ആദിവാസികളുടെ പ്രാഥമികാവശ്യങ്ങള്‍ അടിയന്തരമായി പരിഹരിക്കും –സബ് കലക്ടര്‍
text_fieldsഎടക്കര: ചാലിയാര്‍ പുഴക്കക്കരെ മുണ്ടേരി ഉള്‍വനത്തില്‍ സ്ഥിതി ചെയ്യുന്ന ആദിവാസികളുടെ പ്രാഥമിക ആവശ്യങ്ങള്‍ അടിയന്തരമായി പരിഹരിക്കുമെന്ന് പെരിന്തല്‍മണ്ണ സബ് കലക്ടര്‍ ശ്രീധന്യ സുരേഷ്. പോത്തുകല്‍ ഗ്രാമപഞ്ചായത്തില്‍ ചാലിയാറിനക്കരെയുള്ള മുണ്ടേരി ഇരുട്ടുകുത്തി, തരിപ്പപ്പൊട്ടി, വാണിയമ്പുഴ എന്നീ ആദിവാസി കോളനികളില്‍ സന്ദര്‍ശിച്ച സബ് കലക്ടര്‍ ആദിവാസികളുടെ പ്രശ്നങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷമാണ് ഇക്കാര്യം അറിയിച്ചത്.
എന്നാല്‍, കോളനി നിവാസികളുടെ പ്രധാന ആവശ്യമായ പുനരധിവാസം സംബന്ധിച്ച പ്രശ്നം സര്‍ക്കാറിെൻറ പരിഗണന അര്‍ഹിക്കുന്ന വിഷയമാണെന്നും അതിന് കാലതാമസമുണ്ടാകുമെന്നും അറിയിച്ചു. 2019ലെ പ്രളയത്തില്‍ വാണിയമ്പുഴ ആദിവാസി കോളനിയില്‍ വെള്ളം കയറുകയും വീടുകള്‍ക്ക് നാശം സംഭവിക്കുകയും ചെയ്തതിനാല്‍ സമീപത്തെ കുന്നിന് മുകളില്‍ താൽക്കാലിക ഷെഡുകള്‍ നിര്‍മിച്ചാണ് ഇവര്‍ താമസിക്കുന്നത്. പഴയ കോളനി സ്ഥലത്ത് ഇനി വീടുകള്‍ വേണ്ടെന്നും ഇപ്പോള്‍ താമസിക്കുന്ന സ്ഥലത്ത് പുതിയ വീടുകള്‍ നിര്‍മിച്ചു നല്‍കണമെന്നുമാണ് കോളനി നിവാസികളുടെ ആവശ്യം. അതേസമയം, ചാലിയാറിനിക്കരെ മുണ്ടേരി വിത്തുകൃഷിത്തോട്ടത്തില്‍ അനുയോജ്യമായ സ്ഥലം നല്കിയാല് മാറി താമസിക്കുമോ എന്ന സബ് കലക്ടറുടെ ചോദ്യത്തിന് തയാറല്ലെന്ന മറുപടിയാണ് ആദിവാസികള്‍ നല്‍കിയത്.
ഞങ്ങള്‍ ജനിച്ചതും വളര്‍ന്നതും ഞങ്ങളുടെ പൂര്‍വികര്‍ മരിച്ചതും ഈ വനത്തിലാണ്. അതിനാല്‍ ഇവിടംവിട്ട് പോകാന്‍ തയാറല്ലെന്ന് ആദിവാസികള്‍ ഒന്നടങ്കം പറഞ്ഞു. രണ്ടുവര്‍ഷമായി പുതിയ വീടിനും പ്രളയത്തില്‍ തകര്‍ന്ന പാലത്തിനുമായി സര്‍ക്കാര്‍ ഓഫിസുകള്‍ കയറിയിറങ്ങുകയാണെന്ന് വാണിയമ്പുഴ കോളനി നിവാസികളായ അഞ്ജന, സുധ, ബാബു എന്നിവര്‍ പറഞ്ഞു. റേഷന്‍ കാര്‍ഡില്ലാത്തവര്‍ക്ക് നല്കാന് സംവിധാനമൊരുക്കാമെന്നും തൊഴിലുറപ്പ് പദ്ധതിയില്‍ കൂടുതല്‍ പേരെ ചേര്‍ക്കാന്‍ അനുമതി നല്‍കുമെന്നും കലക്ടര്‍ പറഞ്ഞു.
കോളനിയില്‍ വേഗത്തില്‍ വൈദ്യുതി ലഭ്യമാക്കാനുള്ള സംവിധാനവുമൊരുക്കും. വനാവകാശ നിയമപ്രകാരമുള്ള വനഭൂമി തങ്ങള്‍ക്ക് അനുവദിക്കണമെന്ന ആവശ്യവും ആദിവാസികള്‍ ഉന്നയിച്ചു. പുതിയ ഊരുകൂട്ടം ചേര്‍ന്ന് താമസസ്ഥലം അനുവദിക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്നും സബ് കലക്ടര്‍ അറിയിച്ചു. പോത്തുകല്‍ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷാജി ജോണ്‍, അംഗങ്ങളായ തങ്ക കൃഷ്ണന്, മുസ്തഫ പാക്കട, കെ. ഷറഫുന്നിസ, നിലമ്പൂര്‍ തഹസില്‍ദാര്‍ രഘുനാഥ്, പോത്തുകല്‍ വില്ലേജ് ഓഫിസര്‍ പി. സുഭാഷ് കുമാര്‍, ഐ.ടി.ഡി.പി ടി.ഇ.ഒ ഉസ്മാന്, താലൂക്ക് സര്‍വേയര്‍ രാജീവ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.