ആഘോഷം മറന്നവർക്ക് അവർ സ്നേഹസ്പർശമേകി
text_fieldsഎടക്കര: സ്നേഹിക്കേണ്ടവരും സ്നേഹംകൊണ്ട് ആഘോഷം തീർക്കേണ്ടവരും ഉപേക്ഷിക്കപ്പെട്ടതിനാൽ ആഘോഷങ്ങളില്ലാതെ പോയ അമ്പതോളം മനുഷ്യ ജീവിതങ്ങൾക്കൊപ്പം സമയം ചെലവഴിച്ച് വിദ്യാർഥികൾ. ആരാരും തുണയില്ലാത്തവർക്ക് മൂത്തേടം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളാണ് കുറച്ചു നേരത്തെക്കെങ്കിലും മക്കളായും സഹോദരങ്ങളായും കൂടെ നിന്നത്.
നെടുവീർപ്പുകളുടെ സ്വരം മാത്രം ഉയരുന്ന അവിടം വിദ്യാർഥികളുടെ സാന്നിധ്യവും ഒച്ചയും ബഹളവുംകൊണ്ട് കുടുംബാന്തരീക്ഷം തീർത്തു. തങ്ങളെ കാണാൻ വന്ന വിദ്യാർഥികളെ മക്കളായി തന്നെ അവരും കണ്ടു. മോനേ എന്നും മോളേ എന്നും പലകുറി വിളിച്ച് പലരും സ്വന്തം മക്കളെ വിളിക്കാനുള്ള കൊതി തീർത്തു. പലരും കുട്ടികളുടെ അടുത്തിരുന്ന് വിധിയാൽ അടിച്ചേൽപിക്കപ്പെട്ട നിശ്ശബ്ദത ഭേദിച്ച് സംസാരിച്ചു കൊണ്ടേയിരുന്നു. വിദ്യാർഥികൾ സ്നേഹപൂർവം അവരുടെ കൈകളിൽ മൈലാഞ്ചിയണിയിച്ചു. അവരോടൊപ്പം പാട്ടുപാടിയും ഒപ്പന കളിച്ചും കുട്ടികൾ നിർമൽ ഭവനിൽ ഉത്സവാന്തരീക്ഷം തീർത്തു. ഇന്ന് പെരുന്നാളാണെന്നും ഓണമാണെന്നും ആരൊക്കെയോ വിളിച്ചു പറയുന്നുണ്ടായിരുന്നു.
എല്ലാവർക്കുമുള്ള പ്രഭാത ഭക്ഷണം കുട്ടികൾ എത്തിച്ചു. തുടർന്ന് പ്രാതൽ എല്ലാവരും ഒന്നിച്ചിരുന്ന് കഴിച്ചു. അവർക്കായി ഒരു കൊട്ട നിറയെ പഴവർഗങ്ങളും മിഠായികളും സമ്മാനമായി നൽകി. മനസ്സും ശരീരവും എന്ന വിഷയത്തിൽ ഫാ. രാജു തോട്ടത്തിൽ ക്ലാസ് എടുത്തു. പ്രോഗ്രാം ഓഫിസർ സുമയ്യ, പ്രിൻസിപ്പൽ മുജീബ് റഹ്മാൻ, അധ്യാപകരായ ഗഫൂർ കല്ലറ, മുഹമ്മദ് ഷാഫി, വളന്റിയർമാരായ ഷഹാസ്, നിയാസ്, അനുജ, മായ, വിനീഷ, ജോബിൻ, ജാബിർ, ഫർഹ, ജിതിൻ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.