മലപ്പുറം നഗരസഭയിൽ നാടകീയ രംഗങ്ങൾ; ജീവനക്കാരനും ഭരണപക്ഷവും തമ്മിൽ കൈയാങ്കളി
text_fieldsമലപ്പുറം: വാക്കേറ്റവും അടിപിടിയുമായി നഗരസഭ ഓഫിസിൽ നാടകീയ രംഗങ്ങൾ. ഭരണപക്ഷ അംഗങ്ങളും ജീവനക്കാരനും ബുധനാഴ്ച ഉച്ചക്ക് 3.30ഓടെയാണ് കൈയാങ്കളി ഉണ്ടായത്. സംഭവത്തിൽ ഇരുവിഭാഗവും ആശുപത്രികളിൽ ചികിത്സ തേടി.
താൽക്കാലിക ജീവനക്കാർക്ക് നൽകുന്ന ജോലി സംബന്ധമായ നിർദേശം നഗരസഭയിലെ സ്ഥിരം ജീവനക്കാരായ ഡ്രൈവർമാർ തള്ളിയതാണ് പ്രശ്നങ്ങൾക്ക് തുടക്കമെന്ന് സംഭവത്തിൽ ഉൾപ്പെട്ട ഡ്രൈവറായി ജോലി ചെയ്യുന്ന പി.ടി. മുകേഷും (34), നഗരസഭ കൗൺസിലറായ ബിനു രവികുമാറിന്റെ പ്രതിനിധിയായി സംസാരിക്കാൻ എത്തിയ ഭർത്താവ് രവികുമാറിനെ ജാതി പേര് വിളിച്ച് ആക്ഷേപിച്ചത് ചോദ്യം ചെയ്തപ്പോഴാണ് ജീവനക്കാരന്റെ കൈയേറ്റമെന്ന് ഭരണപക്ഷവും ആരോപിച്ചു. സംഭവത്തിൽ ഡ്രൈവർ മുകേഷ് താലൂക്ക് ആശുപത്രിയിലും പിന്നീട് പെരിന്തൽമണ്ണ ഇ.എം.എസ് സഹകരണാശുപത്രിയിലും നഗരസഭ സ്ഥിരസമിതി അധ്യക്ഷൻ പി.കെ. സക്കീർ ഹുസൈൻ, കൗൺസിലർമാരായ എ.പി. ശിഹാബ്, സി.കെ. സഹിർ എന്നിവർ മലപ്പുറം സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് മുനിസിപ്പൽ യു.ഡി.എഫ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. ജീവനക്കാരനെ മർദിച്ചതിൽ എൽ.ഡി.എഫ് പ്രവർത്തകരുടെ പ്രതിഷേധം വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് മലപ്പുറത്ത് നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.