എടമലക്കുന്നില് കാട്ടാനയിറങ്ങി; വ്യാപക നാശം
text_fieldsഎടക്കര: ചുങ്കത്തറ പഞ്ചായത്തിലെ എടമലക്കുന്നില് ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാനകള്‍ വ്യാപക നാശം വിതച്ചു. വ്യാഴാഴ്ച രാത്രിയാണ് നിറയെ വീടുകളുള്ള പ്രദേശത്ത് ആനകളെത്തിയത്. എടമലയിലെ തെക്കുംപ്ലാക്കല്‍ ചാക്കോ മാത്യു, ബാബു, തേക്കനാടി ടോമി എന്നിവരുടെ പ്ലാവുകളിലെ ചക്കകള്‍ ഭക്ഷിച്ചും നശിപ്പിച്ചുമാണ് ആനക്കൂട്ടം നിലയുറപ്പിച്ചത്. വാഴ, കമുക് എന്നിവ നശിപ്പിച്ച ശേഷം തോട്ടത്തിന്റെ ചുറ്റുമതിൽ മൂന്നിടങ്ങളിലും തകര്‍ത്തു. ഒരുമാസമായി വള്ളുവശേരി വനത്തില്‍ കണ്ടുവരുന്ന അഞ്ച് ആനകളാണിതെന്നാണ് നാട്ടുകാരുടെ സംശയം.
അമ്പലപ്പൊയില്‍ ഭഗത്തുനിന്നും ചാലിയാര്‍ കടന്നെത്തുന്ന ആനകള്‍ മുണ്ടപ്പാടം വഴി മുട്ടിക്കടവ് ജില്ല കൃഷിഫാമിന് പിറകിലൂടെയാണ് എടമലയിലെത്തിയത്. കഴിഞ്ഞ ദിവസം പള്ളിക്കുത്ത് മുപ്പാലിപ്പൊട്ടിയിലും പട്ടാപ്പകല്‍ രണ്ട് കാട്ടാനകള്‍ ഇറങ്ങി വ്യാപക കൃഷിനാശം വരുത്തിയിരുന്നു. കെ.എന്‍.ജി റോഡ് മുറിച്ചുകടന്നാണ് രണ്ട് കാട്ടാനകള്‍ മുപ്പാലിപ്പൊട്ടിയിലെത്തിയത്.
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണമൊരുക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. നാശനഷ്ടം നേരിട്ട പ്രദേശം ചുങ്കത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.പി. റീന, വൈസ് പ്രസിഡന്റ് നുസൈബ സുധീര്‍, മറ്റു ജനപ്രതിനിധികള്‍ എന്നിവര്‍ സന്ദര്‍ശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.