സല്‍ക്കാരശേഷം മാലിന്യം വഴിയില്‍ തള്ളി; വീട്ടുകാരെ കൊണ്ട് നീക്കംചെയ്യിച്ച് പൊലീസ്
text_fieldsഎടക്കര: വിവാഹസല്ക്കാരശേഷം റോഡരികില്‍ തള്ളിയ മാലിന്യം വീട്ടുകാരെ കൊണ്ടുതന്നെ നീക്കംചെയ്യിച്ച് പൊലീസ്.
ചാത്തംമുണ്ട സുല്‍ത്താന്‍പടി കോളനിക്ക് സമീപം ജനവാസകേന്ദ്രത്തിലാണ് വിവാഹവീട്ടില്നിന്നുള്ള മാലിന്യം റോഡരികില്‍ തള്ളിയത്. പ്രദേശവാസികളുടെ പരാതിയെ തുടര്‍ന്ന് പോത്തുകല്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മാലിന്യം തള്ളിയവവരെ കുറിച്ച് വിവരം ലഭിച്ചത്.
കഴിഞ്ഞ 10ന് ചുങ്കത്തറ അണ്ടിക്കുന്നിലെ വീട്ടിലെ വിവാഹശേഷമാണ് മാലിന്യങ്ങളെല്ലാം റോഡരികില്‍ നിക്ഷേപിച്ചത്.
സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചും വിവാഹത്തിന് നേരത്തെ അപേക്ഷ നല്കിയവരെക്കുറിച്ച അന്വേഷണത്തിലുമാണ് ഉത്തരവാദികളെ കണ്ടെത്തിയത്. പൊലീസെത്തിയപ്പോള്‍ തങ്ങള്‍ മാലിന്യം നീക്കാെമന്ന് വീട്ടുകാര്‍ അറിയിക്കുകയായിരുന്നു. ഇവരോടൊപ്പം ട്രോമാകെയര്‍ പ്രവര്‍ത്തകരും നാട്ടുകാരും കോളനി പരിസരം ശുചീകരിച്ചു.
പോത്തുകല്‍ എസ്.ഐ കെ. അബ്ബാസ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ മധു കുര്യാക്കോസ്, സിവില്‍ പൊലീസ് ഓഫിസര്‍മാരായ സജീവന്, സലീല്‍ ബാബു, കൃഷ്ണദാസ്, മുജീബ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടി.
കാലങ്ങളായി കോളനിക്ക് സമീപത്തെ റോഡിലാണ് മത്സ്യ, മാംസ അവശിഷ്ടങ്ങളും വിവാഹവീടുകളിലെ ഭക്ഷണാവശിഷ്ടങ്ങളും തള്ളുന്നത്. നിരവധിതവണ നാട്ടുകാര്‍ പൊലീസില്‍ പരാതിപ്പെട്ടിരുന്നെങ്കിലും മുൻസംഭവങ്ങളിലൊന്നും ഉത്തരവാദികളെ പിടികൂടാനായിരുന്നില്ല. പ്രദേശത്ത് കാമറ അടിയന്തരമായി സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് എസ്.ഐ അറിയിച്ചു.
മാലിന്യം തള്ളാനെത്തുന്നവരെ തടഞ്ഞ് വിവരം സ്റ്റേഷനിലറിയിക്കാന് സമീപത്തെ യുവാക്കളെയും പൊലീസ് ചുമതലപ്പെടുത്തി.
ട്രോമാകെയര്‍ അംഗങ്ങളായ കെ. അബ്ദുല്‍ കരീം, കെ. സുലൈമാന്‍, കെ. ഹുസൈനാര്, ക്ലബ് ഭാരവാഹികളായ റിയാസ്, സുരേഷ് ബാബു, അബൂബക്കര്‍, ബിന്‍സ് എന്നിവര്‍ മാലിന്യം ശേഖരിക്കാനും സംസ്കരണ പ്ലാൻറിലെത്തിക്കാനും നേതൃത്വം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.