നിർധന കുടുംബങ്ങൾക്ക് വീടൊരുക്കാൻ 45 സെൻറ് വിട്ടുനൽകി കുഞ്ഞുട്ടി
text_fieldsകാടാമ്പുഴ: ഓരോ യാത്രയിലും കണ്ടത് തെരുവോരങ്ങളിൽ അന്തിയുറങ്ങുന്നവരുടെ യാതനകൾ. ഇതു മനസ്സിലാക്കിയതോടെ തെൻറ കൈവശമുണ്ടായിരുന്ന 45 സെൻറ് ഭൂമി സൗജന്യമായി വിട്ടുനൽകിയിരിക്കുകയാണ് ജീവകാരുണ്യ പ്രവർത്തകൻ കാടാമ്പുഴയിലെ കെ.ടി. കുഞ്ഞൂട്ടി. അർഹരായ നിർധന കുടുംബങ്ങൾക്ക് വീട് ഒരുക്കാൻ മാറാക്കര പഞ്ചായത്ത് അഞ്ചാം വാർഡിലെ 45 സെൻറ് ഭൂമിയാണ് കുഞ്ഞുട്ടിയും കുടുംബവും കൈമാറിയത്.
മൂന്നു മാസത്തിനകം വീടുകൾ നിർമിക്കാനാണ് തീരുമാനം. മുംബൈ ആസ്ഥാനമായ വാര്യർ ഫൗണ്ടേഷനാണ് വീടുകൾ നിർമിക്കുന്നത്. തലചായ്ക്കാൻ ഇടമില്ലാതെ കഴിയുന്നവരുടെ കണ്ണീരൊപ്പുകയെന്നതിെൻറ ഭാഗമായാണ് ഭൂമി കൈമാറിയതെന്ന് കുഞ്ഞുട്ടി പറഞ്ഞു. ജീവകാരുണ്യ പ്രവർത്തകൻ നാസർ മാനുവിനൊപ്പം സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമാണ് ഇദ്ദേഹം. ഇതിനകം നിരവധി പുരസ്കാരവും തേടിയെത്തി.
നിലവിൽ 90 സെൻറ് ഭൂമിയാണ് ഫൗണ്ടേഷന് വിട്ടുനൽകിയത്. ഇതിൽ 45 സെൻറ് സ്ഥലം വിൽപനക്കാണ് കൊടുത്തത്. ബാക്കി ഭൂമിയിലാണ് സ്വപ്ന ഭവനങ്ങൾ ഒരുക്കുക. ഭൂമിയുടെ രേഖകൾ കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഫൗണ്ടേഷൻ ചെയർമാൻ മാധവ വാര്യർക്ക് കൈമാറി. മൂന്നു മാസത്തിനകം 10ഓളം വീടുകൾ നിർമിച്ചു നൽകാനാണ് തീരുമാനം. പഞ്ചായത്ത് പ്രസിഡൻറ് ടി.പി. സജ്ന അധ്യക്ഷത വഹിച്ചു. എം. ഹംസ, ഒ.കെ. സുബൈർ, നാസർ മാനു, അഡ്വ. ടി.കെ. റഷീദലി, വി. മധുസൂദനൻ, ഹമീദ് കാടാമ്പുഴ, ടി.പി. മൊയ്തീൻ കുട്ടി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.