മലയോര പാത; വനഭൂമി വിട്ടുകിട്ടാന്‍ അപേക്ഷ നല്കി
text_fieldsഎടക്കര: മലയോര പാതയുടെ രണ്ടാമത്തെ റീച്ചായ പാലുണ്ട മുതല്‍ മുണ്ടേരി വരെ വനഭൂമി വിട്ടുകിട്ടാൻ പെതുമരാമത്ത് വകുപ്പ് പരിവേഷ് പോര്‍ട്ടലില്‍ അപേക്ഷ നല്കി. ഇതിന്റെ ഭാഗമായി അടുത്ത ദിവസം ജോയിന്റ് സർവേ സംഘം മുമ്പ് നടത്തിയ സർവേ പോയന്റുകള്‍ മാര്‍ക്ക് ചെയ്യും.
തുടര്‍ന്ന് റോഡിനായി വിട്ടുനല്‍കുന്ന നാല് മീറ്റര്‍ വനഭൂമിയില്‍നിന്ന് മുറിക്കേണ്ട മരങ്ങളുടെ എണ്ണം തിട്ടപ്പെടുത്തി വനം സി.സി.എഫിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. എട്ട് മീറ്റര്‍ വീതിയില്‍ നിലവില്‍ റോഡുണ്ടെന്നും നാല് മീറ്റര്‍ വനഭൂമി വിട്ടുകൊടുത്താല്‍ പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഉണ്ടാകില്ലെന്നും കാണിച്ച് വനം വകുപ്പ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചാല്‍ ഒരു മാസത്തിനകം വനഭൂമി വിട്ടുകിട്ടും. 0.34 ഹെക്ടര്‍ ഭൂമി മാത്രമാണ് മലയോര പാതയുടെ ചാത്തംമുണ്ട-മുണ്ടേരി റീച്ചില്‍ വനഭൂമി വിട്ടുനല്‍കേണ്ടത്. പതിനായിരം എം സ്ക്വയറില്‍ താഴെയായതിനാല്‍ സംസ്ഥാന സര്‍ക്കാറിന് തന്നെ ഭൂമി വിട്ടുനല്‍കാന്‍ കഴിയും. മുമ്പ് പൊതുമരാമത്ത് വകുപ്പ് നല്കിയ അപേക്ഷയില്‍ മലയോരപാത ജില്ലയിലൂടെ കടന്നുപോകുന്ന ഭാഗങ്ങളില്‍ വിട്ടുകിട്ടേണ്ട മുഴുവന്‍ ഭൂമിക്കുമായാണ് അപേക്ഷ നല്‍കിയത്.
മുണ്ടേരി മുതല്‍ വയനാട് ജില്ലയിലെ മേപ്പാടി വഴിയാണ് മലയോര പാതയുടെ അലൈന്മെന്റ് നിശ്ചയിച്ചിരുന്നത്. ഇതിന് 25 ഹെക്ടറോളം വനഭൂമി വിട്ടുകിട്ടേണ്ടതുണ്ട്. ഇത്രയും കൂടുതല്‍ വനഭൂമി വിട്ടുകിട്ടണമെങ്കില്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ആവശ്യമാണ്. ഇക്കാരണത്താലാണ് മലയോര പാതക്കായി വനഭൂമി വിട്ടുകിട്ടാന്‍ കാലതാമസമുണ്ടായത്. എന്നാലിപ്പോള്‍ ഓരോ റീച്ചിനും ആവശ്യമായ വനഭൂമിക്കായാണ് പൊതുമരാമത്ത് വകുപ്പ് അപേക്ഷ സമര്‍പ്പിച്ചത്.
മുണ്ടേരി ഫാം ഗേറ്റ് വരെയാണ് നിലവില്‍ പാത എത്തി നില്‍ക്കുന്നത്. എട്ട് മീറ്റര്‍ വീതിയുള്ള റോഡ് ചാത്തംമുണ്ട മുതല്‍ മുണ്ടേരി വരെ ഭാഗങ്ങളില്‍ പന്ത്രണ്ട് മീറ്റര്‍ വീതിയില്‍ നിര്‍മാണം നടത്തിക്കഴിഞ്ഞു. എന്നാല്‍ പോത്തുകല്‍ മുതല്‍ വനഭൂമി വിട്ടുകിട്ടാത്തതിനാല്‍ നിര്‍മാണം നടത്താനായില്ല. ഇതോടെ പ്രവൃത്തി നിര്‍ത്തി കാരാറുകാരായ ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി മടങ്ങിയിട്ട് മാസങ്ങളായി. വനഭൂമി വിട്ടുകിട്ടിയാല്‍ ഉടന്‍ പ്രവൃത്തി ആരംഭിക്കുമെന്ന് കരാറുകാര്‍ അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.