ചെള്ള് പനി; മൂത്തേടത്ത് പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതം
text_fieldsഎടക്കര: മൂത്തേടം ഗ്രാമപഞ്ചായത്തില്‍ ചെള്ള് പനി കണ്ടെത്തിയതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പ് പ്രതിരോധ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. ആദ്യ ഘട്ടത്തില്‍ പഞ്ചായത്ത് തലത്തില്‍ മെമ്പര്‍മാര്‍ക്കും തൊഴിലുറപ്പ് മേറ്റ് മാര്‍ക്കുമായി നടത്തിയ യോഗം പ്രസിഡന്റ് പി. ഉസ്മാന് ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് ടി.പി. സഫിയ അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ അനീഷ് കാറ്റാടി, സെലീന റഷീദ്, സി.ഡി.എസ് പ്രസിഡന്റ് ഉഷ സച്ചിദാനന്ദന്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അനില്‍കുമാര്‍ എന്നിവർ സംസാരിച്ചു. എലി, അണ്ണാന് തുടങ്ങിയ ജീവികളുടെ ചെവികളില്‍ നിന്നുണ്ടാകുന്ന വളരെ ചെറിയ ചെള്ളുകളാണിത്. ഇത്തരത്തിലുള്ള ചെള്ളുകള്‍ മനുഷ്യശരീരത്ത് കടിക്കുമ്പോള്‍ ശരീരത്തിന് ബാഹ്യഭാഗത്ത് ത്വക്കിന്റെ പുറത്ത് ചെറിയ മുറിവുകളും പാടുകളും ഉണ്ടാകുന്നു. പനിയും ക്ഷീണവും ശരീരവേദന, തലവേദന എന്നിവയുമാണ് ലക്ഷണങ്ങള്‍. പനി മനുഷ്യനില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്നില്ല.
രോഗകാരിയായ ചെള്ള് കടിക്കുമ്പോള്‍ മാത്രമാണ് മനുഷ്യനില്‍ അസുഖം ബാധിക്കുന്നത്. വൃത്തിഹീന സാഹചര്യത്തില്‍ പണിയെടുക്കുമ്പോഴും എലികളുടെ ആവാസകേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്ന മേഖലകളിലുമാണ് ഈ അസുഖം പകരാൻ കൂടുതല്‍ സാധ്യത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.