എടക്കര ടൗണില്‍ റോഡിന് വീതി കൂട്ടാന്‍ തീരുമാനം
text_fieldsഎടക്കര: ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടുന്ന എടക്കര ടൗണില്‍ റോഡ് വീതികൂട്ടാന്‍ തീരുമാനം. കിഴക്കന്‍ മലയോരത്തെ പ്രധാന വാണിജ്യ കേന്ദ്രമായ എടക്കര ടൗണില്‍ റോഡിന് വീതി കുറവായതിനാല്‍ വാഹന ഗതാഗതം മണിക്കൂറുകള്‍ തടസ്സപ്പെടുന്നത് പതിവാണ്. തുടര്‍ന്ന് പി.വി. അന്‍വര്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ ഗ്രാമപഞ്ചായത്ത് ഭരണ സമിതി, വ്യാപാരികള്‍, കെട്ടിട ഉടമകള്‍, രാഷ്ട്രീയ കക്ഷികള്‍, പൊതുപ്രവര്‍ത്തകര്‍, പൊലീസ് എന്നിവര്‍ ചേര്‍ന്ന യോഗമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.
നിലമ്പൂരില്‍ ടൗണ്‍ വീതി കൂട്ടി പണിയുന്ന മാതൃകയിലാണ് എടക്കരയിലും റോഡ് വീതികൂട്ടല്‍ നടപ്പാക്കാന്‍ തീരുമാനം. ടൗണിലൂടെ കടന്നുപോകുന്ന അന്തര്‍ സംസ്ഥാന പാതയായ കെ.എന്‍.ജി റോഡിന് നിലവില്‍ പന്ത്രണ്ട് മീറ്ററാണ് വീതി. ഇത് ഇരു വശങ്ങളിലുമായി നാല് മീറ്റര്‍ വീതി കൂട്ടി നിര്‍മിക്കും. ഉടമകള്‍ കെട്ടിടങ്ങള്‍ പൊളിച്ച് മാറ്റിയാല്‍ ഉടന്‍ തന്നെ റോഡിന്റെ പണി തുടങ്ങും.
സ്ഥലം ഏറ്റെടുത്ത് കഴിഞ്ഞാല്‍ നാലുമാസത്തിനകം വികസന പ്രവൃത്തി പൂര്‍ത്തീകരിക്കും. സ്ഥലം ലഭ്യമായാല്‍ ടൗണിനെ ബന്ധിപ്പിക്കുന്ന ചെറിയ വഴികളും നന്നാക്കും. ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ പണിയും എന്നിവയാണ് എം.എല്‍.എയും പൊതുമരാമത്ത് അധികൃതരും യോഗത്തില്‍ ഉറപ്പ് നൽകിയത്.
ഇതിനായി കെട്ടിട ഉടമകളുടെ മാത്രം യോഗം വ്യാഴാഴ്ച ചേരും. യോഗത്തില്‍ ബ്ലോക്ക് പ്രസിഡന്റ് പി. പുഷ്പവല്ലി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.ടി. ജെയിംസ്, വൈസ് പ്രസിഡന്റ് കെ. ആയിശക്കുട്ടി, പൊതുമരാമത്ത് അസി. എന്‍ജിനീയര്‍ സി.ടി. മുഹ്സിന്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ടി. രവീന്ദ്രന്, ബാബു തോപ്പില്‍, നാസര്‍ കാങ്കട, സുധീഷ് ഉപ്പട, കെ. വിനയരാജ്, സി. അബ്ദുല്‍ മജീദ്, പി. മോഹനന്, സോമന് പാര്ളി, കബീര്‍ പനോളി, സന്തോഷ് കപ്രാട്ട്, കെ.പി. ജബ്ബാര്‍, സനല്‍ പാര്ളി, എം. വില്യംസ്, വ്യാപാരി പ്രതിനിധികളായ കെ. മുഹമ്മദ് റഫീഖ്, ടി.ടി. നാസര്‍, മുഹ്സിന്, ഇ. അഷ്റഫ്, കെട്ടിട ഉടമകളുടെ പ്രതിനിധി സജീവ് അത്തിക്കല്‍, പൊലീസ്, വ്യാപാരികള്‍ എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.