മുണ്ടേരി നാരങ്ങാപൊയിലിൽ വിള്ളല്‍: മൂന്ന് കുടുംബങ്ങളോട് മാറി താമസിക്കാൻ നിർദേശം
text_fieldsഎടക്കര: പോത്തുകൽ പഞ്ചായത്തിലെ മുണ്ടേരി നാരങ്ങാപൊയിൽ കോളനിയിൽ മൺതിട്ടയിൽ വിള്ളൽ കണ്ടെത്തിയ സാഹചര്യത്തിൽ മൂന്ന് കുടുംബങ്ങൾക്ക് മാറിത്താമസിക്കാൻ നിർദേശം. കോളനിയിലെ പാലയുടെ വീടിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ ഭൂമിയിലെ മൺതിട്ടയിലാണ് പത്ത് മീറ്ററിലധികം നീളത്തിൽ വിള്ളലുള്ളത്.
ചൊവ്വാഴ്ച പെയ്ത മഴയിൽ ഇവിടെ നേരിയ തോതിൽ മണ്ണിടിച്ചിലുണ്ടായിരുന്നു. കാട് മൂടിയതിനാൽ വിള്ളലിന്റെ വ്യാപ്തി കണ്ടെത്താനായില്ല. എന്നാൽ, വ്യാഴാഴ്ചയാണ് വീട്ടുകാർ വിള്ളൽ മൂലം മൺതിട്ട അടർന്നുനിൽക്കുന്നത് കണ്ടത്. തുടർന്ന് വില്ലേജ്, പഞ്ചായത്ത്, വനം അധികൃതർ എത്തി പരിശോധന നടത്തി.
മണ്ണിടിച്ചിൽ ഭീഷണിയുള്ളതിനാൽ സമീപം താമസിക്കുന്ന പാല, ചന്ദ്രൻ, ശ്രീജ സുന്ദരൻ എന്നിവരുടെ കുടുംബങ്ങളോട് മാറിത്താമസിക്കാൻ നിർദേശം നൽകി. നാരങ്ങാപൊയിലിൽ തന്നെയുള്ള ബദൽ സ്കൂളിലാണ് 20 അംഗ കുടുംബങ്ങൾക്ക് താമസിക്കാൻ സൗകര്യപ്പെടുത്തുന്നത്. പോത്തുകൽ വില്ലേജ് ഓഫിസർ കെ.പി. വിനോദ്, സ്പെഷൽ വില്ലേജ് ഓഫിസർ എം. മുഹമ്മദ് അഷ്റഫ്, പഞ്ചായത്ത് അംഗങ്ങളായ പി.എൻ. കവിത, കെ. റുബീന, നാസർ സ്രാമ്പിക്കൽ, കെ. ഷറഫുന്നിസ, സലൂബ് ജലീൽ എന്നിവരും സ്ഥലത്തെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.