ഡ്രൈവിങ് ടെസ്റ്റ്; കാത്തിരിക്കുന്നത് ആയിരങ്ങൾ
text_fieldsമലപ്പുറം: ജില്ലയിൽ കെട്ടിക്കിടക്കുന്ന ഡ്രൈവിങ് ടെസ്റ്റ് അപേക്ഷകൾ പരിഹരിക്കാൻ നടപടിയില്ല. ആയിരക്കണക്കിന് അപേക്ഷരാണ് ടെസ്റ്റിന് കാത്തിരിക്കുന്നത്. എൻഫോഴ്സ്മെന്റ് വിഭാഗത്തിൽനിന്നുള്ള ഉദ്യോഗസ്ഥരെ നിയോഗിച്ച് ടെസ്റ്റ് നടത്തി കെട്ടിക്കിടക്കുന്ന അപേക്ഷകൾ തീർപ്പാക്കുമെന്ന ഗതാഗത മന്ത്രിയുടെ പ്രഖ്യാപനം പാഴ്വാക്കായി. ലേണേഴ്സിന് ആറു മാസമാണ് കാലാവധി. ഇതിനുള്ളിൽ ഗ്രൗണ്ട്, റോഡ് ടെസ്റ്റുകൾ എടുത്തില്ലെങ്കിൽ ലേണേഴ്സ് പരീക്ഷ വീണ്ടുമെഴുതണം. ടെസ്റ്റിന് സ്ലോട്ട് കിട്ടാത്തതിനാൽ പലരുടേയും ലേണേഴ്സ് നഷ്ടപ്പെടുന്ന സ്ഥിതിയാണ്. ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരവും തുടർന്നുണ്ടായ സമരവുമാണ് ജില്ലയിൽ ആയിരക്കണക്കിന് ടെസ്റ്റ് അപേക്ഷകൾ കെട്ടികിടക്കാൻ കാരണം.
പ്രതിദിന ടെസ്റ്റുകളുടെ എണ്ണം നിജപ്പെടുത്തിയുള്ള ട്രാൻസ്പോർട്ട് കമീഷണറുടെ ഉത്തരവിനെത്തുടർന്ന്, മാസങ്ങൾക്ക് മുമ്പ് ടെസ്റ്റിന് അപേക്ഷിച്ചരുടെ സ്ലോട്ടുകൾ അധികൃതർ റദ്ദാക്കുകയായിരുന്നു. മറ്റൊരു ദിവസം നൽകുന്നതിന് പകരം ഇവരോട് വീണ്ടും അപേക്ഷ നൽകാൻ ആവശ്യപ്പെടുകയായിരുന്നു. ഡ്രൈവിങ് സ്കൂൾ ഉടമകളുടെ സമരംമൂലം ആഴ്ചകളോളമാണ് ടെസ്റ്റുകൾ മുടങ്ങിയത്. ഈ സമയവും ലേണേഴ്സ് പരീക്ഷ തുടർന്നിരുന്നതിനാൽ ഡ്രൈവിങ് ടെസ്റ്റിനുള്ള അപേക്ഷകരുടെ എണ്ണം വീണ്ടും ഉയർന്നു. സമരം പിൻവലിച്ചതിനെതുടർന്ന് ടെസ്റ്റുകൾ പുനരാരംഭിച്ചെങ്കിലും കെട്ടിക്കിടക്കുന്ന അപേക്ഷ തീർപ്പാക്കാൻ നടപടിയെടുത്തില്ല.
അധികമായി ടെസ്റ്റുകൾ നടത്താൻ കൂടുതൽ എം.വി.ഐമാർ വേണം. എൻഫോഴ്സ്മെന്റ് വിഭാഗത്തിൽനിന്നും എം.വി.ഐമാരെ അയക്കുമെന്നാണ് മന്ത്രി പറഞ്ഞിരുന്നതെങ്കിലും ഏറ്റവുമധികം അപേക്ഷ കെട്ടിക്കിടക്കുന്ന മലപ്പുറം ജില്ലയിൽപോലും ഇത് പ്രാവർത്തികമായിട്ടില്ല. ഇതുമായി ബന്ധപ്പെട്ട്, ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമീഷണറുടെ ഭാഗത്തുനിന്നും നടപടിയുണ്ടായിട്ടില്ല. ജീവനക്കാരെ മാറ്റിനിയമിച്ചാൽ എൻേഫാഴ്സ്മെന്റിന്റെ പ്രവർത്തനത്തെ ബാധിക്കുമെന്നും ഇതാണ് നടപടി വൈകാൻ കാരണമെന്നും പറയുന്നു. ടെസ്റ്റിന് കാത്തിരിക്കുന്ന ആയിരക്കണക്കിന് അപേക്ഷകരാണ് മോട്ടോർ വാഹന വകുപ്പിന്റെ പരിഷ്കാരത്തിൽ നട്ടംതിരിയുന്നത്.
