ചുങ്കത്തറ സാമൂഹികാരോഗ്യ കേന്ദ്രം; ഡയാലിസിസ് നാലാം ഷിഫ്റ്റിനുള്ള വിഭവ സമാഹരണം ഇന്ന്
text_fieldsഎടക്കര: ചുങ്കത്തറ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ജനകീയ പങ്കാളിത്തത്തോടെ പ്രവര്‍ത്തിക്കുന്ന ഡയാലിസിസ് കേന്ദ്രത്തില്‍ നാലാമതൊരു ഷിഫ്റ്റ് കൂടി ആരംഭിക്കാനുള്ള ധനസമാഹരണം ഞായറാഴ്ച നടക്കും.
നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ ആറ് ഗ്രാമപഞ്ചായത്തുകളിലാണ് ഞായറാഴ്ച ധനസമാഹരണം നടത്തുന്നത്. ജനകീയ പങ്കാളിത്തത്തോടെ 2017 ലാണ് കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചത്. 32 രോഗികള്‍ക്ക് ഡയാലിസിസ് ചെയ്തായിരുന്നു തുടക്കം. ഡയാലിസിസ് ആരംഭിച്ച കേരളത്തിലെ ആദ്യ സാമൂഹികാരോഗ്യ കേന്ദ്രമാണ് ചുങ്കത്തറയിലേത്. സെന്ററില്‍ നിലവില്‍ മൂന്ന് ഷിഫ്റ്റുകളിലായി 91 രോഗികളാണ് സൗജന്യമായി ഡയാലിസിസ് ചെയ്തുവരുന്നത്.
വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 40 ഓളം രോഗികള്‍ ഡയാലിസിസിനായി അപേക്ഷ നല്കി കാത്തിരിക്കുകയാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് നാലാം ഷിഫ്റ്റ് ആരംഭിക്കാന്‍ തീരുമാനിച്ചത്.
നാലാമത്തെ ഷിഫ്റ്റ് ആരംഭിക്കുന്നതിന് പ്രതിവര്‍ഷം 70 ലക്ഷം രൂപയാണ് ചിലവ് കണക്കാക്കുന്നത്. ഡയാലിസിസ് സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഫണ്ട് കണ്ടെത്താൻ സപ്പോര്‍ട്ടിങ് കമ്മിറ്റിയായ മരുപ്പച്ചയുടെ നേതൃത്വത്തില്‍ ഗ്രാമപഞ്ചായത് തലങ്ങളില്‍ യോഗം ചേരുകയും പഞ്ചായത്ത് തല സപ്പോര്‍ട്ടിങ് കമ്മിറ്റികള്‍ രൂപവത്കരിക്കുകയും ചെയ്തിരുന്നു.
ഈ യോഗത്തിലാണ് ധനസമാഹരണം നടത്താന്‍ തീരുമാനിച്ച് തിയതി നിശ്ചയിച്ചത്. ഇതിന്റെ ഭാഗമായി ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള 105 വാര്‍ഡുകളില്‍ വാര്‍ഡ് അംഗങ്ങള്‍, അയല്‍ക്കൂട്ടം പ്രവര്‍ത്തകര്‍, ആശപ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ക്ലബ് സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍, യുവജന രാഷ്ട്രീയ പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ കഴിഞ്ഞ ആഴ്ച മുതല്‍ വീടുകളില്‍ കവറുകള്‍ എത്തിച്ചിരുന്നു. ഈ കവറുകളാണ് ഞായറാഴ്ച തിരികെ വാങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.