കവളപ്പാറ ഉരുള്‍പൊട്ടല്‍: കൃഷിഭൂമി നഷ്ടപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം ലഭ്യമായില്ല
text_fieldsഎടക്കര: കവളപ്പാറ മണ്ണിടിച്ചില്‍ ദുരന്തം നടന്ന് ഒരുവര്‍ഷം പിന്നിട്ടിട്ടും കൃഷിഭൂമി നഷ്ടപ്പെട്ട കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം ലഭിച്ചില്ല. 2019 ആഗസ്റ്റ് എട്ടിനാണ് കവളപ്പാറ മുത്തപ്പന്‍കുന്നില്‍ മണ്ണിടിച്ചിലുണ്ടായത്.
ദുരന്തത്തില്‍ 59 പേര് മരിക്കുകയും 40ഓളം വീടുകള്‍ മണ്ണിനടിയിലാകുകയും ചെയ്തു. മരിച്ചവരുടെ ബന്ധുക്കള്‍ക്കും വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്കും റവന്യൂ വകുപ്പ് നഷ്ടപരിഹാരത്തുക നല്‍കിക്കഴിഞ്ഞു. എന്നാല്‍, ഈ പ്രദേശത്ത് പതിനഞ്ചോളം കര്‍ഷകരുടെ കൃഷിഭൂമിയാണ് ഉരുള്‍പൊട്ടലില്‍ നഷ്ടമായത്.
ഇവര്‍ക്ക് ഒരുവിധ നഷ്ടപരിഹാരവും ലഭിച്ചിട്ടില്ല. ഉരുള്‍പൊട്ടലില്‍ നൂറ്റമ്പത് ഏക്കറോളം ഭൂമിയാണ് മുത്തപ്പന്‍കുന്നില്‍ ഇല്ലാതായത്. ചെറുനാലകത്ത് അബ്ദുല്‍ മജീദ്, മാങ്കുന്നന്‍ കുഞ്ഞുമോന്, മഠത്തില്‍ വാസു, പാങ്ങോട്ടില്‍ വിനു, പാങ്ങോട്ടില്‍ കുഞ്ഞാണ്ടി, മലപ്പുറം സ്വദേശി കുട്ട്യാലി തുടങ്ങി പതിനഞ്ചോളം കര്‍ഷകരുടെ തെങ്ങ്, കമുക്, റബര്‍ തോട്ടങ്ങള്‍ ഉരുള്‍പൊട്ടലില്‍ ഇല്ലാതായി. മൂന്നേക്കല് കൃഷിയിടം വരെ നഷ്ടപ്പെട്ടവര്‍ ഇക്കൂട്ടത്തിലുണ്ട്.
കൃഷിഭൂമി നഷ്ടപ്പെട്ട വിവരം കൃഷിഭവന് അധികൃതരെയും റവന്യൂ വകുപ്പിനെയും ചില കര്‍ഷകര്‍ അറിയിക്കുകയും ചെയ്തു. പോത്തുകല്‍ കൃഷി ഓഫിസറുടെ നേതൃത്വത്തില്‍ സ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് തയാറാക്കുകയും ചെയ്തിരുന്നു. എന്നാല്‍, നഷ്ടപരിഹാരം നല്‍കാനുള്ള നടപടികള്‍ ഇതുവരെയായില്ല.
ചെറുനാലകത്ത് അബ്ദുൽ മജീദ് മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, കൃഷിവകുപ്പ് മന്ത്രി, ജില്ല കലക്ടര്‍, നിലമ്പൂര്‍ എം.എല്‍.എ എന്നിവര്‍ക്ക് രേഖാമൂലം നിവേദനവും നല്‍കിയിരുന്നു.
എന്നാല്‍, ഇത് സംബന്ധിച്ച് ഒരു നടപടിയും ഉണ്ടായില്ല. ദുരന്തമുണ്ടായിടത്ത് ഭൂമിപോലും തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്. കൃഷിവകുപ്പാണ് നഷ്ടപരിഹാരം സംബന്ധിച്ച് നടപടികള്‍ സ്വീകരിക്കേണ്ടത്. നടപടികള്‍ വേഗത്തിലാക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.