വാതിൽപ്പടി സേവനം കൂടുതൽ തദ്ദേശഭരണ സ്ഥാപനങ്ങളിലേക്ക്
text_fieldsമലപ്പുറം: സർക്കാർ സേവനം വീട്ടിലെത്തിക്കുന്ന 'വാതിൽപ്പടി സേവനം' പദ്ധതി ജില്ലയിലെ എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലും നടപ്പാക്കാനൊരുങ്ങുന്നു. നിലവിൽ പെരിന്തൽമണ്ണ, തിരൂർ നഗരസഭകളിലാണ് പദ്ധതി നടപ്പാക്കിയത്.അടുത്തഘട്ടത്തിൽ ജില്ലയിലെ പത്ത് നഗരസഭകളിലും മുഴുവൻ പഞ്ചായത്തുകളിലും നടപ്പാക്കാനുള്ള പ്രവർത്തനം പുരോഗമിക്കുകയാണെന്നും ഉടൻ പ്രഖ്യാപനമുണ്ടാകുമെന്നും തദ്ദേശ വകുപ്പ് അധികൃതർ വ്യക്തമാക്കി.
പെരിന്തൽമണ്ണ നഗരസഭയിൽ 510 പേരും തിരൂർ നഗരസഭയിൽ 839 പേരുമാണ് പദ്ധതി ഗുണഭോക്താക്കൾ. ജില്ലയിലെ മറ്റു തദ്ദേശസ്ഥാപനങ്ങളിൽ കൂടി പദ്ധതി നടപ്പായാൽ പതിനായിര കണക്കിന് ഗുണഭോക്താക്കൾക്ക് ഏറെ പ്രയോജനമാവും. സംസ്ഥാനത്ത് നിലവിൽ 50 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലാണ് പദ്ധതി നടപ്പാക്കിയത്. 2022 ആഗസ്റ്റ് 20 വരെയുള്ള സർക്കാർ കണക്കുകൾ പ്രകാരം 23046 പേർക്ക് ഇതുവരെ പദ്ധതി പ്രകാരം സേവനങ്ങൾ നൽകിയിട്ടുണ്ട്.
രണ്ടാംഘട്ടം മുന്നിൽ കണ്ട് തദ്ദേശസ്ഥാപന തലത്തിൽ 24,751 സന്നദ്ധ പ്രവർത്തകർക്ക് പരിശീലനം നൽകിയിട്ടുണ്ട്. ഡിവിഷൻ വാർഡ്തലത്തിൽ കമ്മിറ്റി രൂപവത്കരിക്കൽ, തദ്ദേശസ്വയംഭരണ സ്ഥാപനതലത്തിൽ കമ്മിറ്റി രൂപവത്കരിക്കൽ, വാർഷിക പദ്ധതിയിൽ തുക വകയിരുത്തൽ, സംയുക്ത ബാങ്ക് അക്കൗണ്ട് ആരംഭിക്കൽ, ഗുണഭോക്താക്കളെ കണ്ടെത്തി ലിസ്റ്റ് തയാറാക്കൽ, സന്നദ്ധ സേനാംഗങ്ങളെയും അനുബന്ധ സേവനദാതാക്കളെയും കണ്ടെത്തി പരിശീലനം നൽകുക തുടങ്ങിയ പ്രവൃത്തികളും ഭൂരിഭാഗം തദ്ദേശ സ്ഥാപനങ്ങളും പൂർത്തീകരിച്ചിട്ടുണ്ട്.
ആദ്യഘട്ടത്തിൽ ലൈഫ് സർട്ടിഫിക്കറ്റ്, മസ്റ്ററിങ്, സാമൂഹിക സുരക്ഷ പെൻഷൻ, ദുരിതാശ്വാസ നിധിയിലേക്കുള്ള അപേക്ഷ, ജീവൻരക്ഷാ മരുന്നുകൾ തുടങ്ങിയവയായിരുന്നു സേവനങ്ങൾ. രണ്ടാംഘട്ടത്തിൽ ഓൺലൈൻ അപേക്ഷ സമർപ്പണം, ബില്ലുകളും കരങ്ങളും അടക്കൽ, ആശുപത്രി സഹായങ്ങൾ തുടങ്ങിയ സേവനങ്ങളും ഉൾപ്പെടുത്തുന്നത് പരിഗണനയിലുണ്ട്. ഗുണഭോക്താക്കൾക്ക് സർക്കാറിൽ നിന്ന് ആനുകൂല്യങ്ങൾ ലഭ്യമാക്കാൻ സർക്കാർ ഓഫിസുകളിലേക്ക് നേരിട്ട് എത്തേണ്ടതില്ലാത്ത രീതിയിൽ അർഹരായവരുടെ പടിവാതിൽക്കൽ സേവനങ്ങൾ എത്തിക്കുന്നതിനായി രൂപവത്കരിച്ച പദ്ധതിയാണ് വാതിൽപ്പടി സേവനം.
വാതിൽപ്പടി സേവന ഗുണഭോക്താക്കൾ
• 60 വയസ്സിനു മുകളിലുള്ളവർ
• ഭിന്നശേഷിക്കാർ
• കിടപ്പുരോഗികൾ
• ചലന പരിമിതി അനുഭവിക്കുന്നവർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.