പോത്തുകല്ലിൽ വീണ്ടും മഞ്ഞപ്പിത്തം: ആശങ്ക
text_fieldsഎടക്കര: പോത്തുകല്ലില്‍ വീണ്ടും മഞ്ഞപ്പിത്തം പടരുന്നത് ആശങ്ക. നിയന്ത്രണവിധേയമായതിന് ശേഷവും കൂടുതൽ പേരിൽ രോഗം കണ്ടെത്തുകയും ഒരാളുടെ മരണത്തിന് കാരണമാകുകയും ചെയ്ത സാഹചര്യത്തിലാണ് രോഗപ്പകർച്ച ജനങ്ങളിൽ ഭീതി സൃഷ്ടിക്കുന്നത്. ശനിയാഴ്ച രാത്രി കോടാലിപ്പൊയിൽ സ്വദേശിയായ യുവാവാണ് ഏറ്റവുമൊടുവിൽ മരണത്തിന് കീഴടങ്ങിയത്. ഇതോടെ പോത്തുകൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് കീഴിൽ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായി.
ഒരാഴ്ചക്കുള്ളിൽ 25ഓളം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. ഇയാൾ കോഴിക്കോട്ടെ ആശുപത്രിയിൽ ചികിത്സയിലാണ്. രോഗികളുമായുള്ള സമ്പർക്കവും ജാഗ്രതക്കുറവുമാണ് രോഗവ്യാപനത്തിന് ഇടയാക്കിയതെന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്. രോഗപ്പകർച്ചയുടെ സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനം ശക്തമാക്കാനും കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തുന്നത് ചർച്ച ചെയ്യാനും ജില്ല മെഡിക്കൽ ഓഫിസറുടെ സാന്നിധ്യത്തിൽ തിങ്കളാഴ്ച ഉച്ചക്ക് പോത്തുകൽ ഗ്രാമപഞ്ചായത്ത് ഹാളിൽ യോഗം ചേരും. അതേസമയം, മഞ്ഞപ്പിത്ത രോഗവ്യാപനം തടയുന്നതിൽ ഗ്രാമപഞ്ചായത്ത് തികഞ്ഞ അനാസ്ഥയാണ് കാണിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.