കുന്നിടിച്ചില്‍ ഭീഷണി; ആദിവാസികള്‍ സമരം പഞ്ചായത്ത് ഓഫിസിന് മുന്നിലേക്ക് മാറ്റി
text_fieldsഎടക്കര: റവന്യൂ, ഗ്രാമപഞ്ചായത്ത് അധികൃതരില്‍നിന്ന് കൃത്യമായ ഉറപ്പ് ലഭിച്ചില്ല. മുണ്ടേരി നാരങ്ങാപ്പൊയില്‍ പ്രകൃതിയിലെ ആദിവാസികള്‍ സമരം പഞ്ചായത്ത് ഓഫിസിന് മുന്നിലേക്ക് മാറ്റി. കുന്നിടിച്ചില്‍ നേരിടുന്ന തങ്ങളുടെ വീടുകള്‍ക്കും തങ്ങള്‍ക്കും സുരക്ഷയും സംരക്ഷണവും ഒരുക്കണമെന്ന് ആവശ്യപ്പെട്ടാണ് നാരങ്ങാപ്പൊയിലിലെ ആദിവാസികള്‍ ബുധനാഴ്ച യു.ഡി.എഫ് അംഗങ്ങളുടെ പിന്തുണയോടെ സമരം ആരംഭിച്ചത്.
കാലങ്ങളായി ഇവരുടെ വീടുകള്‍ക്ക് പിറകിലെ കുന്ന് ഇടിച്ചില്‍ ഭീഷണി നേരിടുന്നുണ്ട്. മഴക്കാലമായാല്‍ അടുത്തുള്ള ദുരിതാശ്വാസ ക്യാമ്പിലേക്ക് ഇവരെ മാറ്റുകയാണ് ചെയ്യുന്നത്. എന്നാല്‍, പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടാണ് സമരം.
വ്യാഴാഴ്ച വൈകീട്ട് മൂന്ന് മണിയോടെയാണ് 32 അംഗങ്ങള്‍ പഞ്ചായത്തിന് മുന്നില്‍ സമരവുമായി എത്തിയത്. നിലമ്പൂര്‍ തഹസില്‍ദാര്‍, വില്ലേജ് ഓഫിസര്‍, പോത്തുകല്‍ പൊലീസ് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ച ശേഷം സമരക്കാരുമായി ചര്‍ച്ച നടത്തി. എന്നാല്‍, കലക്ടര്‍ എത്തി ശാശ്വത പരിഹാരം കാണുംവരെ സമരം തുടരുമെന്ന് ആദിവാസികള്‍ അറിയിച്ചു. മൂന്നു കുടുംബങ്ങള്‍ക്ക് മണ്ണിടിച്ചില്‍ ഭീഷണിയുള്ളതിനാല്‍ വീടുകള്‍ക്ക് പിറകില്‍ ഭിത്തി നിര്‍മിക്കാന്‍ ഐ.ടി.ഡി.പി പഞ്ചായത്ത് അധികൃതര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്.
സംരക്ഷണ ഭിത്തി നിര്‍മിക്കുന്നതുവരെ മുണ്ടേരി ഗവ. ഹൈസ്കൂളിലേക്ക് താമസം മാറ്റാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍, മൂന്നുതവണ ഐ.ടി. ഡി.പി ഇവിടെ ഭിത്തി നിര്‍മിക്കാന്‍ പഞ്ചായത്തിന് നിര്‍ദേശം നല്‍കിയെങ്കിലും നടപ്പായില്ലെന്ന് ആദിവാസികള്‍ പറയുന്നു. ഇക്കാരണത്താലാണ് വിഷയത്തില്‍ കലക്ടര്‍ ഇടപെടണമെന്ന് ആദിവാസികള്‍ ആവശ്യപ്പെട്ടു. സമരക്കാര്‍ക്ക് ഐക്യദാര്‍ഢ്യവുമായി ഏഴ് യു.ഡി.എഫ് അംഗങ്ങളും ഇവര്‍ക്കൊപ്പമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.