതിനിധികളെയും ക്ഷണിക്കും. അധ്യയന വർഷം ആരംഭിക്കുന്നതിന് മുന്നോടിയായി ഒരുക്കങ്ങളും സുരക്ഷയും വിലയിരുത്താൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. മേയ് 25 മുതലാണ് പരിശോധന. സുരക്ഷയുടെ ഭാഗമായി വിദ്യാലയങ്ങളുടെ സമീപം ജലാശയങ്ങൾ ഉണ്ടെങ്കിൽ ഇവ സംബന്ധിച്ച് വിശദറിപ്പോർട്ട് വിദ്യാഭ്യാസ വകുപ്പ് ശേഖരിച്ച് സൂക്ഷിക്കും. സ്കൂളുകളിൽ അധ്യാപക ഒഴിവുകൾ നികത്താനും നടപടി തുടങ്ങിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി അഭിമുഖങ്ങൾ നടക്കും. എന്നാൽ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പിൻവലിക്കുന്ന ഘട്ടത്തിൽ മാത്രമേ നിയമന നടപടികളിലേക്ക് കടക്കൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.