എസ്.ഐയുടെ മുങ്ങിമരണം: വിറങ്ങലിച്ച് കരിങ്ങനാട്
text_fieldsപട്ടാമ്പി: പുലാമന്തോൾ പുഴയിൽ എസ്.ഐയുടെ ജീവൻ പൊലിഞ്ഞ വാർത്ത ഞെട്ടലോടെയാണ് കരിങ്ങനാട് കൊഴിഞ്ഞിപ്പറമ്പ് പ്രദേശത്തുള്ളവർ കേട്ടത്. രണ്ടാഴ്ച മുമ്പ് മാത്രം കൊപ്പത്ത് ചുമതലയേറ്റെടുത്ത തൃശൂർ മാള സ്വദേശിയായ സുബീഷ് മോൻ കൊഴിഞ്ഞിപ്പറമ്പിലെ വാടക വീട്ടിലായിരുന്നു താമസം. ഞായറാഴ്ചത്തെ വിളങ്ങോട്ടുകാവ് പൂരാവേശത്തിനും യുവ ഉദ്യോഗസ്ഥന്റെ വേർപാട് കരിനിഴൽ വീഴ്ത്തി.
വിളങ്ങോട്ടുകാവ് പൂരം കാണാൻ കുടുംബത്തിനൊപ്പം വിരുന്നെത്തിയ വല്യച്ഛന്റെ കൊച്ചുമോനെ കുന്തിപ്പുഴ കാണിക്കാനെത്തിയപ്പോഴാണ് സുബീഷ് മോൻ അപകടത്തിൽപെട്ടത്. നാട്ടുകാരും അഗ്നിരക്ഷാസേനയും നടത്തിയ തിരച്ചിലിൽ ആളെ കണ്ടെത്തി പെരിന്തൽമണ്ണയിലെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കൊഴിഞ്ഞിപ്പറമ്പിൽ താമസം തുടങ്ങിയ നാൾ മുതൽ ഹൃദ്യമായ പെരുമാറ്റം കൊണ്ട് നാട്ടുകാരുടെ മനസിൽ കയറിപറ്റാൻ സുബീഷ് മോന് സാധിച്ചിരുന്നു. ഉച്ചക്ക് ഊണു കഴിക്കാൻ എത്താമെന്നേറ്റതായിരുന്നെന്നും കാണാതെ വിളിച്ചുകൊണ്ടിരിക്കുമ്പോഴാണ് അപകടവാർത്ത കേട്ടതെന്നും സെൻട്രൽ പൂരാഘോഷ കമ്മിറ്റി സെക്രട്ടറി എൻ.പി. ഷാഹുൽ ഹമീദ് പറഞ്ഞു. ചുരുങ്ങിയ സമയം കൊണ്ട് എല്ലാവരുമായും സൗഹൃദം സ്ഥാപിച്ചിരുന്നെന്നും ഷാഹുൽ ഹമീദ് പറഞ്ഞു. കൊപ്പം പൊലീസ് സ്റ്റേഷനിലെ സഹപ്രവർത്തകർക്കും മേലുദ്യോഗസ്ഥന്റെ ആകസ്മിക വിയോഗം ആഘാതമായി. തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന സ്ഥലം മാറ്റത്തിൽ എസ്.ഐ ആയിരുന്ന എം.ബി. രാജേഷ് തൃശൂർ ജില്ലയിലെ വടക്കഞ്ചേരിയിലേക്ക് സ്ഥലം മാറിയ ഒഴിവിലാണ് സുബീഷ് മോൻ കൊപ്പത്തെത്തിയത്.
കുന്തിപ്പുഴയിൽ അപകടം തുടർക്കഥ; ആഴത്തിലുള്ള പൂഴിമണൽ കൂനയാണ് അപകട കാരണം
പുലാമന്തോൾ: കുന്തിപ്പുഴയിലെ സ്ഥിരം അപകടമേഖലയിലാണ് എസ്.ഐ സുബീഷ് മോന്റെ ജീവനും പൊലിഞ്ഞത്. വർഷംതോറും വേനലിൽ കുന്തിപ്പുഴ തടയണക്ക് താഴെയുള്ള പ്രദേശത്ത് അപകടം തുടർക്കഥയാണ്. പ്രദേശം പരിചയമില്ലാത്തവരാണ് അപകടത്തിൽപെടുന്നവരിൽ കൂടുതലും. എസ്.എസ്.എൽ.സി പരീക്ഷക്ക് ശേഷം കുളിക്കാനിറങ്ങിയ വിദ്യാർഥികളും വേനലവധിയിൽ വിരുന്നെത്തിയ കുട്ടികളും അന്തർ സംസ്ഥാന തൊഴിലാളികളുമെല്ലാം ഇവിടെ മുങ്ങിമരിച്ചിട്ടുണ്ട്. തടയണക്ക് താഴെ കെട്ടി നിൽക്കുന്ന വെള്ളത്തിൽ 15 മുതൽ 20 അടി വരെ ആഴത്തിൽ പൂഴിമണൽ കൂനയാണുള്ളത്.
ഇതിലേക്ക് വീഴുകയോ ചാടുകയോ ചെയ്യുന്നവരുടെ കാലുകൾ അതിൽ ആണ്ടു പോകുന്നതാണ് അപകട കാരണമെന്ന് മുമ്പ് രക്ഷാപ്രവർത്തനത്തെിയ അഗ്നിരക്ഷാസേനാംഗങ്ങൾ പറഞ്ഞിരുന്നു. ഇതോടൊപ്പം ഇവിടെ നല്ല അടിയൊഴുക്കുണ്ട്. സ്ഥലം പരിചയമില്ലാത്തവരാണ് അപകടത്തിൽപെടുന്നത്. ചിരപരിചിതരായ നിരവധി പേർ ഈ ഭാഗത്ത് സ്ഥിരമായി കുളിക്കാറുണ്ട്. പുലാമന്തോൾ, വിളയൂർ പഞ്ചായത്തുകൾ അതിരിടുന്ന പുഴയിൽ അപകട ബോധവത്കരണത്തിനായുള്ള മുന്നറിയിപ്പുകളോ സുരക്ഷാവേലിയോ സ്ഥാപിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.