വീട് നിർമാണ അഴിമതി ആരോപണം; പഞ്ചായത്ത് അംഗത്തെ സി.പി.എം ലോക്കൽ കമ്മിറ്റിയിൽനിന്ന് പുറത്താക്കി
text_fieldsഎടക്കര: വെള്ളാരംകുന്ന് കോളനിയിലെ ആദിവാസി കുടുംബങ്ങളുടെ വീട് നിർമാണത്തിൽ അഴിമതി നടത്തിയെന്ന ആരോപണത്തിന് വിധേയനായ വാർഡ് അംഗം സന്തോഷ് കപ്രാട്ടിനെതിരെ സി.പി.എം നടപടി. സി.പി.എം ലോക്കൽ കമ്മിറ്റി അംഗമായ സന്തോഷിനെ തൽസ്ഥാനത്തുനിന്ന് ഒഴിവാക്കിയതായി ഏരിയ സെന്റർ അംഗങ്ങളായ പി. മോഹനൻ, യു. ഗിരീഷ് കുമാർ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കോളനിയിൽ അടുത്തിടെ നടന്ന മെഡിക്കൽ ക്യാമ്പിനിടയിലാണ് ഗുണഭോക്താക്കളായ കുടുംബങ്ങൾ പരാതി ഉന്നയിച്ചത്. സന്തോഷിനെതിരെ നിയമനടപടി സ്വീകരിക്കണമെന്നും പഞ്ചായത്ത് അംഗ സ്ഥാനം രാജിവെക്കണമെന്നുമാവശ്യപ്പെട്ട് യു.ഡി.എഫ് യുവജന സംഘടനകൾ പഞ്ചായത്ത് ഓഫിസിലേക്ക് മാർച്ച് നടത്തിയിരുന്നു.
എന്നാൽ, സന്തോഷിനെതിരെ യു.ഡി.എഫ് ഉന്നയിച്ച ആരോപണം അടിസ്ഥാന രഹിതമാണെന്ന് സി.പി.എം ഭാരവാഹികൾ പറഞ്ഞു. ലോക്കൽ കമ്മിറ്റി അംഗമെന്ന നിലയിലും പഞ്ചായത്ത് അംഗമെന്ന നിലയിലും ഇത്തരത്തിലുള്ള നിർമാണപ്രവൃത്തികൾ ഏറ്റെടുക്കാൻ പാടില്ലായിരുന്നു. ഇക്കാര്യത്തിൽ സന്തോഷിന് സംഭവിച്ച ജാഗ്രതക്കുറവ് നീതീകരിക്കാവുന്നതല്ല. ഇത് കണക്കിലെടുത്താണ് സംഘടനപരമായ ശിക്ഷനടപടിയെന്നും നേതാക്കൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.