പാലുണ്ട-മുണ്ടേരി റൂട്ടിൽ പാതിരിപ്പാടത്ത് കലുങ്ക് തകർന്നു
text_fieldsഎടക്കര: മലയോര പാതയുടെ ഭാഗമായ പാലുണ്ട-മുണ്ടേരി റൂട്ടില്‍ പാതിരിപ്പാടത്ത് കലുങ്ക് തകര്‍ന്നു. ഈ റൂട്ടിലൂടെയുള്ള ഗതാഗതം പാടെ തടസ്സപ്പെട്ടു. പാതിരിപ്പാടം അങ്ങാടിക്കും പാണ്ടിപ്പുഴ പാലത്തിനുമിടയിലുള്ള കലുങ്കാണ് വ്യാഴാഴ്ച തകര്‍ന്ന് വീണത്. കലുങ്ക് തകര്‍ന്ന സമയത്ത് വാഹനങ്ങള്‍ കടന്നുപോകാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി. ഇതോടെ പാലുണ്ട മുണ്ടേരി റൂട്ടില്‍ വാഹന ഗതാഗതം നിരോധിച്ചു.
അമ്പതിലധികം സ്വകാര്യ ബസുകളും സ്കൂള്‍ ബസുകളും അടക്കം നൂറ് കണക്കിന് വാഹനങ്ങള്‍ നിത്യേന കടന്നുപോകുന്ന റൂട്ടാണിത്. 40 വര്‍ഷം മുമ്പ് നിര്‍മിച്ച കലുങ്ക് കാലപ്പഴക്കം കൊണ്ട് അപകടാവസ്ഥയിലായിട്ട് വര്‍ഷങ്ങളായി. അപകട മുന്നറിയിപ്പ് കാണിച്ചും കലുങ്ക് പുതുക്കി പണിയണമെന്ന് ആവശ്യപ്പെട്ടും നിരവധി തവണ നാട്ടുകാര്‍ ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍, ഒരു നടപടിമുണ്ടായില്ല. ഇതിനിടെയാണ് വ്യാഴാഴ്ച രാവിലെ വലിയ ശബ്ദത്തോടെ കലുങ്ക് തകര്‍ന്ന് വീണത്.
കരിങ്കല്ല് കൊണ്ട് വശങ്ങള് കെട്ടിയാണ് കലുങ്ക് നിര്‍മിച്ചിരിക്കുന്നത്. സംരക്ഷണഭിത്തിയടക്കം പാടെ തകര്‍ന്നുപോയി. വിവരമറിഞ്ഞ് എത്തിയ പൊതുമരാമത്ത് വകുപ്പ് ഉദ്യേഗസ്ഥര്‍ റിബണ്‍ കെട്ടി ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചു. ചുങ്കത്തറയില്‍ നിന്ന് പോത്തുകല്‍ ഭാഗത്തേക്കുള്ള വാഹനങ്ങള്‍ പൂക്കോട്ടുമണ്ണ സുല്‍ത്താന്‍പടി വഴിയും എടക്കരയില്നിന്നുള്ള വാഹനങ്ങള്‍ നല്ലംതണ്ണി മണക്കാട് വഴിയോ കൗക്കാട് വഴിയോ ആണ് യാത്ര ചെയ്യേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.