ഈ അധ്വാനം വെറുതെയാക്കരുത്
text_fieldsആലത്തിയൂർ: ജില്ല ശാസ്ത്രോത്സവത്തിന് ബുധനാഴ്ച സമാപനമാവുമ്പോൾ വിധികർത്താക്കളോട് മത്സരാർഥികളുടെ അപേക്ഷയും സങ്കടവും ഒന്നെയൊള്ളൂ, തങ്ങളുടെ ഈ അധ്വാനം വെറുതെയാക്കരുതേ എന്ന്. വിധി നിർണയത്തിന് പത്തുമിനിറ്റ് വേണ്ടിടത്ത് മൂന്നുമുതൽ അഞ്ച് മിനിറ്റിൽ ഒതുക്കി വിധികർത്താക്കൾ മത്സരാർഥികളെ നിരാശരാക്കുകയാണെന്ന ആക്ഷേപം വ്യാപകമാണ്. മാസങ്ങളോളം കഠിനാധ്വാനം ചെയ്ത് പരിശീലിക്കുകയും പഠിക്കുകയും ചെയ്ത കുട്ടി ശാസ്ത്രജ്ഞരെ മാനസികമായി തളർത്തുന്ന രീതിയിലാണ് ജില്ല ശാസ്ത്രോത്സവത്തിലെ മിക്ക വിധികർത്താക്കളുടെയും പെരുമാറ്റമെന്ന് ഇവർ ആരോപിക്കുന്നു.
മൂന്നുമണിക്കൂറിൽ പൂർത്തീകരിക്കേണ്ട മത്സരത്തിന് ഓരോ മത്സരാർഥിക്കും വിധിനിർണയ സമയം 10 മിനിറ്റ് നൽകണമെന്ന് ശാസ്ത്രമേളയുടെ നിബന്ധനകളിൽ നിഷ്കർശിക്കുന്നുണ്ട്. എന്നാൽ, തങ്ങൾക്ക് കാര്യങ്ങൾ വ്യക്തമായി വിശദീകരിച്ച് പറയാനുള്ള സമയംപോലും നൽകാതെ ‘മതി, മതി’ എന്നുപറഞ്ഞ് തിരിഞ്ഞ് നടക്കുന്ന സ്ഥിതിയാണെന്നാണ് മിക്ക മത്സരാർഥികളും അധ്യാപകർക്ക് മുന്നിലെത്തി സങ്കടത്തോടെ കരഞ്ഞുപറയുന്നത്.
ശാസ്ത്രോത്സവത്തിന്റെ രണ്ടാംദിനം നടന്ന ഹൈസ്കൂൾ വിഭാഗം ശാസ്ത്രമേളയിലെ വർക്കിങ് മോഡൽ വിധി നിർണയിക്കാനെത്തിയവർ പൊന്നാനി ഉപജില്ലയിലെ മത്സരാർഥിയുടെ പ്രോജക്ട് വർക്ക് ചെയ്യിപ്പിക്കാത്തതിനാലും വിശദീകരണം ചേദിക്കാത്തതിനാലും മനംനൊന്ത് കരഞ്ഞ വിദ്യാർഥിയെ ഏറെ പാടുപെട്ടാണ് അധ്യാപകർ സമാശ്വസിപ്പിച്ചത്.
തിങ്കളാഴ്ചയും ചൊവ്വാഴ്ചയും നടന്ന ഹൈസ്കൂൾ, ഹയർ സെക്കൻഡറി ഗണിത മേളയിലെ വിധി നിർണയത്തിലും വിധികർത്താക്കൾ സമയനിഷ്ട പാലിച്ചില്ലെന്ന് മത്സരാർഥികൾ ആരോപിച്ചു.
മൂന്ന് ചാർട്ടുകൾ പരിശോധിക്കേണ്ടിടത്ത് ഒന്ന് പരിശോധിച്ച് ബാക്കി കാണേണ്ട എന്ന് പറഞ്ഞതായും വിദ്യാർഥികൾ ആരോപിക്കുന്നു. ഇതോടൊപ്പം മത്സരവുമായി ബന്ധമില്ലാത്ത പല ചോദ്യങ്ങളും ചോദിച്ചതായും പരാതിയുണ്ട്. ഒന്നാംസ്ഥാനം ലഭിച്ചില്ലെങ്കിലും തങ്ങൾക്ക് അവകാശപ്പെട്ട സമയം വരെയെങ്കിലും വിധി നിർണയത്തിന് അനുവദിച്ചൂടെ എന്ന വിദ്യാർഥികളുടെ ചോദ്യത്തിന് എന്ത് ഉത്തരം നൽകുമെന്നറിയാതെ വിഷമിക്കുകയാണ് അവരുടെ പരിശീലകരായ അധ്യാപകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.