വിദ്യാർഥികളെ കേന്ദ്രീകരിച്ച് ലഹരി കേസുകൾ: സാക്ഷി പറയാൻ ആളില്ലെന്ന് പൊലീസ്
text_fieldsമഞ്ചേരി: വിദ്യാർഥികളെ കേന്ദ്രീകരിച്ച് ലഹരി മരുന്നുകേസുകൾ പിടികൂടുമ്പോൾ സാക്ഷി പറയാൻ ആളെ കിട്ടുന്നില്ലെന്നു പൊലീസ്. ഏറനാട് താലൂക്ക് വികസന സമിതിയിലാണ് പൊലീസ് നിസ്സഹായാവസ്ഥ വ്യക്തമാക്കിയത്. എം.ഡി.എം.എ പോലുള്ള ലഹരിമരുന്ന് പിടികൂടുമ്പോൾ രണ്ടുപേരുടെ മൊഴി വേണം. സ്കൂൾ കുട്ടികളെ കേന്ദ്രീകരിച്ച് വ്യാപകമായാണ് എം.ഡി.എം.എ, കഞ്ചാവ് തുടങ്ങിയവയുടെ കച്ചവടം നടക്കുന്നത്. പല കണ്ണികളെയും പൊലീസ് പിടികൂടുന്നുണ്ട്. കേസുകളിൽ മൊഴി നൽകാൻ ആരും തയാറാകുന്നില്ലെന്നും ഈ അവസ്ഥക്ക് മാറ്റമുണ്ടാകണമെന്നും പൊലീസ് ആവശ്യപ്പെട്ടു.
പ്രായപൂർത്തിയാകാത്ത കുട്ടികൾ നിലവിൽ വാഹനം ഓടിച്ച് അപകടങ്ങൾ വരുത്തിവെക്കുന്നുണ്ട്. രക്ഷിതാക്കൾ തന്നെയാണ് കുട്ടികളെ സാധനങ്ങൾ വാങ്ങാനും മറ്റു ആവശ്യങ്ങൾക്കും പറഞ്ഞയക്കുന്നത്.
രക്ഷിതാക്കൾക്കെതിരെ കേസെടുത്തിട്ടും വാഹനം നൽകുന്നത് ആവർത്തിക്കുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടു.
40 പേർ ജോലി ചെയ്യുന്ന എടവണ്ണ പൊലീസ് സ്റ്റേഷൻ കെട്ടിടം ചോർന്ന് ഒലിക്കുകയാണ്. കെട്ടിടം നിർമിക്കാൻ സ്ഥലം കിട്ടാത്തതാണ് പ്രശ്നം. ഇതിന് പരിഹാരം കാണമെന്നും എസ്.എച്ച്.ഒ പ്രതിനിധി പറഞ്ഞു.
മഞ്ചേരി നഗരസഭയിലെ 20ാം വാർഡിൽ ചോലക്കൽ എലമ്പ്ര റോഡിൽ സ്ഥിതി ചെയ്യുന്ന ഇറച്ചി കോഴി വണ്ടികൾ കഴുകുന്ന സ്ഥാപനത്തിൽ നിന്നുള്ള ദുർഗന്ധം കാരണം ജനങ്ങൾക്ക് ബുദ്ധിമുട്ടനുഭവപ്പെടുന്നു എന്ന പരാതിയിൽ സ്ഥാപനം അടച്ചുപൂട്ടാൻ നഗരസഭ നോട്ടീസ് നൽകിയിരുന്നു. എന്നാൽ സ്ഥാപനം വീണ്ടും തുറന്ന് പ്രവർത്തിക്കുന്നതായി സമിതി അംഗം ചൂണ്ടിക്കാട്ടി.
വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കുമെന്ന് സെക്രട്ടറി ഉറപ്പ് നൽകി. വീടുകൾ തോറും ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനങ്ങൾ നടത്തണം. എല്ലാവരും ജാഗ്രത പുലർത്തണമെന്ന് താലൂക്ക് ആശുപത്രി സൂപ്രണ്ട് പറഞ്ഞു.
എം.എൽ.എയുടെ പ്രതിനിധി പി. മുഹമ്മദ് അധ്യക്ഷത വഹിച്ചു. തഹസിൽദാർ ഹാരിസ് കപ്പൂർ, പൂക്കോട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് കെ. മുഹമ്മദ് ഇസ്മായിൽ, കീഴുപറമ്പ് പഞ്ചായത്ത് പ്രസിഡന്റ് വി.പി. സഫിയ, തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.പി. ഷാഹിദ മുഹമ്മദ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി. രാധാകൃഷ്ണൻ, ഇ. അബ്ദുല്ല, ഒ.ജെ. സജി, കെ.എം. ജോസ്, സി.ടി. രാജു, കെ.ടി. ജോണി, വല്ലാഞ്ചിറ നാസർ, ഖാലിദ് മഞ്ചേരി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.