സർക്കാർ ടെസ്റ്റിങ് ഗ്രൗണ്ട് കടലാസിൽ
മലപ്പുറം: ജില്ലയിൽ ടെസ്റ്റ് നടക്കുന്ന ഏഴ് ഗ്രൗണ്ടുകളും ഡ്രൈവിങ് സ്കൂളുടമകൾ വാടകക്കെടുത്തതാണ്. നിലമ്പൂർ, പെരിന്തൽമണ്ണ, എടപ്പാൾ, പൊന്നാനി എന്നിവിടങ്ങളിൽ കെ.എസ്.ആർ.ടി.സിയുടെ സ്ഥലത്ത് ടെസ്റ്റിന് സൗകര്യമൊരുക്കാൻ തീരുമാനിച്ചിട്ടുണ്ടെങ്കിലും നടപടികളിലേക്ക് നീങ്ങിയിട്ടില്ല. ജില്ല ആസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റിന് സ്ഥലം കണ്ടെത്താൻ സാധിച്ചിട്ടില്ല.
പാണക്കാട് ഇൻകെൽ എഡ്യൂസിറ്റിയിൽ ടെസ്റ്റിങ് ഗ്രൗണ്ട് ഒരുക്കാൻ അഞ്ചേക്കർ സ്ഥലം കണ്ടെത്തി സർക്കാറിലേക്ക് പ്രപ്പോസൽ നൽകിയിരുന്നു. എന്നാൽ ഇതിലും തീരുമാനം വന്നിട്ടില്ല. മലപ്പുറം ആർ.ടി.ഒ ഓഫിസിനും പെരിന്തൽമണ്ണ, നിലമ്പൂർ, കൊണ്ടോട്ടി, തിരൂർ, തിരൂരങ്ങാടി, പൊന്നാനി സബ് ആർ.ടി ഓഫിസുകൾക്കും കീഴിൽ ജില്ലയിൽ ഏഴ് കേന്ദ്രങ്ങളിലാണ് ഡ്രൈവിങ് ടെസ്റ്റ് നടന്നുവരുന്നത്.
പ്രാവർത്തികമാകാതെ ഉത്തരവുകൾ
മലപ്പുറം: പ്രാവർത്തികമാകാത്ത ഉത്തരവുകൾ മോട്ടോർ വാഹന വകുപ്പ് മുറപോലെ വീണ്ടും ഇറക്കുന്നുണ്ട്. കഴിഞ്ഞ മേയ് 30ന് ഇറക്കിയ ഉത്തരവിൽ ലേണേഴ്സ് നേടിയവരുടെയും ലേണേഴ്സ് കാലാവധി അവസാനിക്കുന്നവരുടെയും ക്രമം അനുസരിച്ചുള്ള പട്ടിക തയാറാക്കണമെന്ന് പറയുന്നു.
ഓരോ ഓഫിസിന് കീഴിലുമുള്ള തീർപ്പാക്കാനുള്ള അപേക്ഷകളുടെ ബാഹുല്യം പരിശോധിച്ച് അധികം അപേക്ഷകരുള്ള സ്ഥലങ്ങളിൽ മോട്ടോർ വെഹിക്കിൾ എൻഫോഴ്സ്മെന്റ് വിഭാഗത്തിൽനിന്നുള്ള ഉദ്യോഗസ്ഥരെ നിയോഗിച്ച് ടെസ്റ്റ് നടത്തി നടപ്പാക്കണമെന്നും ഉത്തരവിൽ പറയുന്നു. എന്നാൽ, ഉത്തരവിനപ്പുറം നടപടികളിലേക്ക് അധികൃതർ നീങ്ങുന്നില്ല. ഡ്രൈവിംഗ് ടെസ്റ്റിന് അപേക്ഷകരെ ഹാജരാക്കുമ്പോൾ ഡ്രൈവിങ് ഇൻസ്ട്രക്ടറുടെ സാന്നിധ്യം ഉറപ്പാക്കണമെന്ന പുതിയ ഉത്തരവും വിവാദമായിരിക്കുകയാണ്. ഇതിനെതിരെ ഈ മാസം പത്ത് മുതൽ സി.ഐ.ടി.യു സെക്രട്ടേറിയറ്റ് പടിക്കൽ സമരം പ്രഖ്യാപിച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.