തിരൂരിന്റെ കിരീടനേട്ടം 15 വർഷങ്ങൾക്കുശേഷം
text_fieldsതേഞ്ഞിപ്പലം: ജില്ല സ്കൂള്‍ കായികോത്സവത്തിൽ 15 വർഷത്തെ എടപ്പാള്‍ ഉപജില്ലയുടെ ആധിപത്യത്തിന് തിരൂര്‍ ഉപജില്ലയുടെ പൂട്ട്. നാവാമുകുന്ദ എച്ച്.എസ്.എസ് തിരുനാവായയുടെയും ആലത്തിയൂര്‍ കെ.എച്ച്.എം.എച്ച്.എസ് സ്കൂളിന്റെയും കരുത്തില്‍ 344 പോയന്റുമായാണ് തിരൂര്‍ ഉപജില്ല ഓവറോള്‍ കിരീടം തിരിച്ചുപിടിച്ചത്. 41 സ്വര്‍ണവും 26 െവള്ളിയും 22 വെങ്കലവുമാണ് തിരൂർ ഉപജില്ല നേടിയത്. കടകശ്ശേരി ഐഡിയല്‍ ഇംഗ്ലീഷ് സ്കൂളിന്റെ കരുത്തിലാണ് 33 സ്വര്‍ണവും 35 വെള്ളിയും 21 വെങ്കലവുമായി 304 പോയന്റോടെ എടപ്പാള്‍ രണ്ടാമതെത്തിയത്. അഞ്ച് സ്വര്‍ണവും ഒമ്പത് വെള്ളിയും നാല് വെങ്കലവുമായി 68 പോയന്റോടെ കിഴിശ്ശേരി മൂന്നാമതും ഏഴ് സ്വര്‍ണവും അഞ്ച് വെള്ളിയും 13 വെങ്കലവുമായി 66.5 പോയന്റുമായി അരീക്കോട് ഉപജില്ല നാലാമതുമെത്തി. സ്കൂള്‍ വിഭാഗത്തിൽ ഐഡിയല്‍ കടകശ്ശേരി ചാമ്പ്യന്‍പട്ടം നിലനിര്‍ത്തി. 29 സ്വര്‍ണവും 32 വെള്ളിയും 17 വെങ്കലവുമടക്കം 258 പോയന്റുമായാണ് ഐഡിയല്‍ ചാമ്പ്യന്മാരായത്.
തുടര്‍ച്ചയായി 16ാം തവണയാണ് ഐഡിയല്‍ ചാമ്പ്യന്‍പട്ടം നിലനിര്‍ത്തുന്നത്. 23 സ്വര്‍ണവും 18 വെള്ളിയും 11 വെങ്കലവുമടക്കം 180 പോയന്റോടെ തിരുനാവായ നാവാമുകുന്ദ എച്ച്.എസ്.എസ് രണ്ടാം സ്ഥാനം നേടി. 11 സ്വര്‍ണം, ഏഴ് വെള്ളി, ഒമ്പത് വെങ്കലം അടക്കം 85 പോയന്റ് കരസ്ഥമാക്കി കെ.എച്ച്.എം.എച്ച്.എസ്.എസ് ആലത്തിയൂര്‍ മൂന്നാമതായി. മൂന്ന് ദിവസങ്ങളിലായി യൂനിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ നടന്ന 35ാമത് ജില്ല സ്കൂള്‍ കായികമേളയില്‍ 24 പുതിയ മീറ്റ് റെക്കോഡുകളാണ് പിറന്നത്. ട്രാക്കിലും ഫീല്‍ഡിലും പിറ്റിലും കടകശ്ശേരി ഐഡിയലും തിരുനാവായ നാവാമുകുന്ദയും കെ.എച്ച്.എം.എച്ച്.എസ്.എസ് ആലത്തിയൂരും ശക്തമായ പോര് തീര്‍ത്തപ്പോള്‍ കായികോത്സവത്തിൽ ആവേശം അലതല്ലി. എറണാകുളത്ത് നടക്കുന്ന സംസ്ഥാന സ്കൂള്‍ കായികോത്സവത്തിൽ ചരിത്രത്തിലാദ്യമായി ഓവറോള്‍ കിരീടം പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തിലാണ് മലപ്പുറം മത്സരത്തിനിറങ്ങുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.