പ്രളയ പുനരധിവാസം; ആദിവാസി കുടുംബങ്ങളുടെ കാര്യത്തിൽ വകുപ്പുകൾക്ക് അനങ്ങാപ്പാറ നയം
text_fieldsഎടക്കര (മലപ്പുറം): ഭൂമി വിട്ടുകൊടുക്കാന്‍ വനം വകുപ്പും വിട്ടുകിട്ടാൻ പട്ടികവർഗ വികസന വകുപ്പും നടപടി സ്വീകരിക്കാത്തത് ആദിവാസി കുടുംബങ്ങളുടെ പുനരധിവാസത്തിന് തടസ്സമാകുന്നു. 2019-ലെ മഹാപ്രളയത്തില്‍ കിടപ്പാടം നഷ് ടപ്പെട്ട മുണ്ടേരി ഉൾവനത്തില്‍ വസിക്കുന്ന 140 കുടുംബങ്ങളുടെ പുനരധിവാസമാണ് എങ്ങുമെത്താത്തത്. ഇരുട്ടുകുത്തി, വാണിയംപുഴ, തരിപ്പപൊട്ടി, കുമ്പളപ്പാറ, തണ്ടന്‍കല്ല് എന്നീ അഞ്ച് കോളനികളിലെ 140 കുടുംബങ്ങളെയാണ് പുനരധിവസിപ്പിക്കേണ്ടത്. ചാലിയാര്‍ പുഴയുടെ തീരങ്ങളിലുള്ള നിലവിലെ കോളനി വീടുകള്‍ മലവെള്ളം കയറിയും മണ്ണ് മൂടിയും നശിച്ചതിനാല്‍ വാസയോഗ്യമല്ലെന്ന് വിവിധ വകുപ്പുകള്‍ സാക്ഷ്യപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് പുനരധിവാസം ആവശ്യമായി വന്നത്.
പ്രളയത്തെത്തുടര്‍ന്ന് ആദിവാസികള്‍ വീടുകള്‍ ഉപേക്ഷിച്ച് സുരക്ഷിത സ്ഥലങ്ങളിലേക്ക് ചേക്കേറിയിരുന്നു. വേനല്‍ക്കാലമായതോടെ ചില കുടുംബങ്ങള്‍ തങ്ങളുടെ പഴയ വീടുകളിലേക്ക് തിരിെക എത്തി. ചേക്കേറിയ ഇടങ്ങളിലെ ഭൂമി പതിച്ച് നല്കി വീടുകള്‍ നിര്‍മിച്ച് നല്‍കണമെന്നും കൃഷി ചെയ്യാന്‍ ഭൂമി അനുവദിക്കണമെന്നുമാണ് ആദിവാസികളുടെ ആവശ്യം. എന്നാല്‍ ചേക്കേറിയ ഇടങ്ങളിലെ ഭൂമി വിട്ടുനല്‍കാന്‍ വനം വകുപ്പ് തയാറല്ല. കുറുമ്പലങ്ങോട് വില്ലേജില്‍ ആദിവാസി പുനരധിവാസത്തിനായി ഹൈകോടതി ഇടപെടലിനെത്തുടര്‍ന്ന് വനം വകുപ്പ് വിട്ടുനല്‍കിയ ഭൂമിയിലേക്ക് ആദിവാസികളെ പറിച്ച് നടാനാണ് വനംവകുപ്പ് ശ്രമിക്കുന്നത്.
എന്നാല്‍ തങ്ങള്‍ സ്വൈര്യവിഹാരം നടത്തുന്ന വനമേഖലയും, മലദൈവങ്ങെളയും വിട്ട് മറ്റൊരിടത്തേക്ക് പോകാന്‍ അദിവാസി വിശ്വാസങ്ങളും ആചാരങ്ങളും അനുവദിക്കുന്നില്ല. മുണ്ടേരിയിലെ ആദിവാസി പുനരധിവാസവുമായി ബന്ധപ്പെട്ട് പോത്തുകല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷാജി ജോണ്‍ നിലമ്പൂര്‍ നോര്‍ത്ത് ഡി.എഫ്.ഒയെ ഒരാഴ്ച മുമ്പ് കണ്ടിരുന്നു. പട്ടികവര്‍ഗ വികസന വകുപ്പ് ആവശ്യമായ നടപടികള്‍ സ്വീകരിക്കാത്തതാണ് വനഭൂമി വിട്ടുകൊടുക്കുന്നതിന് തടസ്സമെന്നാണ് ഡി.എഫ്.ഒ അറിയിച്ചത്.
എന്നാല്‍ വനഭൂമി വിട്ടുകിട്ടാതെ മറ്റ് നടപടികള്‍ സ്വീകരിക്കാന്‍ കഴിയില്ലെന്ന് പട്ടികവര്‍ഗ വികസന വകുപ്പും പറയുന്നു. ഇരു വകുപ്പുകളും തടസ്സവാദങ്ങളുമായി നിലനില്ക്കുമ്പോള് ആദിവാസികളാണ് പെരുവഴിയിലാകുന്നത്. പ്രളയത്തെത്തുടര്‍ന്ന് കെട്ടിയുണ്ടാക്കിയ താല്‍ക്കാലിക ഷെഡുകളുടെ ടാര്പോളില് ഷീറ്റുകള്‍ മരക്കൊമ്പുകള്‍ വീണ് നശിച്ചിരിക്കുകയാണ്. കാലവര്‍ഷത്തിന് മുമ്പേ ആദിവാസികള്‍ക്ക് ആവശ്യമായ ഭക്ഷ്യ വസ്തുക്കളും ടാര്‍പോളിന്‍ ഷീറ്റുകളും കോളനികളില്‍ എത്തിക്കുന്ന ഐ.ടി.ഡി.പി ഇത്തവണ അതിനും മുതിര്‍ന്നിട്ടില്ല. മഹാപ്രളയം കഴിഞ്ഞ് രണ്ട് വര്‍ഷമാകാറായിട്ടും ആദിവാസികളുടെ ദുരിതത്തിന് ഇതുവരെ അറുതിയായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.