കല്‍ക്കുളം വിട്ടുപോകാതെ കരടി; ജനം ഭീതിയില്‍
text_fieldsഎടക്കര: മൂത്തേടം പഞ്ചായത്തിലെ കല്ക്കുളത്ത് വീണ്ടും കരടിയിറങ്ങിയതായി നാട്ടുകാര്‍. കല്‍ക്കുളം പഞ്ചായത്തു മൈതാനത്തിനു സമീപത്തുള്ള കുന്നിലാണ് ഞായറാഴ്ച രാത്രി കരടിയെ കണ്ടത്. സ്കൂള്‍കുന്ന് ഭാഗത്തെത്തിയ കരടി കല്‍ക്കുളം കിഴക്കേ പനയന്നാംമുറി ബോസിെൻറ റബര്‍ തോട്ടത്തില്‍ സ്ഥാപിച്ച തേന്‍പെട്ടികള്‍ നശിപ്പിച്ചു.
ഒരാഴ്ചയായി കരടിയുടെ സാന്നിധ്യംകൊണ്ട് ഭീതിയില്‍ കഴിയുകയാണ് പ്രദേശവാസികള്‍. കഴിഞ്ഞ തിങ്കളാഴ്ചയും റബര്‍ തോട്ടത്തിലെ പെട്ടിത്തേന് പൊളിച്ച് അതിലെ അട കരടി തിന്നിരുന്നു.
ഇതേതുടര്‍ന്ന് വനപാലകര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.
കരടി വീണ്ടും വന്നാല്‍ കെണി വെക്കാമെന്ന് ഉറപ്പു നല്‍കിയാണ് അന്ന് വനപാലകര്‍ മടങ്ങിയത്. ഞായറാഴ്ച കരടി വീണ്ടും ഇറങ്ങിയതായി അറിയിച്ചിട്ടും വനം ദ്രുതകര്‍മ സേനയോ പടുക്ക സ്റ്റേഷനിലെ വനപാലകരോ ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു.
അധികൃതര്‍ അനാസ്ഥ തുടര്‍ന്നാല്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുള്ള പ്രക്ഷോഭത്തിന് മുന്നിട്ടിറങ്ങുമെന്ന് കല്‍ക്കുളം പൗരസമിതി ഭാരവാഹികള്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.