ഫണ്ട് വകയിരുത്തിയിട്ടും പാലം നിര്‍മാണം തുടങ്ങിയില്ല; യാത്രാദുരിതം പേറി അപ്പന്‍കാപ്പ് കോളനിക്കാര്‍
text_fieldsഎടക്കര: ഫണ്ട് വകയിരുത്തിയിട്ടും പാലം നിര്‍മാണം തുടങ്ങാത്തതിനാൽ മുണ്ടേരി അപ്പന്‍കാപ്പ് കോളനിക്കാരുടെ യാത്രാദുരിതം തുടരുന്നു. കഴിഞ്ഞ വർഷങ്ങളിലുണ്ടായ പ്രളയത്തിലാണ് കോളനിയിലേക്ക് നിലവിലുണ്ടായിരുന്ന രണ്ട് നടപ്പാലങ്ങള്‍ തകര്‍ന്നുപോയത്. 2019ലെ പ്രളയത്തില്‍ കോളനിയുടെ താഴെ ഭാഗത്തുണ്ടായിരുന്ന നടപ്പാലം ഒലിച്ചുപോയതോടെ കോളനിക്കാര്‍ പാടെ ഒറ്റപ്പെട്ടിരുന്നു. തുടര്‍ന്ന് ആഗസ്റ്റ് 31ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണനും സംഘവും കോളനി സന്ദര്‍ശിക്കുകയും കോളനിയിലേക്ക് നീര്‍പുഴക്ക് കുറുകെ ഗതാഗതയോഗ്യമായ പാലം നിര്‍മിക്കുമെന്ന് വാഗ്ദാനം നല്‍കുകയും ചെയ്തിരുന്നു.
പാലം നിര്‍മാണം ഉള്‍പ്പടെ കോളനി വികസനത്തിന് ജില്ല പഞ്ചായത്ത് ഒരു കോടി ഇരുപത് ലക്ഷം രൂപ വകയിരുത്തിയതായി അദ്ദേഹം അന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഒരു വര്‍ഷം കഴിഞ്ഞിട്ടും പാലം യാഥാര്‍ഥ്യമായില്ല. കോളനിക്കാര്‍തന്നെ കെട്ടിയുണ്ടാക്കിയ താല്‍ക്കാലിക പാലത്തിലൂടെ സാഹസികമായി സഞ്ചരിച്ചാണ് സ്ത്രീകളും കുട്ടികളും വൃദ്ധരും രോഗികളും ഉള്‍പ്പടെയുള്ളവര്‍ പുറംലോകവുമായി ബന്ധപ്പെടുന്നത്. ഈ പാലമിപ്പോള്‍ മുളകള്‍ ദ്രവിച്ച് അപകടാവസ്ഥയിലാണുതാനും.
കോളനിയില്‍ നിരവധി പേര്‍ നിത്യരോഗികളായുണ്ട്. ഇവരില്‍ ഒരു കുട്ടിയടക്കം നാല് പേര്‍ വീല്‍ചെയറില്‍ മാത്രം സഞ്ചരിക്കുന്നവരാണ്. ഇവരെ ആശുപത്രികളില്‍ എത്തിക്കുന്നതിനാണ് കോളനിക്കാര്‍ ഏറെ ദുരിതമനുഭവിക്കുന്നത്. വൃദ്ധരായ രോഗികളെ ആശുപ്രതികളില്‍ കൊണ്ടുപോകുന്നതും സാഹസികമായാണ്. കസേരയില്‍ രോഗികളെ ഇരുത്തി ആടിയുലയുന്ന താല്‍ക്കാലിക പാലത്തിലൂടെ ഭീതിയോടെയാണിവര്‍ കോളനിയില്‍നിന്ന് പുറത്ത് കടക്കുന്നത്. മഴക്കാലത്ത് നീര്‍പുഴ കരകവിയുന്നതോടെ കോളനിയിലെ ഭൂരിഭാഗം വീടകളിലും വെള്ളം കയറുക പതിവാണ്. പ്രളയത്തില്‍നിന്ന് രക്ഷപെട്ട് മറുകരയെത്താന്‍ ഗതാഗതയോഗ്യമായ പാലം നിര്‍മിക്കണമെന്ന് കോളനിക്കാര്‍ കാലങ്ങളായി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ ജലരേഖകളായി മാറുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.