ആനക്കൊമ്പുകള്‍ പിടികൂടൽ; ആകാംക്ഷയിലും കൗതുകത്തിലും നാട്ടുകാർ
text_fieldsഎടക്കര ടൗണിലെ സ്ഥാപനത്തില്‍ നിന്നും ചാക്കില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെടുത്ത
ആനക്കൊമ്പുകള്‍ വനപാലകര്‍ വനം വകുപ്പിന്റെ ജിപ്പില്‍ കയറ്റുന്നു
എടക്കര: നിലമ്പൂര്‍ മേഖലയില്‍ വ്യാപാര സ്ഥാപനങ്ങളില്‍ നിന്ന് ആനക്കൊമ്പുകള്‍ പിടികൂടുന്നത് ഇതാദ്യം. വിവിധ തരത്തിലുള്ള അലങ്കാര ഇലക്ട്രിക് ലൈറ്റുകള്‍ വില്പന നടത്തുന്ന സ്ഥാപനത്തില്‍നിന്നാണ് ബുധനാഴ്ച ഉച്ചയോടെ 31.5 കിലോയോളം തൂക്കമുള്ള രണ്ട് ആനക്കൊമ്പുകള്‍ പിടികൂടിയത്. അഞ്ച് വാഹനങ്ങളിലായി രാവിലെ പതിനൊന്നോടെയാണ് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് സംഘം എടക്കരയിലെത്തുന്നത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സംഘത്തിന്റെ പരിശോധന.
സ്ഥാപനത്തിലെത്തിയ അധികൃതര്‍ ആരെയും പുറത്തുപോകാന്‍ അനുവദിച്ചില്ല. പിന്നീട് ആനക്കൊമ്പിനെ കുറിച്ചായി ചോദ്യം. തിരച്ചില്‍ നടത്തിയ സംഘം ചാക്കില്‍ പൊതിഞ്ഞ് സൂക്ഷിച്ച ആനക്കൊമ്പുകള്‍ കണ്ടെടുത്തു. ഇതിനകം തന്നെ ആനക്കൊമ്പ് പരിശോധന നാട്ടിലാകെ പരന്നു. നോമ്പിന്റെ ആലസ്യത്തിലും കത്തുന്ന വേനല്‍ ചൂട് വകവെക്കാതെ ആളുകള്‍ റോഡരികിലെ ഒന്നാം നിലയുടെ മുകളിലെ സ്ഥാപനത്തിന്റെ ചില്ലുമതിലിനുള്ളിലെ പരിശോധനകള്‍ കണ്ടുനിന്നു.
ഡി.ആര്.ഐ സംഘം വന്ന് പരിശോധന ആരംഭിച്ച ശേഷമാണ് വനപാലകരെത്തിയത്. വൈകീട്ട് ആറേകാലോടെയാണ് കസ്റ്റഡിയിലെടുത്തവരെയും ആനക്കൊമ്പുമായും നിലമ്പൂരിലെ നോര്‍ത്ത് ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസിലേക്ക് സംഘം മടങ്ങിയത്. ഈ സമയം നൂറുകണക്കിനാളുകളാണ് ടൗണിന്റെ വശങ്ങളില് തടിച്ചുകൂടിയിരുന്നു. കസ്റ്റഡിലെടുത്തവരുടെയും ആനക്കൊമ്പിന്റെയും ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലും വന്‍ പ്രചാരം നേടി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.