കടലിന്‍റെ മക്കൾക്ക്; കുടിവെള്ളം കിട്ടാക്കനി
text_fieldsപൊന്നാനി: കടലാക്രമണത്തിൽ വീടും സ്ഥലവും നഷ്ടമായ കടലോരവാസികൾ രണ്ട് മാസത്തോളമായി കുടിവെള്ളത്തിനും അലയുന്നു. പൊന്നാനി നഗരസഭയിലെ അലിയാർ പള്ളിക്ക് സമീപത്തെ മുപ്പതോളം കുടുംബങ്ങളാണ് കുടിവെള്ളത്തിന് നെട്ടോട്ടമോടുന്നത്.
രണ്ട് മാസം മുമ്പുണ്ടായ കടലാക്രമണത്തിലാണ് പൈപ്പുകൾ പൊട്ടി ശുദ്ധജല വിതരണം തകരാറിലായത്. ഇതോടെ ശുദ്ധജലം മേഖലയിൽ കിട്ടാക്കനിയായി. പ്രദേശവാസികൾ വാട്ടർ അതോററ്റിയിൽ ബന്ധപ്പെട്ടപ്പോൾ അഞ്ച് ദിവസത്തിനകം പൊട്ടിയ പൈപ്പ് പുനഃസ്ഥാപിക്കുമെന്നാണ് അറിയിച്ചിരുന്നത്.
എന്നാൽ, മാസം രണ്ട് പിന്നിട്ടിട്ടും പ്രശ്നത്തിന് മാത്രം പരിഹാരമായില്ല. പ്രാഥമിക ആവശ്യങ്ങൾക്ക് വരെ വെള്ളമില്ലാതെ പ്രയാസത്തിലായിരിക്കുകയാണ് ഈ കുടുംബങ്ങൾ. കടലാക്രമണത്തെ തുടർന്ന് വീടുകളിലെ കിണറുകളിൽ ഉപ്പ് വെള്ളം മാത്രമാണ് ലഭിക്കുന്നത്.
ശുദ്ധജലത്തിന് ഏക ആശ്രയമായിരുന്ന പൈപ്പുകളാണ് കടലാക്രമണത്തിൽ നഷ്ടമായത്. ഈ ഭാഗത്തെ റോഡും പൂർണമായും തകർന്നിട്ടുണ്ട്. കുടിവെള്ള വിതരണ സംവിധാനം പുനഃസ്ഥാപിക്കാൻ ഒന്നര ലക്ഷം രൂപ ചെലവ് വരുമെന്നാണ് വാട്ടർ അതോറിറ്റി പ്രദേശവാസികളെ അറിയിച്ചത്.
അതേസമയം, കുടിവെള്ളത്തിനായി പ്രദേശവാസികൾ നെട്ടോട്ടമോടുന്നതിനിടെ സമീപത്തെ കടലിനോട് ചേർന്ന തകർന്ന പൈപ്പ് വഴി കഴിഞ്ഞ രണ്ട് മാസമായി വെള്ളം പാഴാകുന്നതിനും പരിഹാരമായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.