ഡ്രൈവിങ് സ്കൂളുകാർ ചോദിക്കുന്നു, ഞങ്ങൾക്കും ജീവിക്കണ്ടേ?
text_fieldsമലപ്പുറം: കോവിഡ് മഹാമാരിയെ തുടർന്ന് ജീവിതവും ജീവിതമാർഗവും ‘ലോക്കായ’ നിരവധി പേരുണ്ട്. അവരുടെ ജീവിതങ്ങൾ ഇപ്പോഴും പഴയ അവസ്ഥയിലേക്ക് തിരിച്ചുവന്നിട്ടില്ല. കോവിഡ് വ്യാപനം ദിനംപ്രതി കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇനി എത്രനാൾ കാത്തിരിക്കേണ്ടിവരുമെന്ന് തിട്ടമില്ല. ഒരുപാട് മേഖലകൾ ഇപ്പോഴും ലോക്ഡൗണിലാണ്. ആ വിഭാഗത്തിൽപെടുന്നവരാണ് ഡ്രൈവിങ് സ്കൂളുകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ആയിരങ്ങൾ.
ലോക്കായത് മാർച്ച് 11ന്
ട്രാൻസ്പോർട്ട് കമീഷണറുടെ ഉത്തരവനുസരിച്ച് മാർച്ച് 11 മുതലാണ് ഡ്രൈവിങ് ടെസ്റ്റുകൾ നിർത്തിവെച്ചത്. അന്ന് പൂട്ടുവീണതാണ് ൈഡ്രവിങ് സ്കൂളുകൾക്ക്. മാർച്ച് 21 മുതൽ രാജ്യമൊട്ടാകെ ലോക്ഡൗണിലായി. പിന്നീട് വിവിധ ഘട്ടങ്ങളിലായി ഇളവുകൾ പ്രഖ്യാപിച്ചപ്പോൾ പല മേഖലകളും തുറന്നുപ്രവർത്തിച്ചെങ്കിലും നാലുമാസമായി സംസ്ഥാനത്തെ 4500ഓളം ഡ്രൈവിങ് സ്കൂളുകൾ ഇപ്പോഴും അടഞ്ഞുകിടക്കുകയാണ്. ഇവയെ ആശ്രയിച്ചുകഴിയുന്ന അമ്പതിനായിരത്തിലധികം തൊഴിലാളികൾ ഇനിയെന്ത് ചെയ്യണമെന്നറിയാതെ ഓരോ നാളും തള്ളിനീക്കുന്നു. പലരും പട്ടിണിയുടെ വക്കിലാണ്. ജില്ലയിൽ മാത്രം 350ഓളം ഡ്രൈവിങ് സ്കൂളുകളിലായി മൂവായിരത്തിലധികം തൊഴിലാളികളുണ്ട്. സർക്കാറിെൻറ വിവിധ ക്ഷേമനിധികളിലൊന്നും ഉൾപ്പെടാത്ത വിഭാഗമായതിനാൽ തൊഴിലാളികൾക്ക് ഇതുവരെയും ഒരുസഹായവും ലഭിച്ചിട്ടില്ല. പരിശീലനത്തിനായി ഉപയോഗിക്കുന്ന വാഹനങ്ങൾ നാല് മാസമായി നിർത്തിയിട്ടിരിക്കുകയാണ്.
അധികൃതർ കാണാത്ത സങ്കടം
മുഖ്യമന്ത്രി, ഗതാഗത മന്ത്രി, തൊഴിൽ മന്ത്രി എന്നിവർക്കൊക്കെ വിവിധ സംഘടനകളുടെ നേതൃത്വത്തിലും കൂട്ടായും നിരവധി നിവേദനങ്ങൾ നൽകി. സെക്രേട്ടറിയറ്റിന് മുന്നിലും ജില്ല കേന്ദ്രങ്ങളിലുമായി നിരവധി സമരങ്ങൾ നടത്തി. എന്നിട്ടും സർക്കാർ തൊഴിലാളികളെയോ അവരുടെ കുടുംബങ്ങളുടെ പ്രയാസങ്ങളോ ഇതുവരെ കണ്ടിട്ടില്ല. മുഴുവൻ സീറ്റിലും ആളുകളെ ഇരുത്തി ബസ് സർവിസ് തുടങ്ങി. വിദേശത്തുനിന്ന് സർക്കാറിന് കീഴിലും അല്ലാതെയും വരുന്ന വിമാനങ്ങളിൽ മുഴുവൻ സീറ്റിലും ആളുകളെത്തുന്നു. ടാക്സിയിലും ഓട്ടോയിലും യാത്ര ചെയ്യാനുള്ള അനുവാദം നൽകി. സ്വകാര്യ വാഹനങ്ങൾ മുഴുവൻ റോഡിലിറങ്ങി. കടകളെല്ലാം തുറന്നു. ബാർബർ ഷോപ്, വലിയ മാളുകൾ എന്നിവയും തുറന്നുപ്രവർത്തിക്കാൻ തുടങ്ങി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഒരു കാറിൽ ഒരാൾ എന്നരീതിയിൽ ഓരോരുത്തരെ പരിശീലിപ്പിക്കാം എന്ന് അപേക്ഷിച്ചിട്ടും ഡ്രൈവിങ് സ്കൂളുമാത്രം ഇനിയും പ്രവർത്തിക്കാൻ അനുമതിയില്ല.
‘സർക്കാർ ഒന്നും കണ്ടില്ലെന്ന്
നടിക്കുന്നു’
നൂറുകണക്കിന് ജീവനക്കാർ തുച്ഛമായ വേതനത്തിൽ പണിയെടുക്കുന്ന മേഖലയാണ് ഡ്രൈവിങ് സ്കൂളെന്നും ഇവരുടെ കാര്യത്തിൽ നാല് മാസത്തോളമായി സർക്കാർ ഒരു ഇടപെടലും നടത്തിയിട്ടില്ലെന്നും ഒാൾ കേരള ഡ്രൈവിങ് സ്കൂൾ വർക്കേഴ്സ് യൂനിയൻ മേഖല സെക്രട്ടറി പി. സന്തോഷ് കുമാർ. ഡ്രൈവിങ് സ്കൂളുകൾ തുറക്കണം എന്ന് ആവശ്യപ്പെടുമ്പോൾ കേന്ദ്രസർക്കാറാണ് അനുമതിതരേണ്ടത് എന്നാണ് കേരളം പറയുന്നത്. എന്നാൽ, അതിനുവേണ്ട ഇടപെടലുകൾ നടത്തി അനുമതി വാങ്ങിത്തരേണ്ടതല്ലേ? വാഹനങ്ങൾ നിർത്തിയിട്ടതിെൻറ ഫലമായി കേടായിക്കൊണ്ടിരിക്കുന്നു. ഇതൊന്നും സർക്കാർ കണ്ടില്ലെന്ന് നടിക്കുകയാണ്. നിരവധി നിവേദനങ്ങൾ നൽകി. സമരങ്ങൾ നടത്തി. ഒന്നിനും ഒരു ഫലവുമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.