കാലിക്കറ്റ് സർവകലാശാല മേഖലയിൽ ലഹരി ഇടപാട് വർധിക്കുന്നു
text_fieldsതേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല കാമ്പസ് പരിസരം മുതൽ തലപ്പാറ ദേശീയ പാത വരെയുള്ള മേഖലയിൽ മാസങ്ങൾക്കുള്ളിൽ പൊലീസ് രജിസ്റ്റർ ചെയ്തത് 104 ലഹരിക്കേസുകൾ. ഇതിൽ 35 എണ്ണം അബ്കാരി കേസുകളാണ്. 69 എണ്ണം ലഹരിമരുന്ന് കേസുകളും.
അബ്കാരി കേസുകളിൽ 17 എണ്ണവും താഴേ ചേളാരി, മേലേ ചേളാരി മേഖലകൾ കേന്ദ്രീകരിച്ചുള്ളവയാണ്. സർവകലാശാല കാമ്പസ് പരിസരം കേന്ദ്രീകരിച്ച് 22 മയക്കുമരുന്ന്, കഞ്ചാവ് കേസുകളും ഒമ്പത് അബ്കാരി കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. സർവകലാശാല കാമ്പസ് പരിസരം, ചേളാരി, കൊണ്ടോട്ടി ടൗൺ, വിമാനത്താവള പരിസരം, ചെമ്മാട്, പരപ്പനങ്ങാടി മേഖലകൾ കേന്ദ്രീകരിച്ചുള്ള ലഹരിവിൽപന വ്യക്തമാക്കുന്ന കേസുകളാണ് ഒട്ടുമിക്കവയുമെന്ന് പോലീസ് പറയുന്നു.
മറ്റു ജില്ലകളിൽനിന്നുള്ള വിദ്യാർഥികളും, അന്തർ സംസ്ഥാന തൊഴികളികളുമാണ് പ്രധാനമായും ലഹരി ഉപയോഗിക്കുന്നവരും വിൽപന നടത്തുന്നവരുമെന്ന് പൊലീസ് രേഖകൾ വ്യക്തമാക്കുന്നു.
സ്കൂൾകുട്ടികൾ മുതൽ സ്ത്രീകൾ വരെ ലഹരിക്കാടിമപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും കേസുകളെ പരാമർശിച്ച് പോലീസ് സാക്ഷൃപ്പെടുത്തുന്നു. പിടിക്കപ്പെടുന്നതിനേക്കാൾ പല മടങ്ങാണ് ലഹരി ഇടപാടും ഉപയോഗവും. അതിനാൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മറ്റ് പൊതു ഇടങ്ങളിലും ജനങ്ങൾ ശക്തമായ ജാഗ്രത പാലിക്കണമെന്നാണ് പൊലീസിന്റെ നിർദേശം. വീട്ടിൽനിന്ന് വിട്ടുനിന്ന് പഠിക്കുന്ന വിദ്യാർഥികളുടെ കാര്യത്തിൽ രക്ഷിതാക്കൾക്ക് പ്രത്യേക ശ്രദ്ധ വേണമെന്നാണ് ആവർത്തിച്ചുള്ള മുന്നറിയിപ്പ്. സ്കൂൾ തലം മുതൽ സർവകലാശാല തലം വരെ ഇക്കാര്യത്തിൽ പ്രത്യേക നിരീക്ഷണം ഉണ്ടാകണമെന്നും പൊലീസ് വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.