മലയോരത്ത് കാലവര്‍ഷം കനത്തു; പുഴകളില്‍ ജലനിരപ്പുയര്‍ന്നു
text_fieldsഎടക്കര: കാലവര്‍ഷം ശക്തി പ്രാപിച്ചതോടെ മലയോര ഗ്രാമങ്ങള്‍ കടുത്ത ഭീതിയില്‍. പുഴകളും തോടുകളും നിറഞ്ഞൊഴുകാന്‍ തുടങ്ങി. ബുധനാഴ്ച വൈകീട്ട് മുതലാണ് മേഖലയില്‍ ശക്തമായ മഴ അനുഭവപ്പെട്ടു തുടങ്ങിയത്. ഇതിന് പുറമെ കേരള -തമിഴ്നാട് അതിര്‍ത്തി വനങ്ങളിലും അതിശക്തമായ മഴ പെയ്തിറങ്ങി. ഇതേത്തുടര്‍ന്ന് മേഖലയിലെ പ്രധാന പുഴകളായ ചാലിയാര്‍, പുന്നപ്പുഴ, കരിമ്പുഴ എന്നിവയില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നു.
ബുധനാഴ്ച രാത്രിയോടെ പുന്നപ്പുഴയുടെ മുപ്പിനി, മുട്ടിക്കടവ് കടവുകളിലുള്ള കോസ്വേകള്‍ക്ക് മുകളിലൂടെയും ചാലിയാറിന് കുറുകെയുള്ള പനങ്കയം പാലത്തിന് തൊട്ടുരുമ്മിയുമാണ് വെള്ളം ഒഴുകിയത്.
ചാലിയാറിലെ ജലനിരപ്പ് ഉയര്‍ന്നതോടെ മുണ്ടേരി ഉള്‍വനത്തിലെ ഇരുട്ടുകുത്തി, വാണിയംപുഴ, തരിപ്പപ്പൊട്ടി, കുമ്പളപ്പാറ ആദിവാസി കോളനികള്‍ തീര്‍ത്തും ഒറ്റപ്പെട്ട അവസ്ഥയിലാണ്. ചാലിയാര്‍ പുഴ കടക്കാന്‍ സഞ്ചാരമാര്ഗമില്ലാത്തതാണ് ഇവരെ ദുരിതത്തിലാക്കുന്നത്. അപകട സാധ്യത ഒഴിവാക്കുന്നതിനുള്ള മുന്‍കരുതല്‍ നടപടികള്‍ വിവിധ പഞ്ചായത്തുകള്‍ സ്വീകരിച്ചിട്ടുണ്ട്.
ദുരിതാശ്വാസ ക്യാമ്പുകളടക്കം തയാറായിട്ടുണ്ട്. 2019 ആഗസ്റ്റ് എട്ടിനാണ് മേഖലയില്‍ ഉരുള്‍പൊട്ടലടക്കമുള്ള വന്‍ ദുരന്തമുണ്ടായത്. 59 പേരുടെ ജീവന് നഷ്ടമായ കവളപ്പാറ ഉരുള്‍പൊട്ടലും പാതാറിലുണ്ടായ ഉരുള്‍പൊട്ടലും പ്രളയ ദുരന്തവും നടുക്കുന്ന ഓർമയായി ഇന്നും ജനങ്ങളുടെ മനസ്സിലുണ്ട്.
ചാലിയാറിലെ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ പോത്തുകല്‍ പഞ്ചായത്തില്‍ വാഹനത്തില്‍ ഉച്ചഭാഷിണിയിലൂടെ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വയനാട്, നീലഗിരി ജില്ലയിലെ ദേവാലയ, പന്തല്ലൂര്‍ ഭാഗങ്ങളിലും മഴ ശക്തിയായി പെയ്യുന്നതിനാല്‍ ചാലിയാറിെൻറയും മറ്റും പുഴയോരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.