ആവേശത്തോടെ ആനിരാജ
text_fieldsഎടക്കര: വയനാട് മണ്ഡലം നേരിടുന്ന ജനകീയ പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്ന് ആനിരാജ പറഞ്ഞു. എൽ.ഡി.എഫ് നിലമ്പൂർ നിയോജക മണ്ഡലം ശനിയാഴ്ച രാത്രി ഒമ്പതരക്ക് എടക്കരയിൽ നൽകിയ സ്വീകരണ സമാപനത്തിൽ സംസാരിക്കുകയായിരുന്നു അവർ. രാത്രിയാത്ര നിരോധനം, വന്യമൃഗശല്യം, നിലമ്പൂർ-നഞ്ചൻകോട് റെയിൽപാത ഉൾപ്പെടെ ദേശീയ തലത്തിൽ ഉയർന്ന് വരേണ്ട പ്രശ്നങ്ങളിൽ ഇടപെടും. കാട്ടാന ശല്യം രൂക്ഷമായ ആറളം പഞ്ചായത്തിൽനിന്നാണിപ്പോൾ വരുന്നതെന്നും ജനങ്ങൾ നേരിടുന്ന പ്രയാസം നേരിട്ടറിയുന്നയാളാണ് താനെന്നും അവർ പറഞ്ഞു.
വയനാട് വിദ്യാർഥിയുടെ മരണം ദൗർഭാഗ്യകരമാണ്. സംഭവത്തിൽ യാതൊരു അലംഭാവവും കാണിക്കാതെ കർശന നടപടി സർക്കാർ സ്വീകരിക്കും. കുടുംബത്തോടൊപ്പം നാം നിൽക്കണമെന്നും ആനിരാജ പറഞ്ഞു.
പി.വി. അൻവർ എം.എൽ.എ, സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം പി.കെ. സൈനബ, സി.പി.ഐ അസി. സെക്രട്ടറി പി.പി. സുനീർ, എൻ.സി.പി സംസ്ഥാന സെക്രട്ടറി ആലീസ് മാത്യു, ടി. രവീന്ദ്രൻ, ജോർജ് കെ. ആന്റണി, ഇ. പത്മാക്ഷൻ, പി.എം. ബഷീർ, സി. അബ്ദുൽ മജീദ് എന്നിവർ സംസാരിച്ചു.
വീറോടെ വണ്ടൂരിൽ
വണ്ടൂർ: ഇടതു പ്രവർത്തകർക്ക് ആവേശമായി എൽ.ഡി.എഫ് വയനാട് മണ്ഡലം ലോക്സഭ സ്ഥാനാർഥി ആനിരാജ മേഖലയിലെത്തി.
നേരത്തെ കളം പിടിക്കുകയെന്ന ലക്ഷ്യത്തോടെ തിരുവാലിയിൽ ആരംഭിച്ച് വണ്ടൂർ ചുറ്റി വടപുറത്ത് സമാപിച്ച റോഡ് ഷോയിലും പങ്കെടുത്തു. ദേശീയ നേതാവായ ആനിരാജ ആദ്യമായാണ് വണ്ടൂർ നിയോജക മണ്ഡലത്തിലെത്തുന്നത്. അരിക്കോട്ടുനിന്ന് സ്വീകരണങ്ങളേറ്റുവാങ്ങിയാണ് സ്ഥാനാർഥി തിരുവാലിയിലെത്തിയത്. സി.പി.എം ഏരിയ സെക്രട്ടറി ബി. മുഹമ്മദ് റസാഖ്, സി.പി.ഐ സംസ്ഥാന കമ്മറ്റിയംഗം കെ. പ്രഭാകരൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ ആനിരാജയെ സ്വീകരിച്ചു. തുടർന്ന് റോഡ് ഷോ വണ്ടൂർ, നടുവത്ത് ചുറ്റി വടപുറം വഴി നിലമ്പൂർ നിയോജക മണ്ഡലത്തിലേക്ക് പ്രവേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.