മുണ്ടേരി ഫാം ക്വാര്‍ട്ടേഴ്‌സുകൾ തകര്‍ച്ച ഭീഷണിയിൽ; ദുരിതംപേറി ആദിവാസികള്‍
text_fieldsഎടക്കര: 2019ലെ പ്രളയം നാശംവിതച്ച മുണ്ടേരി തണ്ടന്‍കല്ല് നഗറിലെ ഗോത്രവര്‍ഗ വിഭാഗക്കാരുടെ പുനരധിവാസം സാധ്യമായില്ല. തകര്‍ച്ചഭീഷണി നേരിടുന്ന ഫാമിന്റെ ക്വാര്‍ട്ടേഴ്‌സുകളില്‍ ആദിവാസികള്‍ നയിക്കുന്നത് ദുരിതജീവിതം. മുണ്ടേരി വിത്തുകൃഷിത്തോട്ടത്തിന് പിറകിലായിരുന്ന തണ്ടന്‍കല്ല് നഗര്‍ അഞ്ചുവര്‍ഷം മുമ്പത്തെ പ്രളയത്തിലാണ് വാസയോഗ്യമല്ലാതായത്. ഏറെക്കാലം മുണ്ടേരി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍ കഴിഞ്ഞ തണ്ടന്‍കല്ലിലെ 24 കുടുംബങ്ങളെ സര്‍ക്കാര്‍ ഇടപെട്ട് മുണ്ടേരി വിത്തുകൃഷിത്തോട്ടത്തിന്റെ ഒഴിഞ്ഞുകിടന്ന ക്വാര്‍ട്ടേഴ്‌സുകളിലേക്ക് മാറ്റി. ക്വാര്‍ട്ടേഴ്‌സുകള്‍ ചോര്‍ന്നൊലിച്ച് മെയിന്‍ സ്ലാബുകളില്‍നിന്ന് കോണ്‍ക്രീറ്റ് പാളികള്‍ അടര്‍ന്ന് വീണ് തകര്‍ച്ച ഭീഷണി നേരിടാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. കെട്ടിടങ്ങള്‍ക്ക് പിറകില്‍ നില്‍ക്കുന്ന വലിയ മണ്‍തിട്ടയും ഇവര്‍ക്ക് ഭീഷണിയാണ്. ഒാരോ മഴക്കാലമെത്തുമ്പോഴും പട്ടികവര്‍ഗ വികസന വകുപ്പ് നല്‍കുന്ന ടാര്‍പോളിന്‍ ഷീറ്റുകള്‍ കെട്ടിടങ്ങള്‍ക്ക് മുകളില്‍ വിരിച്ചാണ് ഇവര്‍ ചോര്‍ച്ചയെ പ്രതിരോധിക്കുന്നത്. മിക്കവയുടെയും ജനലുകളും വാതിലുകളും തകര്‍ന്നു. യാതൊരു സുരക്ഷയുമില്ലാതെയാണ് പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികളുമായി ഒരോ കുടുംബവും ഇവിടെ കഴിഞ്ഞുകൂടുന്നത്. പ്രളയത്തോടൊപ്പം രൂക്ഷമായ കാട്ടാന ശല്യവും കൂടിയായപ്പോഴാണ് ഇവര്‍ പഴയ വാസസ്ഥലം ഉപേക്ഷിച്ചത്. മുണ്ടേരി ഫാമിന്റെ അധീനതിയിലുള്ളതും എന്നാല്‍, നിലവില്‍ കൃഷിക്ക് ഉപയുക്തമാക്കാത്തതുമായ അണ്ടിക്കുന്ന് വനമേഖലയില്‍ തങ്ങള്‍ക്ക് പുനരധിവാസം സാധ്യമാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതായി മൂപ്പന്‍ കുമ്മാതന്‍ പറഞ്ഞു. എന്നാല്‍, സര്‍ക്കാര്‍തലത്തില്‍ ഒരു നടപടിയുമുണ്ടായില്ല. കഴിഞ്ഞദിവസം മുണ്ടക്കൈ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഇരുട്ടുകുത്തിയില്‍ സന്ദര്‍ശനം നടത്തിയ കൃഷി മന്ത്രി പി. പ്രസാദിന് പോത്തുകല്ല് പഞ്ചായത്ത് പ്രസിഡന്റ് ഇതുസംബന്ധിച്ച് നിവേദനം നല്‍കിയിരുന്നു. വിവിധ വകുപ്പുകളുമായി കൂടിയാലോചിച്ച് നടപടി സ്വീകരിക്കാമെന്നായിരുന്നു മന്ത്രിയുടെ മറുപടി. സര്‍ക്കാറിന്റെ കനിവിനായി കാത്തിരിക്കുന്ന ഇവരുടെ ദുരിതത്തിന് എന്ന് അറുതിയാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.