തകർന്ന വിതരണ പൈപ്പ് പുനഃസ്ഥാപിച്ചില്ല; പാണക്കാട് വില്ലേജിൽ കുടിവെള്ളം മുട്ടി
text_fieldsമലപ്പുറം: നാലു ദിവസം പിന്നിട്ടിട്ടും തകർന്ന ചാമക്കയം പമ്പ് ഹൗസിലെ പ്രധാന കുടിവെള്ള വിതരണ പൈപ്പ് പുനഃസ്ഥാപിക്കാത്തത് കാരണം വെള്ളം കിട്ടാതെ ജനം ദുരിതത്തിൽ. പാണക്കാട് വില്ലേജിലെ ആയിരത്തോളം വീടുകളാണ് ദുരിതത്തിലായത്. കടുത്ത വേനലിൽ കുടിവെള്ളക്ഷാമത്തിൽ നട്ടംതിരിയുകയാണ് പ്രദേശം. മാർച്ച് 30ന് പുലർച്ചെ ജലവിതരണത്തിനിടെയാണ് ചാമക്കയത്തെ പ്രധാന പൈപ്പ് ലൈൻ പമ്പ് ഹൗസിന് സമീപം തകർന്നത്. ഇതോടെ വിതരണം പൂർണമായി തടസ്സപ്പെട്ടു. തുടർന്ന് വിവരം ജലവകുപ്പിനെ അറിയിച്ചെങ്കിലും പുനഃസ്ഥാപിക്കാൻ നടപടിയായില്ല.
കരാറുകാർ സമരത്തിലേക്കു നീങ്ങിയതോടെ പ്രവൃത്തി ചെയ്യാൻ ആളെ കിട്ടാനില്ലെന്നാണ് അധികൃതരുടെ വാദം. കുടിവെള്ള പൈപ്പുകളുടെ അറ്റകുറ്റപ്പണി നടത്തുന്ന ചെറുകിട കരാറുകാർക്ക് അപ്രായോഗിക നിബന്ധനകൾ ഏർപ്പെടുത്തുന്നതിലും ചെയ്ത പ്രവൃത്തികൾക്ക് 19 മാസത്തെ കുടിശ്ശിക തീർക്കാത്തതിലും പ്രതിഷേധിച്ച് കരാറുകാർ ജലവിതരണ പൈപ്പുകളുടെ അറ്റകുറ്റപ്പണി നിർത്തിവെക്കാൻ തീരുമാനിച്ചിരുന്നു. പാണക്കാട് വില്ലേജിലെ 33, 34, 35, 37, 38 വാർഡുകളിലേക്കുള്ള വിതരണമാണ് മുടങ്ങിയത്.
പ്രധാനമായും ജലവകുപ്പിന്റെ കുടിവെള്ള വിതരണത്തെ ആശ്രയിക്കുന്ന പ്രദേശവാസികൾ ഇതോടെ വെട്ടിലായി. കടുത്ത വേനലിൽ കുടിവെള്ളംകൂടി മുട്ടിയതോടെ പ്രതിഷേധത്തിന് ഒരുങ്ങിയിരിക്കുകയാണ് പ്രദേശവാസികൾ. ബുധനാഴ്ച ജനപ്രതിനിധികളുടെയും പ്രദേശവാസികളുടെയും നേതൃത്വത്തിൽ ജലവകുപ്പ് ഓഫിസിലേക്ക് പ്രതിഷേധം സംഘടിപ്പിക്കാനാണ് ഇവരുടെ തീരുമാനം. ചാമക്കയം പമ്പ് ഹൗസിൽനിന്ന് ഒന്നിടവിട്ട ദിവസങ്ങളിൽ പാണക്കാട് ഭാഗത്തേക്കും പട്ടർക്കടവ്-കോൽമണ്ണ ഭാഗത്തേക്കുമാണ് ജലവിതരണം നടത്തിവന്നിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.