മഞ്ഞപ്പിത്തം: പ്രതിരോധം ഊർജിതം, ഓടയിലേക്ക് മാലിന്യം തള്ളിയവർക്ക് പിഴ
text_fieldsഎടക്കര: പോത്തുകല്ലിൽ മഞ്ഞപ്പിത്തം പ്രതിരോധം ഊർജിതമാക്കി. ഓടയിലേക്ക് മലിന ജലം തള്ളിയ എട്ട് കടകൾക്ക് പിഴ ഈടാക്കി. പോത്തുകല്ല് ബസ് സ്റ്റാൻഡിലും ടൗണിലുമാണ് ഗ്രാമപഞ്ചായത്ത്, ആരോഗ്യ വകുപ്പ്, പൊലീസ് എന്നിവർ സംയുക്ത പരിശോധന നടത്തിയത്. ബുധനാഴ്ച രാവിലെ മുതൽ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് റോഡിന് വശങ്ങളിലെ ഓടകളുടെ സ്ലാബ് തുറന്ന് പരിശോധിച്ചു. ഒട്ടേറെ കടകൾ ഓടയിലേക്ക് മലിന ജലവും മാലിന്യവും ഒഴുക്കിയതായി കണ്ടെത്തി. ഇവർക്കെല്ലാം ആരോഗ്യ വകുപ്പും പഞ്ചായത്തും പിഴ ചുമത്തി. പരിശോധന വ്യാഴാഴ്ചയും തുടരും. പഞ്ചായത്തിൽ 110 പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതിനെ തുടർന്നാണ് നടപടി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിദ്യാരാജൻ, വൈസ് പ്രസിഡന്റ് ഷാജി ജോൺ, സെക്രട്ടറി ഷക്കീല, മറ്റു ജനപ്രതിനിധികൾ, ഹെൽത്ത് ഇൻസ്പെക്ടർ ജോസഫ് ഫ്രാൻസിസിന്റെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പ്, പോത്തുകല്ല് പൊലീസ് വിഭാഗങ്ങൾ പരിശോധനയിൽ പങ്കെടുത്തു.
പോത്തുകല്ലില്‍ രോഗികള്‍ക്ക് ആവശ്യമായ സേവനം ലഭിക്കുന്നില്ലെന്ന് ആക്ഷേപം
എടക്കര: മഞ്ഞപ്പിത്തം രൂക്ഷമായ പോത്തുകല്ലില്‍ രോഗികള്‍ക്ക് ആവശ്യമായ സേവനം ലഭിക്കുന്നില്ലെന്ന് ആക്ഷേപം. പോത്തുകല്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ബുധനാഴ്ച നാലിന് രോഗികളെ പുറത്തിറക്കി ആശുപത്രി അടക്കാന്‍ ശ്രമം നടന്നു. ഫ്ലൂയിഡ് കയറ്റിയത് തീരുന്നതിന് മുന്നേ ഇവ ഊരിമാറ്റി കുട്ടികളടക്കം രോഗികളെ ജീവനക്കാര്‍ പുറത്തിറക്കിയെന്നാണ് ആക്ഷേപം. രോഗികളുടെ കൂട്ടിരിപ്പുകാര്‍ ഇക്കാര്യം ചോദ്യം ചെയ്തു. ഈ സമയത്തും ഒ.പിയിലേക്ക് രോഗികള്‍ എത്തുന്നുണ്ടായിരുന്നു. വിവരമറിഞ്ഞ് ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ ആശുപത്രിയിലെത്തുകയും വൈകുന്നേരം അഞ്ച് വരെ ഡോക്ടര്‍ രോഗികളെ പരിശോധിക്കുകയും ചെയ്തു. നാല് ഡോക്ടര്‍മാരുടെ സേവനം ലഭിച്ചിരുന്ന പോത്തുകല്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ രണ്ടുപേരുടെ സേവനം മാത്രമാണ് ഇപ്പോള്‍ ലഭിക്കുന്നത്. ആഴ്ചയില്‍ മൂന്ന് ദിവസം മറ്റൊരു ഡോക്ടറുടെ സേവനവും ലഭിക്കുന്നുണ്ട്. എന്നാല്‍ മഞ്ഞപ്പിത്തം, ഡെങ്കിപ്പനി തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ നിയന്ത്രണാതീതമായി പടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ ഡോക്ടര്‍മാരെ നിയമിക്കാന്‍ അധികൃതര്‍ തയാറായിട്ടില്ല. ഒരുമാസം മുമ്പ് ഇവിടെയുണ്ടായിരുന്ന ഒരു ഡോക്ടര്‍ ട്രെയിനിങ്ങിന് പോകുകയും ചെയ്തിരുന്നു. മേഖലയിലെ കുടുംബാരോഗ്യ കേന്ദ്രങ്ങളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും സായാഹ്ന ഒ.പിയുണ്ടെങ്കിലും അഞ്ച് വരെ മാത്രമാണ് രോഗികൾക്ക് സേവനം ലഭിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.