കനത്ത മഴ: മുണ്ടേരി വനത്തിലെ ആദിവാസി കുടുംബങ്ങള്‍ ഒറ്റപ്പെട്ടു
text_fieldsഎടക്കര: കനത്ത മഴയെത്തുടര്‍ന്ന് ചാലിയാര്‍ പുഴയിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതോടെ മുണ്ടേരി ഉള്‍വനത്തിലെ നാല് ഗോത്രവര്‍ഗ കോളനികള്‍ ഒറ്റപ്പെട്ടു.
ആശുപത്രിയിൽ ഡിസ്ചാർജായി വന്ന യുവാവ് സമീപകോളനിയില് അഭയം തേടി. ഇരുട്ടുകുത്തി, വാണിയംപുഴ, തരിപ്പപ്പൊട്ടി, കുമ്പളപ്പാറ കോളനികളിലെ ആദിവാസികളാണ് ചാലിയാറില്‍ വെള്ളമുയര്‍ന്നതിനെത്തുടര്‍ന്ന് ഒറ്റപ്പെട്ടത്. ആദിവാസികളുടെ ഏക ആശ്രയമായ ചങ്ങാടം ബുധനാഴ്ച ഉച്ചവരെ മാത്രമേ പുഴയിലിറക്കാന്‍ കഴിഞ്ഞുള്ളൂ.
അതിന് ശേഷം ചങ്ങാടം പുഴയിലറക്കിയിട്ടില്ല. ഇതോടെയാണ് ആദിവാസികള്‍ ഒറ്റപ്പെട്ടത്. നെഞ്ചുവേദനയെത്തുര്ന്ന് നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുമ്പളപ്പാറ കോളനിയിലെ മോഹനനാണ് ആശുപത്രി വിട്ട് വീട്ടിലേക്ക് പോകാന്‍ ഇരുട്ടുകുത്തിയില്‍ എത്തിയെങ്കിലും ചങ്ങാടം ഇല്ലാത്തതിനാല്‍ ചാലിയാര്‍ കടക്കാന്‍ കഴിയാതെ ദുരിതത്തിലായത്. ഇയാളെ തണ്ടന്‍കല്ല് കോളനിയിലെ ബന്ധുവീട്ടിലാക്കി.
ബുധനാഴ്ച ചാലിയാറില്‍ ഒഴുക്ക് ശക്തമായതിനാല്‍ നിലമ്പൂര്‍ ജില്ല ആശുപത്രിയില്‍ നിന്ന് പ്രസവ ശേഷം തരിപ്പപ്പൊട്ടിയിലെ കോളനി വീട്ടിലേക്ക് പുറപ്പെട്ട ആദിവാസി യുവതിയും കൈക്കുഞ്ഞും മൂന്ന് മണിക്കൂറോളം ചാലിയാറിന്റെ കരയില്‍ തങ്ങേണ്ടിവന്നിരുന്നു.
തുടര്‍ന്ന് അഗ്നിശമന സേനാംഗങ്ങള്‍ എത്തിയാണ് സുരക്ഷിതമായി മറുകരയിലെത്തിച്ചത്. മഴ ശക്തമായതോടെ മുണ്ടേരി വനത്തില്‍ അധിവസിക്കുന്ന ആദിവാസികള്‍ കടുത്ത ദുരിതത്തിലായിരിക്കുകയാണ്. അവശ്യസാധനങ്ങളടക്കം വാങ്ങണമെങ്കില്‍ ഇവര്‍ക്ക് ചാലിയാര്‍ കടന്ന് മുണ്ടേരി അങ്ങാടിയിലെത്തണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.