ചക്ക തേടിയെത്തിയ കാട്ടാന നാടുവിറപ്പിച്ചു
text_fieldsഎടക്കര: ചക്ക തേടിയെത്തിയ കാട്ടാന നാടുവിറപ്പിച്ചു. റോഡിലൂടെ നടന്നുനീങ്ങിയ ആനക്ക് മുന്നിൽനിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടവർ നിരവധി. പോത്തുകല്ല് പഞ്ചായത്തിലെ ചെമ്പൻകൊല്ലി, കോടാലിപൊയിൽ, കൽക്കട്ട്, ചന്തക്കുന്ന്, പറയനങ്ങാടി പ്രദേശങ്ങളിലാണ് തിങ്കളാഴ്ച രാത്രി മുതൽ കാട്ടാന ഭീതിപരത്തിയത്.
കരിയംമുരിയം വനത്തിൽനിന്ന് തിങ്കളാഴ്ച രാത്രി ജനവാസ കേന്ദ്രത്തിൽ എത്തിയ ആന വ്യാപകമായി കൃഷി നശിപ്പിച്ചു. ചക്ക പറിച്ച് തിന്നും കൃഷി നശിപ്പിച്ചും വിലസിയ ഒറ്റയാൻ ചൊവ്വാഴ്ച പുലർച്ചെ വീടുകൾക്ക് മുന്നിലെത്തി ഭീതി പരത്തി. കോടാലിപൊയിലിലെ എറിയാട്ടുകുഴിയിൽ ഇസ്മായിലിന്റെ വീട്ടുവളപ്പിലെ തൊഴുത്ത് തകർത്തു. അതിനുള്ളിൽപെട്ട പോത്തിനെ പിന്നീട് വീട്ടുകാർ രക്ഷപ്പെടുത്തി.
ആന പരിയാരത്ത് ഹനീഫയുടെ വീടിന് മുന്നിലൂടെ കോടാലിപൊയിൽ-കൽക്കട്ട്- ചെമ്പൻകൊല്ലി റോഡിലേക്ക് പ്രവേശിച്ചു. ഈ സമയം വാഹനയാത്രികർ തലനാരിഴക്കാണ് ആനയുടെ മുന്നിൽനിന്ന് രക്ഷപ്പെട്ടത്. കാട്ടാനയുടെ സാന്നിധ്യം മൂലം ടാപ്പിങ് തൊഴിലാളികളും മദ്റസ വിദ്യാർഥികളും കടുത്ത ഭീതിയിലാണ്. അരമണിക്കൂർ നേരം നാട്ടുകാർ ബഹളം വച്ചും പടക്കം പൊട്ടിച്ചും പരിശ്രമിച്ച ശേഷമാണ് കാട്ടാന കാടുകയറിയത്. വനാതിർത്തിയോട് ചേർന്നുള്ള പാതയായതിനാൽ ഇവിടെ വഴിവിളക്കുകൾ സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.