അപകടത്തില്‍ വില്ലനായത് ഡിവൈഡര്‍; ദുരന്തം വിളിച്ചുവരുത്തി അധികൃതര്‍
text_fieldsകോട്ടക്കല്‍: യാത്രക്കാരെ ഇറക്കിക്കയറ്റുകയായിരുന്ന കെ.എസ്.ആര്.ടി.സി ബസിന് പിറകില്‍ കൂറ്റന്‍ ക്രെയിന്‍ ഇടിച്ചുകയറിയ അപകടത്തിന് വഴിവെച്ചത് റോഡിന് മധ്യേ അശാസ്ത്രീയമായി സ്ഥാപിച്ച ഡിവൈഡറെന്ന് ആരോപണം. ശനിയാഴ്ച പുലര്‍ച്ച ഒന്നോടെ ദേശീയപാത ചങ്കുവെട്ടി ജങ്ഷനിലുണ്ടായ അപകടത്തില്‍ കുട്ടിയടക്കം അഞ്ചോളം പേര്‍ക്ക് നിസ്സാര പരിക്കേറ്റിരുന്നു.
കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്നു കെ.എസ്.ആര്.ടി.സി ബസിന് പിറകിലേക്ക് കൂറ്റന്‍ ക്രെയിന്‍ ഇടിച്ചുകയറുകയായിരുന്നു. ഡിവൈഡറിനെ മറികടന്ന് മുന്നില്‍ പോകുകയായിരുന്ന ക്രെയിനിന്റെ മുന്നില്‍ യാത്രക്കാരെ ഇറക്കാന്‍ ബസ് നിര്‍ത്തിയതാണ് അപകടത്തിന് വഴിവെച്ചത്. ബസിന്റെ പിറകിലെ സീറ്റിലേക്ക് ക്രെയിനിന്റെ മുന്‍ഭാഗം ഇടിച്ചുകയറിയ നിലയിലായിരുന്നു.
ഇവിടെയിരുന്നവര്‍ ചങ്കുവെട്ടിയില്‍ ഇറങ്ങിയതിനാല്‍ വന്‍ദുരന്തമാണ് ഒഴിവായത്. ദേശീയപാത അതോറിറ്റി സ്ഥാപിച്ച ഡിവൈഡര്‍ നിരവധി അപകടങ്ങള്‍ക്കാണ് വഴിവെച്ചത്. വിവിധ വകുപ്പുകള്‍ക്ക് നല്കിയ പരാതിയെത്തുടര്‍ന്ന് ഡിവൈഡറില്‍ അപായ സൂചനകള്‍ സ്ഥാപിച്ചിരുന്നു. പിന്നാലെ ലോറി ഇടിച്ച് ഇവ തകര്‍ന്നു. ശേഷിപ്പുകളായി നിൽക്കുന്നവയാണ് അപകടഭീഷണി സൃഷ്ടിക്കുന്നത്. രാത്രികാലങ്ങളിലാണ് കൂടുതല്‍ അപകടങ്ങളും. വളവുതിരിഞ്ഞ് കോഴിക്കോട് ഭാഗത്തേക്ക് വരുന്ന വാഹനങ്ങളാണ് അപകടത്തില്‍പെടുന്നത്.
സമീപെത്ത ബസ് കാത്തിരിപ്പുകേന്ദ്രത്തിന് മുന്നില്‍ ബസുകള്‍ നിര്‍ത്തുന്നതോടെ ഇവയെ മറികടന്നെത്തുന്ന മറ്റുവാഹനങ്ങള്‍ ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയാണ്. സൂചനബോര്‍ഡുകള്‍ ഇല്ലാത്തതാണ് മറ്റൊരുദുരിതം. സമീപത്തെ കച്ചവടസ്ഥാപനങ്ങളിലെ വെളിച്ചമാണ് യാത്രക്കാരടക്കമുള്ളവര്‍ക്ക് ഏക ആശ്രയം. അപകടങ്ങൾ വർധിക്കുമ്പോഴും ഡിവൈഡർ മാറ്റാനോ പരിഹാരമാർഗങ്ങൾ സ്വീകരിക്കാനോ പൊലീസ്, ജനപ്രതിനിധികൾ എന്നിവരുടെ ഭാഗത്തുനിന്ന് നടപടി ഉണ്ടാകുന്നില്ലെന്നാണ് ഉയരുന്ന പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.