രോഗ വ്യാപനത്തിനിടെയും വലിയ തോട്ടിൽ മാലിന്യം തള്ളൽ
text_fieldsകൊണ്ടോട്ടി: ജലജന്യ രോഗങ്ങള്‍ സാധാരണക്കാരുടെ ജീവന് ഭീഷണിയായിരിക്കെ കൊണ്ടോട്ടി നഗരത്തിലെ പ്രധാന ജലസ്രോതസ്സ് അനിയന്ത്രിതമായ വിധത്തില്‍ മലിനീകരണത്തിന് വിധേയമാകുന്നത് നഗരവാസികളെയും വ്യാപാരികളെയും യാത്രികരെയും ഒരുപോലെ വലക്കുന്നു.
കരിപ്പൂര്‍ വിമാനത്താവളത്തിന്റെ മാതൃനഗരം കൂടിയായ കൊണ്ടോട്ടിയില്‍ നഗരമധ്യത്തിലൂടെ ഒഴുകുന്ന തോട് രാസ, ജൈവ മാലിന്യങ്ങളുടെ പിടിയിലാണ്. യഥാസമയം ജലാശയ ശുദ്ധീകരണം നടത്താത്തതിനാല്‍ മണ്ണടിഞ്ഞ് നികന്ന തോട് ഓരോ കാലവര്ഷങ്ങളിലും വെള്ളപ്പൊക്കത്തിനും കാരണമാകുന്നുണ്ട്.
ഇക്കാര്യത്തില്‍ കാര്യക്ഷമമായ ഇടപെടല്‍ വേണമെന്നാവശ്യപ്പെട്ട് തോടൊഴുകുന്ന ദേശീയപാതയോരത്തെ താമസക്കാരും വ്യാപാരികളും നിരന്തരം നഗരസഭയുമായി ബന്ധപ്പെട്ടിട്ടും നടപടിയായിട്ടില്ല. വലിയ തോടിന്റെ നവീകരണത്തിന് പ്രതിവര്‍ഷമുള്ള ബജറ്റുകളില്‍ നഗരസഭ തുക നീക്കിവെക്കാറുണ്ടെങ്കിലും നേരത്തേ പ്രഖ്യാപിച്ച കേന്ദ്രാവിഷ്കൃത പദ്ധതിയായ ‘നഗര സഞ്ചയം’ നടപ്പാക്കുമെന്ന് പറഞ്ഞ് അനിവാര്യമായ പ്രവൃത്തികളും വൈകുകയാണ്.
പകര്‍ച്ചവ്യാധികള്‍ വെല്ലുവിളി തീര്‍ക്കുമ്പോള്‍ നിരവധി കുടുംബങ്ങള്‍ താമസിക്കുകയും വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന വലിയ തോടിന്റെ ഓരങ്ങളില്‍ നിലവിലെ അവസ്ഥ ആശങ്കാജനകമാണെന്ന് കൊണ്ടോട്ടി ദയാനഗര്‍ റെസിഡന്റ്സ് അസോസിയോഷന് ആരോപിച്ചു. ജലാശയത്തിലേക്ക് മാലിന്യം എത്തുന്നതിന്റെ ഉറവിടം കണ്ടെത്തി തടയാന്‍ നടപടികളുണ്ടാകുന്നില്ല. ഇത് സമീപത്തെ ശുദ്ധജല സ്രോതസ്സുകള്‍ മലിനമാകാനും കാരണമാകുകയാണ്.
കൊടിമരം മുതല്‍ ദയാനഗര്‍ പാലം വരെയുള്ള ഭാഗങ്ങള്‍ പരിശോധിച്ചതില്‍ നഗരസഭയുടെ ശുചിമുറിയില്‍നിന്നും സ്വകാര്യ സ്ഥാപനങ്ങളില്‍നിന്നും ജലാശയത്തിലേക്ക് മാലിന്യം ഒഴുക്കുന്നത് കണ്ടത്തിയിട്ടുണ്ട്. ഇത്തരമൊരു പരിശോധനപോലും നഗരസഭ നടത്തി നടപടി സ്വീകരിക്കുന്നില്ലെന്ന് അസോസിയേഷന് ഭാരവാഹികള്‍ കുറ്റപ്പെടുത്തി.
പ്രശ്നത്തില്‍ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നഗരസഭ അധികൃതര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ് തദ്ദേശീയര്‍. നടപടി വൈകുകയാണെങ്കില്‍ ജനകീയ പ്രക്ഷോഭത്തിനും നാട്ടുകാര്‍ തയാറെടുക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.