ഉരുള്‍പൊട്ടൽ ഭീഷണി: പോത്തുകല്ലില്‍ ജിയോളജിക്കല്‍ സര്‍വേസംഘം പരിശോധിച്ചു
text_fieldsഎടക്കര: പോത്തുകല്‍, കുറുമ്പലങ്ങോട് വില്ലേജ് പരിധികളിലെ പ്രദേശങ്ങളില്‍ ജിയോളജി വകുപ്പ്, ഗ്രാമപഞ്ചായത്ത് അധികൃതര്‍ എന്നിവര്‍ പരിശോധന നടത്തി. 2019 ആഗസ്റ്റിലുണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ജനങ്ങള്‍ ഭീതിയോടെ കഴിഞ്ഞിരുന്ന പ്രദേശങ്ങളിലാണ് പുതുതായി ചുമതലയേറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വിദ്യ രാജന്, വൈസ് പ്രസിഡൻറ് ഷാജി ജോണ്‍ എന്നിവരുടെ നേതൃത്വത്തില്‍ അംഗങ്ങളും ജിയോളജി വിഭാഗം അധികൃതരും പരിശോധന നടത്തിയത്.
ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ജിയോളജി വകുപ്പ് ഉദ്യോഗസ്ഥര്‍ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ പരിശോധന നടത്തുകയും വാസയോഗ്യമല്ലാത്ത ഭാഗങ്ങളെ കുറിച്ച് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു. വാസയോഗ്യമല്ലെന്ന് കണ്ടത്തെിയ പ്രദേശങ്ങളിലെ കുടുംബങ്ങളുടെ പുനരധിവാസത്തിന് സര്‍ക്കാര്‍ 10 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തിരുന്നു.
എന്നാല്‍, അന്നത്തെ പരിശോധനാ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടാതിരുന്ന മേഖലയിലെ ജനങ്ങള്‍ തങ്ങളുടെ ആശങ്കകള്‍ അകറ്റണമെന്നുകാണിച്ച് കഴിഞ്ഞദിവസം കേരളപര്യടന വേളയില്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. ഇതേതുടര്‍ന്നാണ് കലക്ടറുടെ നിര്‍ദേശപ്രകാരം ജിയോളജിസംഘം സ്ഥലത്തത്തെി പരിശോധന നടത്തിയത്.
പോത്തുകല്‍ പഞ്ചായത്തില്‍ ഉള്‍പ്പെട്ട പോത്തുകല്‍, കുറുമ്പലങ്ങോട് വില്ലേജ് പരിധിയിലെ കവളപ്പാറ, കൂവക്കോല്‍, പനങ്കയം, അമ്പലക്കുന്ന്, പാതാര്‍ പ്രദേശങ്ങളില്‍ സംഘം സന്ദര്‍ശിച്ചു. ജിയോളജി സംഘാംഗങ്ങളായ സലീം, അരുണ്‍, ഗ്രാമപഞ്ചായത്തംഗങ്ങളായ മുസ്തഫ പാക്കട, എം.എ. തോമസ്, മോള്‍സി പ്രസാദ്, തങ്ക കൃഷ്ണന്, ഹരിദാസന്, മുന്‍ അംഗങ്ങളായ പി. രവീന്ദ്രന്, ബര്‍ത്തില ബേബി എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.