പുഴക്ക് അക്കരെ കുടുങ്ങിയ ആദിവാസി യുവാവിന് രക്ഷകരായി അഗ്നിശമന സേന
text_fieldsഎടക്കര: നെഞ്ചുവേദന അനുഭവപ്പെട്ട മുണ്ടേരി ഉൾവനത്തിലെ ആദിവാസി യുവാവിനെ ചികിത്സക്കായി ആശുപത്രിയിലെത്തിച്ചത് സാഹസികമായി. ചാലിയാർ പുഴക്ക് അക്കരെ ഉൾവനത്തിലെ കുമ്പളപ്പാറ കോളനിയിലെ ദേവനെയാണ് (48) ഫയർ ആൻഡ് റെസ്ക്യൂ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വൈദ്യസഹായത്തിനായി പുറംലോകത്ത് എത്തിച്ചത്. ഹൃദയ സംബന്ധമായ അസുഖമുള്ള ദേവന് വ്യാഴാഴ്ച രാവിലെയാണ് കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടത്.
വിവരമറിഞ്ഞ് വാണിയംപുഴ വനം ഡെപ്യൂട്ടി റേഞ്ച് ഓഫിസർ കെ. ഷാജിയുടെ നേതൃത്വത്തിൽ ബി.എഫ്.ഒമാരായ സി.പി. ലാലു, സതീഷ് എന്നിവരടങ്ങിയ വനപാലക സംഘം കോളനിയിലെത്തി. കഴിഞ്ഞ പ്രളയത്തിൽ സഞ്ചാര മാർഗം ഇല്ലാതായ കോളനിയിൽ നിന്നും ആറു കിലോമീറ്റർ ദൂരത്തിൽ ചുമന്നും കസേരയിൽ ഇരുത്തിയുമാണ് ദേവനെ ചാലിയാർ ഇരുട്ടുകുത്തി കടവിലെത്തിച്ചത്.
വിവരമറിയിച്ചതിനെ തുടർന്ന് പോത്തുകൽ പൊലീസും നിലമ്പൂർ സ്റ്റേഷൻ ഓഫിസർ ചുമതല വഹിക്കുന്ന സി.കെ. നന്ദകുമാറിെൻറ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ജീവനക്കാരും സിവിൽ ഡിഫെൻസ് വളൻറിയർമാരും സ്ഥലത്തെത്തി.
കഴിഞ്ഞ ദിവസങ്ങളിൽ വനത്തിൽ പെയ്ത ശക്തമായ മഴയെ തുടർന്ന് കുത്തൊഴുക്കുള്ള ചാലിയാറിൽ റബർ ഡിങ്കി ബോട്ട് ഉപയോഗിച്ചാണ് യുവാവിനെ മറുകരയെത്തിച്ചത്.
ഉച്ചക്ക് രണ്ടോടെ പ്രമോട്ടർ ഹാൻസിക്കൊപ്പം ദേവനെ ആംബുലൻസിൽ നിലമ്പൂർ ജില്ല ആശുപത്രിയിലെത്തിച്ചു. 2019ൽ മഹാപ്രളയത്തിൽ നടപ്പാലം ഒലിച്ചു പോയതോടെ ചാലിയാറിന് അക്കരെയുള്ള നാല് കോളനിയിലെ കുടുംബങ്ങൾ ഒറ്റപ്പെട്ടിരിക്കുകയാണ്. മുള ചങ്ങാടത്തിലാണ് ഇവർ മറുകര എത്താറുള്ളത്.
എന്നാൽ, ശക്തമായ കുത്തൊഴുക്കുള്ളതിനാൽ ഈ സമയങ്ങളിൽ ചങ്ങാടത്തിലെ യാത്രയും ബുദ്ധിമുട്ടേറിയതാണ്. പ്രവർത്തനത്തിന് സീനിയർ ഫയർ ഓഫിസർമാരായ കെ. ശശികുമാർ, കെ. സന്തോഷ്കുമാർ, എൽ. ഗോപാലകൃഷ്ണൻ, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ ഇ.എം. ഷിൻറു, എ.എസ്. പ്രദീപ്, ടി.പി. പ്രശാന്ത്, വി. സിസിൽ ദാസ്, കെ. രമേഷ്, വി.യു. റുമേഷ്, കെ. മനേഷ്, സി. വിനോദ്, സിവിൽ ഡിഫൻസ് വളൻറിയർമാരായ കെ. അബ്ദുൽ സലാം, റിജു രാജ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.