വേണോ ഈ ‘പ്രസവ സാഹസം
text_fieldsമലപ്പുറം: ജില്ലയിൽ ഗാർഹിക പ്രസവങ്ങൾ വർധിക്കുന്നതായി ജില്ല ആരോഗ്യ വകുപ്പ് പുറത്തിറക്കിയ റിപ്പോർട്ട്. ഈ വർഷം ജനുവരി മുതൽ ഏപ്രിൽ വരെയുള്ള കണക്ക് പ്രകാരം 84 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മേയ് മാസത്തെ കണക്ക് ആരോഗ്യവകുപ്പ് കണക്കാക്കി വരുന്നതേയുള്ളൂ. ഈ വർഷം ഏപ്രിലിൽ ആകെ 25 ഗാർഹിക പ്രസവങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ ആദിവാസി മേഖലയിൽ ഒന്നും പ്രിമി ഗ്രാവിഡ മേഖലയിൽ ഏഴും കേസുകളും ഉൾപ്പെടുന്നുണ്ട്.
- 2022-2023 വർഷത്തിൽ ജില്ലയിൽ 266 പ്രസവങ്ങളാണ് വീട്ടിനുള്ളിൽ നടന്നതായി കണ്ടെത്തിയത്. 2019-20 വർഷത്തിൽ 199 കേസും 2020-21ൽ 257 ഉം 2021-22ൽ 273 കേസുകളുമാണ് റിപ്പോർട്ട് ചെയ്തത്.
- 2022-23 കാലത്ത് വളവന്നൂർ ബ്ലോക്ക് പഞ്ചായത്തിലാണ് ഏറ്റവും കൂടുതൽ ഗാർഹിക പ്രസവങ്ങൾ നടന്നത് -63 കേസുകൾ. ഏറ്റവും കുറവ് തവനൂർ ബ്ലോക്കിലാണ് -അഞ്ച്.
ബ്ലോക്ക് അടിസ്ഥാനത്തിലെ കണക്ക്:
വേങ്ങര- 41, പൂക്കോട്ടൂർ -34, എടവണ്ണ- 22, കുറ്റിപ്പുറം- 21, നെടുവ -16, ചുങ്കത്തറ- 13, വണ്ടൂർ -9, മേലാറ്റൂർ -8, വെട്ടം -8, മങ്കട -7, കൊണ്ടോട്ടി -7, മാറഞ്ചേരി -6, ഓമനൂർ -6, തവനൂർ -5.
കൂടുതൽ ഒ.ബി.സി വിഭാഗക്കാർ
2023-2024 വർഷത്തെ കണക്കനുസരിച്ച് ജില്ലയിൽ ഒ.ബി.സി വിഭഗക്കാരാണ് ഗാർഹിക പ്രസവത്തിൽ മുന്നിലുള്ളത്. 24 പേരാണ് വീട്ടിനുള്ളിൽ പ്രസവം നടത്തിയത്. എസ്.ടി വിഭാഗത്തിൽ ഒരു കേസും റിപ്പോർട്ട് ചെയ്തു. 2022-2023 വർഷത്തിലെ കണക്കിലും ഒ.ബി.സി വിഭാഗമാണ് മുന്നിൽ. 247 പേരാണ് ഈ വിഭാഗത്തിലുള്ളത്. എസ്.ടി വിഭാഗം -10, കുടിയേറ്റ വിഭാഗം -ഏഴ്, എസ്.സി -ഒന്ന്, ജനറൽ -ഒന്ന്.
ഗാർഹിക പ്രസവം ഒഴിവാക്കണം -ജില്ല ആരോഗ്യവകുപ്പ്
ജില്ലയിൽ ഗാർഹിക പ്രസവങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ബോധവത്കരണ പരിപാടികൾ ശക്തമാക്കിയതായി ജില്ല ആരോഗ്യ വകുപ്പ് അറിയിച്ചു. കൂടുതൽ ശ്രദ്ധയും ശുശ്രൂഷയും ലഭിക്കാൻ ഡോക്ടർമാരുടെ സേവനം തേടൽ അത്യാവശ്യമാണ്. എന്നാൽ പല കാരണങ്ങളാലും ഇതിനെ എതിർക്കുന്ന ചിലരാണ് വീട്ടിൽ വെച്ചുള്ള പ്രസവം പ്രോത്സാഹിപ്പിക്കുന്നത്. പ്രസവമടുക്കുന്നതു വരെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽനിന്ന് ഗുളികകളും മറ്റും വാങ്ങിക്കഴിക്കുന്ന ഗർഭിണികൾ പ്രസവത്തിനു മാത്രം ആശുപത്രികളെ മാറ്റി നിർത്തുന്ന സ്ഥിതിയുമുണ്ട്. ഇത്തരം പ്രസവമെടുക്കാൻ ജില്ലയിൽ നാലു സ്ത്രീകൾ പ്രവർത്തിക്കുന്നതായി വിവരമുണ്ട്. അവരെ കണ്ടെത്തി ബോധവത്കരിക്കാനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പെന്നും അധികൃതർ അറിയിച്ചു.
പ്രസവമടുക്കാറാകുമ്പോൾ ഇവർ വീടുകളിലെത്തി ഒപ്പം താമസിക്കുകയാണ് ചെയ്യുന്നത്. ഒരിക്കൽ പ്രസവ ശസ്ത്രക്രിയ കഴിഞ്ഞവരെ പോലും ഇവർ വീട്ടിൽ പ്രസവിപ്പിക്കുന്നതായും വിവരമുണ്ട്. പ്രസവ സമയത്ത് ഏതെങ്കിലും തരത്തിലുള്ള പ്രയാസം ഉണ്ടായാൽ വലിയ അപകടമുണ്ടായേക്കുമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു. നേരത്തെ തലക്കാട് ഒരു വീട്ടിൽ നടന്ന പ്രസവത്തെ തുടർന്ന് കുട്ടി മരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.