ലൈഫ് ഭവന ഗുണഭോക്തൃ സംഗമം: മൈക്കിനായി ഭരണ-പ്രതിപക്ഷ അംഗങ്ങളുടെ പിടിവലി
text_fieldsഎടക്കര: പ്രതിപക്ഷത്തെ അറിയിക്കാതെയും പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനമില്ലാതെയും ലൈഫ് പദ്ധതിയുടെ ഗുണഭോക്തൃ സംഗമം നടത്തുന്നതായി ആരോപിച്ച്, എടക്കരയില്‍ നടന്ന സംഗമം സി.പി.എം അംഗങ്ങള്‍ ബഹിഷ്കരിച്ചു. വേദിയില്‍ മൈക്കിനുവേണ്ടി പ്രസിഡന്റും സി.പി.എം അംഗവും തമ്മില്‍ നടന്ന പിടിവലിയെ തുടര്‍ന്ന് അല്പനേരം യോഗം അലങ്കോലപ്പെട്ടു. ലൈഫ് ഗുണഭോക്തൃ സംഗമത്തിന്റെ പ്രചാരണ ബോര്‍ഡുകളില്‍ മുഖ്യമന്ത്രി, എം.എല്‍.എ എന്നിവരുടെ പേരും ചിത്രവും ഉണ്ടായിരുന്നില്ലെന്നും ജില്ല പഞ്ചായത്ത് അംഗം ഷെറോണ റോയിയെ ക്ഷണിച്ചില്ലെന്നും പ്രതിപക്ഷം ആരോപിച്ചു.
ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായില്‍ മൂത്തേടം പരിപാടി ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കാന്‍ അവസരം വേണമെന്ന് സി.പി.എം അംഗം പി. മോഹനന് ആവശ്യപ്പെട്ടു. എന്നാല്‍ സൗജന്യ ഭൂമി, 50 ഭൂരഹിതര്‍ക്കുള്ള ഭൂമിയുടെ രേഖ കൈമാറ്റവും 164 ലൈഫ് ഭവനങ്ങള്‍ക്ക് നിര്‍മാണ പെര്‍മിറ്റും വിതരണം ചെയ്തശേഷം അവസരം നല്‍കാമെന്ന് യോഗാധ്യക്ഷനായ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.ടി. ജയിംസ് അറിയിച്ചെങ്കിലും മൈക്കിന് വേണ്ടി പ്രസിഡന്റ് ഒ.ടി. ജയിംസും പി. മോഹനനും തമ്മില്‍ പിടിവലിയിലേക്ക് നീങ്ങുകയായിരുന്നു.
ഒടുവില്‍ മോഹനന് സംസാരിക്കാന്‍ അവസരം നല്കി. തുടര്‍ന്ന് പ്രതിഷേധം അറിയിച്ച് പ്രതിപക്ഷ അംഗങ്ങള്‍ സംഗമം ബഹിഷ്കരിക്കുകയായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. പുഷ്പവല്ലി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ആയിശക്കുട്ടി, സ്ഥിരംസമിതി അധ്യക്ഷരായ ഫസിന് മുജീബ്, സിന്ധു പ്രകാശ്, കബീര്‍ പനോളി, അംഗങ്ങളായ എം.കെ. ധനഞ്ജയന്, എം. സുലൈഖ, വിവിധ കക്ഷി പ്രതിനിധികളായ ബാബു തോപ്പില്‍, നാസര്‍ കാങ്കട, സത്താര്‍ മാഞ്ചേരി, ടി.കെ. മുജീബ്, കെ. വിനയരാജ്, സി. അബ്ദുല്‍ മജീദ് എന്നിവര്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.