കാട്ടാനക്കൂട്ടം ഇറങ്ങിയ പ്രദേശം ഡി.എഫ്.ഒ സന്ദർശിച്ചു
text_fieldsഎടക്കര: മുത്തേടം പാലാങ്കരയില്‍ കാട്ടാനകളെ തുരത്താൻ വാച്ചർമാരെ നിയമിക്കുമെന്നും ചെറുപുഴപാലം മുതല്‍ കരുളായി പാലം വരെ സോളാര്‍ ഫെന്‍സിങ്ങ് ഉടന്‍ സ്ഥാപിക്കുമെന്നും നിലമ്പൂർ സൗത്ത് ഡി.എഫ്.ഒ പി. പ്രവീൺ. പാലാങ്കരയിൽ കഴിഞ്ഞദിവസം കാട്ടാനക്കൂട്ടം ഇറങ്ങിയതുമായി ബന്ധപ്പെട്ട് കല്ലേംതോട് മുക്ക് വനം ഔട്ട് പോസ്റ്റിൽ എത്തി കര്‍ഷകരുമായി നടത്തിയ ചർച്ചയിലാണ് ഡി.എഫ്.ഒ ഇക്കാര്യത്തിൽ ഉറപ്പ് നൽകിയത്.
കല്ലേംതോട് മുതല്‍ താന്നിപ്പൊട്ടി വരെ തൂക്ക് ഫെന്‍സിങ് നിര്‍മാണം ആരംഭിച്ചിട്ടുണ്ട്. ഈ പ്രവൃത്തി ഉടന്‍ പൂര്‍ത്തീകരിക്കും. മൂത്തേടം, കരുളായി പഞ്ചായത്തുകളിൽ ഫെന്‍സിങ് പരിപാലനവുമായി ബന്ധപ്പെട്ട് ഉടന്‍ യോഗം വിളിക്കാന്‍ കരുളായി വനം റേഞ്ച് ഓഫിസര്‍ മുജീബ്‌റഹ്മാന് നിര്‍ദേശം നല്‍കി.
മൂത്തേടം ഗ്രാമപഞ്ചായത്ത് അംഗം ഡെയ്‌സി തായങ്കേരി, കര്‍ഷകരായ ലെഞ്ചു ഓവനവടക്കേതില്‍, രാജന്‍ ജോര്‍ജ് ആട്ടശ്ശേരി, കെ.എ. പീറ്റര്‍, എ.കെ. ഇബ്രാഹിം, മുജീബ് കോയ, സി.കെ. ബിന്‍ഷാദ്, ആര്‍. വാസുദേവന്‍ പിള്ള, സണ്ണി തുടങ്ങി നിരാവധിയാളുകള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. അതേസമയം, കഴിഞ്ഞ ദിവസം കാട്ടാനക്കൂട്ടമിറങ്ങി കൃഷിനാശം വിതച്ച പ്രദേശം സന്ദര്‍ശിക്കാതെ ഡി.എഫ്.ഒ മടങ്ങിയതില്‍ കര്‍ഷകരിൽ പ്രതിഷേധമുണ്ട്.
ചൊവ്വാഴ്ച പുലര്‍ച്ചയാണ് തീറ്റ തേടിയെത്തിയ 11ഓളം കാട്ടാനക്കൂട്ടം ജനവാസ മേഖലയിലെത്തിയത്. നേരം പുലര്‍ന്നിട്ടും കാട്ടിലേക്ക് തിരിച്ചുപോകാനാവാതെ കുട്ടികളടക്കമുള്ള കാട്ടാനക്കൂട്ടം ഒഴലക്കല്‍ കടവിലെ കരിമ്പുഴ മധ്യത്തില്‍ തമ്പടിക്കുകയായിരുന്നു. തുടര്‍ന്ന് ആര്‍.ആര്‍.ടി അധികൃതരെത്തിയാണ് കാട്ടാനക്കൂട്ടത്തെ കാട്ടിലേക്ക് തിരിച്ച് കയറ്റിയത്. പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.