ജനകീയ ഹോട്ടലുകൾക്കുള്ള കുടിശ്ശിക ലഭിച്ചില്ല; കുടുംബശ്രീ അയൽക്കൂട്ടം അംഗങ്ങൾ ദുരിതത്തിൽ
text_fieldsമലപ്പുറം: കുടുംബശ്രീ ജനകീയ ഹോട്ടലുകൾക്ക് കുടിശ്ശികയിനത്തിൽ ലഭിക്കാനുള്ള തുക ലഭിക്കാത്തതിനാൽ അയൽക്കൂട്ടം അംഗങ്ങൾ ദുരിതത്തിൽ. സംസ്ഥാനത്ത് ഏകദേശം 40 കോടിയോളം രൂപ ജനകീയ ഹോട്ടൽ നടത്തിയ വകയിൽ സർക്കാർ കുടുംബശ്രീ അംഗങ്ങൾക്ക് നൽകാനുണ്ടെന്നാണ് കണക്ക്.
സർക്കാറിന്റെ പ്രതിഛായ വർധിപ്പിച്ച ‘20 രൂപയുടെ ഊൺ’ പദ്ധതി നടപ്പാക്കിയവരോട് നന്ദികേട് കാണിക്കുകയാണെന്നാണ് ആരോപണമുയർന്നിരിക്കുന്നത്. പലിശക്ക് കടം വാങ്ങിയും സ്വന്തം നിലയിൽ മുതൽ മുടക്കിയുമാണ് ആയിരക്കണക്കിന് കുടുംബശ്രീ വനിതകൾ 20 രൂപക്ക് ഊൺ വിളമ്പിയ ഹോട്ടൽ നടത്തിയിരുന്നത്. 20 രൂപക്ക് ഊൺ വിൽക്കുമ്പോൾ പത്ത് രൂപ സബ്സിഡിയായി സർക്കാർ നൽകുമെന്നായിരുന്നു വാഗ്ദാനം.
2021 ജനുവരി മുതലാണ് ജനകീയ ഹോട്ടൽ തുടങ്ങിയത്. തുടക്കകാലത്ത് സബ്സിഡി മുടങ്ങാതെ ലഭിച്ചു.പിന്നെ അഞ്ചും ആറും മാസത്തിലായി. നിലവിൽ രണ്ടുവർഷം വരെ കുടിശ്ശിക കിട്ടാനുള്ള യൂനിറ്റുകളുണ്ട്.കഴിഞ്ഞ ആഗസ്റ്റ് ഒന്നുമുതൽ സർക്കാർ സബ്സിഡി പിൻവലിച്ചു.
പക്ഷേ, ഇവർക്ക് നൽകാനുള്ള കുടിശ്ശിക തീർത്തില്ല. ആഗസ്റ്റ് ഒന്നുമുതൽ ജനകീയ ഹോട്ടലുകൾ നിർത്തിയ ഉത്തരവ് വന്നത് ആഗസ്റ്റ് 11നാണ്. 11 ദിവസത്തെ സബ്സിഡി ആര് നൽകുമെന്ന കാര്യത്തിലും അനിശ്ചിതത്വമാണ്. കൂടുതൽ കുടുംബശ്രീ യൂനിറ്റുകളുള്ള മലപ്പുറത്ത് 144 ഓളം ഹോട്ടലുകളാണ് പ്രവർത്തിച്ചത്. ആറുകോടി രൂപ ജില്ലയിൽ കുടിശ്ശികയുണ്ട്.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരാണ് സംരംഭകർ. കോവിഡ് കാലത്ത് സമൂഹ അടുക്കള നടത്തിയവരും തുടർന്ന് വിശപ്പ് രഹിത പദ്ധതി നടപ്പാക്കാൻ സർക്കാറുമായി സഹകരിച്ചവരുമാണ് ഈ വനിതകൾ. ഇതേ അനുഭവമാണ് റേഷൻ വ്യാപാരികൾക്കുമുള്ളത്. ദുരിതകാലത്ത് കിറ്റ് വിതരണം ചെയ്ത വകയിൽ നൽകാനുള്ള അമ്പത് കോടി രൂപ സർക്കാർ നൽകിയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.